മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററും ലോകകപ്പ് ജേതാവുമായ എംഎസ് ധോണി വളരെ ശാന്തനായ വ്യക്തിയാണ്. വർഷങ്ങളായി ടീം ഇന്ത്യയെ നയിക്കുമ്പോൾ, മൈതാനത്ത് വികാരങ്ങള്‍ ഉള്ളിലൊതുക്കിയാണ് ധോണി കളിച്ചിരുന്നത്. കളിക്കളത്തിൽ മാത്രമല്ല, കളിക്കളത്തിന് പുറത്ത് ഒരു സംവാദത്തിലും ധോണി ഇടപെട്ട് ‘അനാവശ്യ’ ശ്രദ്ധ പിടിച്ചുപറ്റാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോഴിതാ മഹേന്ദ്ര സിങ്ങ് ധോണിയുടെ ഒരു ലൈവ് വീഡിയോയിലെ ഒരു രംഗം വൈറലാവുകയാണ്.
നിലവിലെ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്തിന്റെ ഇൻസ്റ്റാഗ്രാം ലൈവ് വീഡിയോയിൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഒരു ഉദാഹരണം അടുത്തിടെ കണ്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ഒരു വീഡിയോയിൽ, ധോണി തന്റെ നേരെ ക്യാമറ പാൻ ചെയ്യുമ്പോൾ കൈകൊണ്ട് മുഖം മറയ്ക്കുന്നതാണ് കാണുന്നത്.
ചൊവ്വാഴ്ച ഋഷഭ് പന്തിന്റെ ഇൻസ്റ്റാഗ്രാം ലൈവിൽ അതിഥി വേഷത്തിൽ എത്തിയ എംഎസ് ധോണി ട്വിറ്ററിലെ ട്രെൻഡിംഗ് വിഷയമായി. ധോണി പ്രത്യക്ഷപ്പെടുമ്പോൾ പന്ത് തന്റെ ഇന്ത്യൻ ടീമംഗങ്ങൾക്കൊപ്പം ലൈവ് ചെയ്യുകയായിരുന്നു.
റിഷഭ് പന്ത് ധോണിയെ ഇൻസ്റ്റാ ലൈവിലേക്ക് കൊണ്ടുവന്നു, കൂടെ രോഹിത് ശർമ്മയും സൂര്യ കുമാർ യാദവും ഉണ്ടായിരുന്നു. ധോണി കൈ ഉയര്‍ത്തി എല്ലാവര്‍ക്കും ഹലോ എന്ന് പറഞ്ഞു.”എങ്ങനെയുണ്ട് മഹി ഭായി ? ലൈവില്‍ ഒന്നു തുടരു….,” റിഷഭ് പന്ത് ചോദിച്ചു. ഇത് പറഞ്ഞതും മഹേന്ദ്ര സിങ്ങ് ധോണി ക്യാമറ കൈകൊണ്ട് മറച്ച് ലൈവ് അവസാനിപ്പിക്കുകയായിരുന്നു.