2023 ഏകദിന ലോകകപ്പിലെ തുടർച്ചയായ ഒമ്പതാം വിജയവും സ്വന്തമാക്കിയാണ് ഇന്ത്യ സെമിഫൈനലിലേക്ക് കടക്കുന്നത്. അവസാന മത്സരത്തിൽ നെതർലൻഡ്സിനെതിരെ 160 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യയ്ക്കായി ശ്രേയസ് അയ്യരും കെഎൽ രാഹുലും തകർപ്പൻ സെഞ്ചുറികൾ സ്വന്തമാക്കുകയുണ്ടായി. ഒപ്പം ബോളർമാരൊക്കെയും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യ അനായാസം വിജയം നേടുകയായിരുന്നു.
ടൂർണ്ണമെന്റിലെ ഇതുവരെയുള്ള ഇന്ത്യയുടെ പ്രയാണത്തെപ്പറ്റി മത്സരശേഷം രോഹിത് ശർമ സംസാരിക്കുകയുണ്ടായി. പ്രതീക്ഷകളുടെ ഭാരത്തെപ്പറ്റി അധികം ചിന്തിക്കാതെ, തങ്ങൾ ഓരോ മത്സരവും നിർണായകമായി കണ്ട് കളിക്കുകയാണ് എന്നാണ് രോഹിത് ശർമ പറഞ്ഞത്.
“ഈ ടൂർണമെന്റ് ആരംഭിച്ചത് മുതൽ ഞങ്ങൾ എല്ലായിപ്പോഴും ഒരു സമയത്ത് ഒരു മത്സരത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. മുൻപിലേക്കുള്ള കാര്യങ്ങൾ ഞങ്ങൾ ചിന്തിക്കാറില്ല. കാരണം ഇതൊരു ദൈർഘമേറിയ ടൂർണമെന്റാണ്. അതിനാൽ തന്നെ മുൻപിലുള്ള ഒരു മത്സരത്തിൽ മാത്രം ശ്രദ്ധ ചെലുത്തുന്നതാണ് ഉത്തമം. ടൂർണമെന്റിലുടനീളം വ്യത്യസ്ത വേദികളിൽ ഞങ്ങൾ കളിച്ചു. എല്ലാ മൈതാനങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചു.
ഈ 9 മത്സരങ്ങളിൽ ഞങ്ങൾ കളിച്ച രീതി ഒരുപാട് സന്തോഷം നൽകുന്നതാണ്. ഒന്നാം മത്സരം മുതൽ ഇവിടം വരെ വളരെ നിർണായകമായ പ്രകടനങ്ങളാണ് പുറത്തെടുക്കാൻ സാധിച്ചത്. വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത താരങ്ങൾ മുൻപിലേക്ക് വന്ന് ചുമതലകൾ ഏറ്റെടുത്തതിനാലാണ് അത്തരം വിജയങ്ങൾ സാധ്യമായത്. ഒരു ടീമെന്ന നിലയിൽ അത് ശുഭ സൂചനയാണ് നൽകുന്നത്.”- രോഹിത് പറഞ്ഞു.
“ഇന്ത്യയിലെ സാഹചര്യങ്ങൾ ഞങ്ങൾക്കറിയാം. എന്നാൽ ഓരോ തവണയും വ്യത്യസ്തമായ എതിരാളികൾക്കെതിരെ കളിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ അത് നന്നായി കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു. ആദ്യ നാലു മത്സരങ്ങളിൽ ഞങ്ങൾ ചെയ്സ് ചെയ്തായിരുന്നു വിജയിച്ചത്. അതിനുശേഷം ഞങ്ങൾ ആദ്യം ബാറ്റ് ചെയ്യാൻ തുടങ്ങി. ആ മത്സരങ്ങളിലൊക്കെയും സീമർമാരും സ്പിന്നർമാരും മികവാർന്ന പ്രകടനം ഞങ്ങൾക്കായി പുറത്തെടുത്തു. ഡ്രസിങ് റൂം എപ്പോഴും പോസിറ്റീവായി മാറ്റുന്നതിൽ റിസൾട്ടിന് വലിയ പ്രാധാന്യമുണ്ട്. അതും ഞാൻ മനസ്സിലാക്കുന്നു.”- രോഹിത് കൂട്ടിച്ചേർത്തു.
“ഒരുപാട് പ്രതീക്ഷകളോടെയാണ് ഞങ്ങൾ ലോകകപ്പിലേക്ക് എത്തിയത്. അതൊക്കെയും ഒരു വശത്തേക്ക് മാറ്റിവെച്ച് ഞങ്ങളുടെ ജോലിയിൽ മാത്രമാണ് ഞങ്ങൾ ഇപ്പോൾ ശ്രദ്ധിക്കുന്നത്. ഞങ്ങൾക്ക് മൈതാനത്ത് നല്ല മത്സരങ്ങൾ കാഴ്ചവയ്ക്കണം. അതിനൊപ്പം എല്ലാത്തരം പ്രകടനങ്ങളും ആസ്വദിക്കണം.
ഈ മത്സരത്തിൽ ഞങ്ങൾക്കായി 9 ബോളർമാരാണ് പന്തറിഞ്ഞത്. അതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഈ മത്സരത്തിൽ മാത്രമാണ് ഞങ്ങൾക്ക് അത്തരം പരീക്ഷണങ്ങൾ നടത്താൻ സാധിച്ചത്. മത്സരത്തിലൂടനീളം സീമർമാർ വൈഡ്യോ ർക്കറുകൾ എറിയുന്നുണ്ടായിരുന്നു. അത് ഈ മത്സരത്തിൽ ആവശ്യമുണ്ടായിരുന്നില്ല. പക്ഷേ വ്യത്യസ്തമായ കാര്യങ്ങൾ മത്സരത്തിൽ ശ്രമിക്കേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു.”- രോഹിത് പറഞ്ഞു വയ്ക്കുന്നു.