സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ഒരു ഉഗ്രൻ വിജയം തന്നെയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സിനെ കേവലം 134 റൺസിന് പിടിച്ചതുക്കാൻ ചെന്നൈക്ക് സാധിച്ചിരുന്നു. മറുപടി ബാറ്റിംഗിൽ ഓപ്പൺമാരായ ഡെവൻ കോൺവെയും ഋതുരാജും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ചെന്നൈ 7 വിക്കറ്റുകൾക്ക് വിജയം നേടുകയായിരുന്നു. മത്സരത്തിൽ കോണ്‍വേ 77 റൺസാണ് നേടിയത്. മത്സരത്തിൽ എയ്ഡൻ മാക്രത്തിനെ പുറത്താക്കാൻ മഹേന്ദ്ര സിംഗ് ധോണി ഒരു കിടിലൻ ക്യാച്ച് സ്വന്തമാക്കിയിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇന്നിംഗ്സിലെ പതിമൂന്നാം ഓവറിലാണ് സംഭവം നടന്നത്.
മഹേഷ് തീക്ഷണമായിരുന്നു ഓവർ എറിഞ്ഞത്. തീക്ഷണയുടെ ക്യാരംബോൾ ഓഫ്സൈഡിലേക്ക് അടിക്കാന്‍ എയ്ഡൻ മാക്രം ശ്രമിച്ചു. എന്നാൽ ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് ധോണിയുടെ കൈകളിൽ എത്തുകയായിരുന്നു. ഈ ക്യാച്ചിന് മികച്ച ക്യാച്ചിനുള്ള അവാർഡ് നൽകാത്തതിൽ നിരാശയുണ്ടെന്ന് ധോണി തമാശരൂപേണ പ്രസന്റേഷൻ സമയത്ത് പറയുകയുണ്ടായി.
മത്സരത്തിൽ ഹാരി ബ്രുക്കിനെ പുറത്താക്കാൻ പവർപ്ലെയിൽ ഋതുരാജ് എടുത്ത ക്യാച്ചിനാണ് ബെസ്റ്റ് ക്യാച്ച് ഓഫ് ദി മാച്ച് അവാർഡ് കിട്ടിയത്. ബാക്വാർഡ് പോയിന്റിൽ നിന്ന് ഡൈവ് ചെയ്താണ് ഋതുരാജ് ഈ ക്യാച്ച് സ്വന്തമാക്കിയത്. ശേഷമാണ് ധോണിയുടെ തമാശ രൂപേണയുള്ള ഈ പ്രസ്താവന. കഴിഞ്ഞ സമയങ്ങളിൽ ധോണിക്ക് വിക്കറ്റ് കീപ്പിങ്ങിൽ വലിയ രീതിയിൽ മെച്ചമുണ്ടാക്കാൻ സാധിച്ചതിനെ പറ്റി ഹർഷ ഭോഗ്ലെ ചോദിച്ചപ്പോഴാണ് ഈ രസകരമായ മറുപടി ധോണിയിൽ നിന്നുണ്ടായത്.
“ഇപ്പോഴും അവർ എനിക്ക് ബെസ്റ്റ് ക്യാച്ചിനുള്ള അവാർഡ് തന്നില്ല. ആ ക്യാച്ച് എടുക്കുന്ന സമയത്ത് ഞാൻ തെറ്റായ പൊസിഷനിലായിരുന്നു. എനിക്ക് തോന്നുന്നു അതൊരു അവിസ്മരണീയ ക്യാച്ചായിരുന്നു എന്ന്. കുറച്ചധികം നാളുകൾക്ക് മുൻപ് രാഹുൽ ദ്രാവിഡ് കീപ്പറായിരുന്ന സമയത്ത് ഇത്തരം ഒരു തകർപ്പൻ ക്യാച്ച് സ്വന്തമാക്കിയതായി ഞാൻ ഓർക്കുന്നു. നമ്മൾ അത്തരത്തിൽ മോശം പൊസിഷനിലാണ് നിൽക്കുന്നതെങ്കിൽ ഇത്തരം ക്യാച്ചുകൾ സ്വന്തമാക്കുക എന്നത് അനായാസമല്ല. നമ്മൾ ഇത് വളരെ അഡ്ജസ്റ്റ് ചെയ്ത് തന്നെ കൈപ്പിടിയിൽ ഒതുക്കേണ്ടതുണ്ട്.”- ധോണി ഒരു ചെറു ചിരിയോടെ പറയുകയുണ്ടായി.
മത്സരത്തിൽ തകർപ്പൻ പ്രകടനമായിരുന്നു ധോണി വിക്കറ്റിന് പിന്നീൽ കാഴ്ചവച്ചത്. മത്സരത്തിൽ ഒരു ക്യാച്ചും ഒരു സ്റ്റാമ്പിങ്ങും ഒരു റണ്ണൗട്ടും ധോണി നടത്തുകയുണ്ടായി. മാത്രമല്ല മൈതാനത്ത് തന്റെ ബോളർമാരെ വ്യക്തമായ രീതിയിൽ റൊട്ടേറ്റ് ചെയ്യാനും ധോണിക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെയും ഫലമാണ് മത്സരത്തിൽ ചെന്നൈയ്ക്ക് ലഭിച്ച വിജയം. ടൂർണമെന്റിലെ നാലാം വിജയമാണ് ചെന്നൈ മത്സരത്തിൽ സ്വന്തമാക്കിയത്. ഇതോടെ പോയിന്റ്സ് ടേബിൾ ചെന്നൈ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.