ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ വളരെ അധികം മാറ്റങ്ങൾക്ക് തയ്യാറെടുക്കുക ആണ്. വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രേമികൾ വളരെ ആകാംക്ഷയോടെ നോക്കി കാണുമ്പോൾ ഇത്തവണ മറ്റൊരു ഐസിസി കിരീടമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഇന്ത്യൻ ടി :20 ടീമിന്റെ നായകസ്ഥാനം വിരാട് കോഹ്ലി ഒഴിയുമെന്ന് ഇതിനകം അറിയച്ചു കഴിഞ്ഞു. കൂടാതെ ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് റോളിൽ നിന്നും രവി ശാസ്ത്രി ഒഴിയുമെന്നത് ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് കേട്ടത്. നിലവിൽ മറ്റൊരു പരിശീലകനായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ചർച്ചകൾ ആരംഭിച്ചുവെങ്കിൽ പോലും ആരാകും പരിശീലക കുപ്പായം അണിയുക എന്നതും നിർണായകമായ ചർച്ചയായി മാറി കഴിഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ചീഫ് സെലക്ടർ പ്രസാദ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വരുന്നത് സമൂലമായ മാറ്റങ്ങളാണെന്നും പറഞ്ഞ എം. എസ്. പ്രസാദ് ഇന്ത്യൻ ടീം ഹെഡ് കോച്ചായി എത്തുക മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡായിരിക്കുമെന്നും പ്രത്യാശിച്ചു. കൂടാതെ മെന്റർ റോളിൽ ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ധോണി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ടി :20 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനൊപ്പമാണ് മെന്റർ റോളിൽ ധോണി ആദ്യമായി എത്തുന്നത്. മൂന്ന് ഐസിസി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ധോണിയുടെ വരവ് ഇന്ത്യൻ ടീമിനെ മറ്റൊരു കിരീടത്തിലേക്ക് നയിക്കും എന്നാണ് ഇന്ത്യൻ ആരാധകർ വിശ്വസിക്കുന്നത്.
“ഞാൻ ഇക്കാര്യത്തിൽ അഭിപ്രായം പല തവണ എന്റെ സഹപ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്.ഇന്ത്യൻ ടീം പരിശീലകനായി ദ്രാവിഡ് എത്തണം. പല യുവ താരങ്ങളെയും അണ്ടർ 19 ടീമിലെ സമയം മുതൽ വളർത്തികൊണ്ടുവന്ന ഒരു പരിശീലകനാണ് ദ്രാവിഡ്. കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇനിയും വളരെ അധികം മുൻപോട്ട് നയിക്കാനുള്ള മികവ് ദ്രാവിഡിനുണ്ട്. വളരെ ശാന്തനായിട്ടുള്ള രാഹുൽ ദ്രാവിഡിനും ഒപ്പം മികവോടെ പ്രവർത്തിക്കാൻ ധോണിക്ക് കഴിയും. അതിനാൽ തന്നെ ധോണി മെന്റർ റോൾ തുടർന്നും നിർവഹിക്കണം.”മുൻ ചീഫ് സെലക്ടർ നിലപാട് വ്യക്തമാക്കി