സഞ്ജുവിനെ വീണ്ടും പിന്നിൽ നിന്ന് കുത്തി ബിസിസിഐ.. അർഹതപെട്ട സ്ഥാനം നൽകാതെ ചതിക്കുന്നു.

ഇന്ത്യയുടെ അയർലണ്ടിനെതിരായ മൂന്ന് ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുകയുണ്ടായി. ആഗസ്റ്റ് 18ന് ആരംഭിക്കുന്ന പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് ജസ്പ്രീത് ബൂമ്രയാണ്. പരിക്കിന്റെ പിടിയിൽ നിന്ന് തിരിച്ച് ടീമിലേക്കെത്തുന്ന ബൂമ്ര ഇന്ത്യയുടെ നായകനാവുമ്പോൾ, ഉപനായകനായി കളിക്കുന്നത് യുവതാരം ഋതുരാജ് ആണ്. ഇത് ആരാധകരെ തീർത്തും നിരാശപ്പെടുത്തുന്ന ഒരു കാര്യമായി മാറി.

നായകനായി ഇത്രയധികം അനുഭവസമ്പത്തുള്ള മലയാളി താരം സഞ്ജു സാംസനെ മാറ്റിനിർത്തിയാണ് ഋതുരാജിനെ ഇന്ത്യ പരമ്പരയിൽ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത്. ട്വന്റി20യിൽ എന്തുകൊണ്ടും ഋതുരാജിനെക്കാൾ അനുഭവസമ്പത്ത് സഞ്ജു സാംസനുണ്ട്. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകനായി ഒരുപാട് മത്സരങ്ങൾ സഞ്ജു കളിച്ചിട്ടുണ്ട്. ഈ കാര്യങ്ങളൊക്കെയും മുൻപിലുണ്ടായിട്ടും എന്തുകൊണ്ടാണ് ഋതുരാജിനെ ഇന്ത്യ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത് എന്നത് സംശയം ഉണ്ടാക്കുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2022ലെ സീസണിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിലെത്തിക്കാൻ സഞ്ജു സാംസണ് കഴിഞ്ഞിരുന്നു. 2023ൽ ടീമിനെ പ്ലേയൊഫിലെത്തിക്കാൻ സാധിച്ചില്ലെങ്കിലും മികച്ച പ്രകടനം തന്നെയായിരുന്നു സഞ്ജു കാഴ്ചവെച്ചത്. എന്നാൽ മറുവശത്ത് ഋതുരാജ് ഇതുവരെ നായകപദവി അലങ്കരിച്ചിട്ടില്ല.

ധോണി നായകനായ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലെ പ്രധാന അംഗമായിരുന്നു ഋതുരാജ്. അതുകൊണ്ടുതന്നെ ധോണിക്ക് ശേഷം ചെന്നൈ ഭാവി ക്യാപ്റ്റനായി കാണുന്നതും ഋതുരാജിനെയാണ്. എന്നാൽ ഇപ്പോൾ ഇന്ത്യയെ ഏഷ്യൻ ഗെയിംസിൽ നയിക്കാനുള്ള അവസരം ഋതുരാജിന് കൈവന്നിരിക്കുകയാണ്. ഇതുകൊണ്ട് കൂടിയാവണം അയർലണ്ടിനെതിരായ പരമ്പരയിൽ ഋതുവിനെ വൈസ് ക്യാപ്റ്റനായി ഇന്ത്യ നിശ്ചയിച്ചതും.

എന്നിരുന്നാലും സഞ്ജു സാംസനെ പോലെ കഴിവു തെളിയിച്ച ക്യാപ്റ്റനുണ്ടായിട്ടും ഋതുരാജിനെ ഇന്ത്യ ഉപനായകനാക്കിയത് പലർക്കും സംശയമുണ്ടാക്കുന്നു. സഞ്ജുവിന് അവസരങ്ങൾ നൽകാതിരിക്കാനുള്ള ഇന്ത്യയുടെ പുതിയ തന്ത്രമാണോ ഇത് എന്നും ആരാധകർ ചോദിക്കുകയുണ്ടായി. ഇനിയും സഞ്ജുവിന് സ്ഥാനങ്ങൾ നൽകിയാൽ അവൻ വളർന്നുവരുമോ എന്ന ഭയമാണോ മാനേജ്മെന്റിന് എന്നാണ് ചില ആരാധകർ ചോദിച്ചിരിക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ നായകൻ എന്ന നിലയിൽ മികച്ച റെക്കോർഡുകളാണ് സഞ്ജു സാംസനുള്ളത്. ഇതുവരെ ഐപിഎല്ലിൽ 45 മത്സരങ്ങളിൽ സഞ്ജു നായകനായി കളിച്ചു. 1034 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. മാത്രമല്ല ടീമിനെ 22 മത്സരങ്ങളിൽ ക്യാപ്റ്റൻ എന്ന നിലയിൽ വിജയിപ്പിക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.

മറുവശത്ത് ഋതുരാജ് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തെങ്കിലും ഇന്ത്യൻ ടീമിൽ ഇതുവരെ മികവുപുലർത്താൻ സാധിച്ചിട്ടില്ല. ഇന്ത്യയുടെ ജേഴ്സിയിൽ 9 ട്വന്റി20 മത്സരങ്ങൾ ഋതുരാജ് കളിച്ചിട്ടുണ്ട്. ഇതിൽ നിന്നായി 135 റൺസാണ് ഋതുരാജിന്റെ സംഭാവന. ഈ കണക്കുകളൊക്കെയും പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത് സഞ്ജു സാംസനെ ഇന്ത്യയെ തഴയുന്നു എന്നത് തന്നെയാണ്.