2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ശ്രദ്ധേയനായ ക്രിക്കറ്ററാണ് ചെന്നൈ താരം ശിവം ദുബെ. ഇപ്പോൾ ദിയോധർ ട്രോഫിയിൽ വെസ്റ്റ് സോൺ ടീമിനായി തകർത്താടുകയാണ് ദുബൈ. നോർത്ത് സോൺ ടീമിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ഇന്നിംഗ്സാണ് ദുബെ കാഴ്ചവെച്ചത്. മത്സരത്തിൽ ബാറ്റിംഗിന് ദുർഘടമായ പിച്ചിൽ 78 പന്തുകളിൽ 83 റൺസാണ് വെസ്റ്റ് സോണിനായി ദുബെ നേടിയത്. ദുബെയുടെ ഇന്നിങ്സിന്റെ ബലത്തിൽ വെസ്റ്റ് സോൺ വിജയം നേടുകയും ചെയ്തു. തന്റെ ഈ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾക്ക് കാരണം മഹേന്ദ്ര സിംഗ് ധോണിയിൽ നിന്നും ലഭിച്ച ഉപദേശങ്ങളാണ് എന്നാണ് ശിവം ദുബെ ഇപ്പോൾ പറയുന്നത്..
താൻ തന്റെ മത്സരത്തിൽ ഒരുപാട് മുൻപിലേക്ക് പോയി എന്ന് കരുതുന്നുവെന്നും ദുബെ പറയുകയുണ്ടായി. “എനിക്ക് എല്ലാ കാര്യങ്ങളും തുറന്നു പറയാൻ പറ്റില്ല. ഞാൻ എന്റെ മത്സരത്തിൽ ഒരുപാട് മുന്നിലേക്ക് പോയി. എങ്ങനെയാണ് മത്സരം ഫിനിഷ് ചെയ്യേണ്ടത് എന്ന് ഇപ്പോൾ എനിക്കറിയാം. ഏതുതരം ബോളറെ, ഏതു സാഹചര്യത്തിൽ, എങ്ങനെ നേരിടണം എന്ന കാര്യം ഞാൻ പഠിച്ചു കഴിഞ്ഞു. ഇക്കാര്യങ്ങളൊക്കെയും എന്നെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണ്. എന്നിരുന്നാലും എല്ലാ കാര്യങ്ങളും എനിക്ക് പ്രകടിപ്പിക്കാൻ സാധിക്കില്ല. ഞാൻ ഒരു കാര്യം ഉറപ്പിച്ചു പറയുകയാണ്. എനിക്ക് തീർച്ചയായും കുറച്ച് വലിയ ടിപ്സ് ലഭിച്ചിട്ടുണ്ട്.”- ദുബെ പറഞ്ഞു.
മഹേന്ദ്ര സിംഗ് ധോണിയിൽ നിന്നും തനിക്ക് ലഭിച്ച ഉപദേശങ്ങളെ പറ്റിയാണ് ദുബെ പറഞ്ഞത്.” ധോണി എനിക്ക് നൽകിയ ഉപദേശം ഇതായിരുന്നു. ഏറ്റവും അവസാനം വരെ കളിക്കാൻ ശ്രമിക്കുക. മത്സരം അത്തരത്തിൽ ഫിനിഷ് ചെയ്യാൻ ശ്രമിക്കുക. നമ്മുടെ ബാറ്റിംഗ് കൊണ്ട് മാത്രം നമുക്ക് ഒരുപാട് മത്സരങ്ങൾ വിജയിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ആ കഴിവിൽ നമ്മൾ വിശ്വസിക്കണം.”- ധോണിയുടെ ഉപദേശങ്ങളെ പറ്റി ദുബെ പറയുന്നു. ദുബെയുടെ ക്രിക്കറ്റ് കരിയറിൽ ഈ വാക്കുകൾ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. സമ്മർദ്ദ സാഹചര്യങ്ങളിൽ വളരെ മികച്ച രീതിയിൽ കളിക്കാൻ ദുബേയ്ക്ക് സാധിക്കുന്നുണ്ട്. മാത്രമല്ല 2023ലെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കാനും ഈ ഇടംകയ്യൻ ബാറ്റർക്ക് സാധിച്ചു.
“എന്നെ സംബന്ധിച്ച് മത്സരം ബാറ്റ് കൊണ്ടും ബോളുകൊണ്ടും നന്നായി ഫിനിഷ് ചെയ്യുക എന്നതാണ് പ്രധാനം. ഏതു സാഹചര്യത്തിൽ എങ്ങനെയാണ് എന്റെ ടീമിന് ആവശ്യമായ രീതിയിൽ മത്സരം അവസാനിപ്പിക്കാൻ സാധിക്കുക എന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്. അത് എന്നെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ശാരീരികമായും മാനസികപരമായും മത്സരങ്ങളോട് കിടപിടിക്കാൻ എനിക്ക് സാധിക്കുന്നുണ്ട്.”- ശിവം ദുബെ കൂട്ടിച്ചേർക്കുകയുണ്ടായി.