മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അവിസ്മരണീയ വിജയം തന്നെയായിരുന്നു ചെന്നൈ ടീം സ്വന്തമാക്കിയത്. മത്സരത്തിൽ നായകൻ ഋതുരാജിന്റെയും ശിവം ദുബയുടെയും അർധ സെഞ്ച്വറികളുടെ ബലത്തിലാണ് മുംബൈ ശക്തമായ ഒരു സ്കോറിലെത്തിയത്. ഇതിനൊപ്പം എടുത്തു പറയാനാവുന്ന ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ്.
മത്സരത്തിൽ ചെന്നൈ ഇന്നിങ്സിന്റെ അവസാന ഓവറിൽ ക്രീസിലെത്തിയ ധോണി, നേരിട്ട ആദ്യ 3 പന്തുകളിൽ തന്നെ സിക്സറുകൾ നേടി ആരാധകരെ അമ്പരപ്പിച്ചു. മത്സരത്തിൽ 4 പന്തുകളിൽ 20 റൺസാണ് ധോണി സ്വന്തമാക്കിയത്. ധോണിയുടെ ഈ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ വലിയ വ്യത്യാസമുണ്ടാക്കിയത് എന്ന് ചെന്നൈ നായകൻ ഋതുരാജ് പറയുകയുണ്ടായി.
ധോണിയുടെ ഇന്നിംഗ്സാണ് ഇരു ടീമുകൾക്കിടയിലും വലിയ വ്യത്യാസമുണ്ടാക്കിയത് എന്ന് ഋതുരാജ് പറയുന്നു. “ഞങ്ങളുടെ യുവ വിക്കറ്റ് കീപ്പർ അവസാന സമയത്ത് ക്രീസിലെത്തി 3 സിക്സറുകൾ സ്വന്തമാക്കുകയുണ്ടായി. ഇത് ഞങ്ങളെ വലിയ രീതിയിൽ സഹായിച്ചു. അതായിരുന്നു മത്സരത്തിലെ വലിയ വ്യത്യാസം. ഇത്തരം വേദികളിൽ കളിക്കുമ്പോൾ 10-15 റൺസ് അധികമായി സ്വന്തമാക്കേണ്ടത് ആവശ്യമാണ്. മധ്യ ഓവറുകളിൽ ബുമ്ര നന്നായി ബോൾ ചെയ്തു.”
”അതുകൊണ്ടു തന്നെ ഞങ്ങൾക്ക് അത്തരത്തിൽ റൺസ് സ്വന്തമാക്കാൻ സാധിച്ചില്ല. ബോളിങ്ങിലും മികവ് പുലർത്താൻ മത്സരത്തിൽ ഞങ്ങൾക്ക് സാധിച്ചു. ഞങ്ങളുടെ തന്ത്രങ്ങൾ ഫലപ്രദമായി നിറവേറ്റാനും കഴിഞ്ഞു. മുംബൈ കുറച്ചധികം റൺസ് സ്വന്തമാക്കിയെങ്കിലും അതെല്ലാം മികച്ച ഷോട്ടുകൾ കളിച്ചു തന്നെയായിരുന്നു.”- ഋതുരാജ് പറഞ്ഞു.
“പവർ പ്ലേ ഓവറുകളിൽ അവർ 60 റൺസ് സ്വന്തമാക്കിയാലും എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നില്ല. കാരണം ഇത്തരം വേദികളിൽ നമുക്ക് ബാറ്റിങ്ങിലും ബോളിങ്ങിലും കൃത്യമായി ആധിപത്യം സ്ഥാപിക്കാൻ സാധിക്കണം. മത്സരത്തിൽ ഞങ്ങളുടെ മലിംഗ വളരെ നന്നായി തന്നെ പന്തെറിഞ്ഞു. തന്റെ യോർക്കറുകൾ ഏറ്റവും ഫലപ്രദമായ രീതിയിൽ വിനിയോഗിക്കാൻ അവന് സാധിച്ചു. ഒപ്പം തുഷാർ ദേഷ്പാണ്ടെയുടെയും ശർദുൽ താക്കൂറിന്റെയും പ്രകടനങ്ങളും മറക്കാൻ സാധിക്കാത്തതാണ്.”- ഋതുരാജ് കൂട്ടിച്ചേർത്തു.
ടീമിന്റെ മുൻപോട്ടുള്ള തന്ത്രങ്ങളെപ്പറ്റിയും ഋതുരാജ് സംസാരിച്ചു. “കാര്യങ്ങൾ വളരെ ലളിതമായി കാണുക എന്നതാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്. എല്ലാവർക്കും ടീമിൽ കൃത്യമായി സ്ഥാനം നൽകിയാണ് മുൻപോട്ട് പോകുന്നത്. അത് ഇനിയും തുടരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നിലവിൽ രഹാനയ്ക്ക് അല്പം പരിക്കുണ്ട്. അതിനാലാണ് മത്സരത്തിൽ രഹാനെയെ ബാറ്റ് ചെയ്യാൻ ഓപ്പണിങ് ഇറക്കിയത്. എന്നെ സംബന്ധിച്ച് ടീമിൽ എവിടെ ബാറ്റ് ചെയ്താലും എനിക്കത് വലിയ കാര്യമല്ല. മാത്രമല്ല ഇത്തരം സാഹചര്യങ്ങളിൽ ഒരു ടീം നായകൻ എന്ന നിലയിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഞാൻ ബാധ്യസ്ഥനാണ് “- ഋതുരാജ് പറഞ്ഞു വെക്കുന്നു.