കോഹ്ലിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ നിരാശയാണ് വന്നത് ; ജഡേജ

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കനത്ത തോല്‍വിയാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ വഴങ്ങിയത്. മത്സരത്തിനു ശേഷം കോഹ്ലി പറഞ്ഞ വാക്കുകളെ വിമര്‍ശിക്കുകയാണ് മുന്‍ താരം അജയ് ജഡേജ. കോഹ്ലി പറഞ്ഞ വാക്കുകള്‍ ഇന്ത്യന്‍ മനോഭാവത്തെയാണ് സൂചിപ്പിച്ചതെന്ന് പരാമര്‍വുമായാണ് അജയ് ജഡേജ എത്തിയിരിക്കുന്നത്.

” പാകിസ്താനോട് തോറ്റ ശേഷം കോഹ്ലിയുടെ പ്രതികരണം ഞാൻ കേട്ടു. രണ്ടു വിക്കറ്റുകൾ നഷ്ടമായപ്പോൾ തന്നെ പാകിസ്താനെതിരായ കളിയിൽ ഇന്ത്യ പിന്നിലായി എന്നാണ് കോഹ്ലി പറഞ്ഞത്. അത് എന്നെ വല്ലാതെ നിരാശപ്പെടുത്തി ” അജയ് ജഡേജ പറഞ്ഞു.

” എന്നാല്‍, രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടാല്‍ പിന്നിലാവുമോ ഇന്ത്യന്‍ ടീം? വിരാട് കോഹ്‍ലിയെപ്പോലൊരു താരം ക്രീസില്‍ തുടരുമ്പോള്‍ കളി അവിടെ അവസാനിക്കുക അസാധ്യമാണ്. രണ്ട് പന്ത് പോലും നേരിടുന്നതിന് മുമ്പേ ഇന്ത്യ പിന്നോട്ട് പോയതായി ചിന്തിച്ചാല്‍ എങ്ങനെ ശരിയാവും. ഇന്ത്യ കളിയെ സമീപിച്ച വിധമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ” മുന്‍ താരം പറഞ്ഞു.

ഇന്ത്യയുടെ അടുത്ത മത്സരം ശക്തരായ ന്യൂസിലന്‍റിനെതിരെയാണ്. ആദ്യ മത്സരത്തില്‍ തോല്‍വി നേരിട്ടത്തോടെ ജീവന്‍ – മരണ പോരാട്ടങ്ങളാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്.