100ൽ 100 കൊടുക്കണം ഈ ക്യാപ്റ്റന്. പാകിസ്ഥാനെ മെരുക്കിയത് രോഹിതിന്റെ കിടിലൻ ക്യാപ്റ്റൻസി.

ഏകദിന ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ബോളിംഗ് പ്രകടനം തന്നെയാണ് ഇന്ത്യ കാഴ്ചവച്ചത്. മത്സരത്തിൽ പാകിസ്ഥാൻ ടീമിനെ കേവലം 191 റൺസിന് ഓൾഔട്ട് ആക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചിരുന്നു. ഇന്ത്യയുടെ ഈ പ്രകടനത്തിൽ പ്രധാന പങ്കുവഹിച്ചത് നായകൻ രോഹിത് ശർമ തന്നെയാണ്.

രോഹിത് ശർമയുടെ കൃത്യമായ സമയങ്ങളിലുള്ള ബോളിങ് ചെയ്ഞ്ചുകളും തീരുമാനങ്ങളും ഫലപ്രദമായി മാറുകയായിരുന്നു. മികച്ച നിലയിലായിരുന്ന പാക്കിസ്ഥാനെ വലിയൊരു അപകടത്തിലേക്കാണ് രോഹിത് ശർമ മത്സരത്തിൽ തള്ളിവിട്ടത്. തുടക്കം മുതൽ തന്റെ ബോളർമാരെ അങ്ങേയറ്റം വിശ്വസിച്ച നായകന് ബോളർമാർ നൽകിയ പാരിതോഷികമാണ് ഈ പ്രകടനം.

മത്സരത്തിൽ മുഹമ്മദ് സിറാജിനെ തുടക്കം മുതൽ പാക്കിസ്ഥാൻ ഓപ്പണർമാർ ആക്രമിക്കുന്നുണ്ടായിരുന്നു. 10 റൺസിന് മുകളിൽ ഒരോവറിൽ മുഹമ്മദ് സിറാജ് വഴങ്ങിയിരുന്നു. ഇത്തരം സാഹചര്യത്തിൽ റൺസ് വഴങ്ങുന്ന ബോളർമാരെ മാറ്റുകയാണ് നായകന്മാർ ചെയ്യുന്നത്. ഇക്കാര്യത്തിൽ വ്യത്യസ്തമായി പെരുമാറി രോഹിത് വീണ്ടും സിറാജിന് ഓവറുകൾ നൽകി.

ഇതോടെ സിറാജ് പാക് ഓപ്പണർ അബ്ദുള്ള ഷെഫീക്കിന്റെ വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. പിന്നീട് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തിയത് ബാബർ- റിസ്വാൻ സഖ്യമായിരുന്നു. ഇരുവരും ക്രീസിലുറച്ച സമയത്ത് ഇന്ത്യ പ്രതിരോധത്തിലായി. എന്നാൽ അവിടെയും രക്ഷകനായി സിറാജ് എത്തുകയായിരുന്നു. ബാബർ ആസമിനെ ക്ലീൻ ബൗഡാക്കിയാണ് സിറാജ് ഇന്ത്യയ്ക്ക് ആധിപത്യം നൽകിയത്.

കൃത്യസമയത്ത് സ്പിന്നറെ മാറ്റി സിറാജിന്റെ കൈയിൽ പന്ത് കൊടുക്കാനുള്ള രോഹിത് ശർമയുടെ തീരുമാനമാണ് ഇവിടെയും വിജയം കണ്ടത്. മാത്രമല്ല ഓഫ്‌ സൈഡിൽ കൃത്യമായി പന്തറിയാൻ സിറാജിന് രോഹിത് ശർമ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇത്തരത്തിൽ സ്ഥിരതയോടെ ഓഫ് സൈഡിൽ സിറാജ് പന്തറിഞ്ഞപ്പോൾ ബാബറിന്റെ വിക്കറ്റ് ഇന്ത്യക്ക് ലഭിക്കുകയായിരുന്നു. ശേഷം കൃത്യമായ രീതിയിൽ കുൽദീപിനെ ഉപയോഗിക്കാനും രോഹിത് ശർമയ്ക്ക് സാധിച്ചു. സൗദ് ഷക്കീൽ ഒരു യുവതാരം ആയതിനാൽ തന്നെ കുൽദീപിനെതിരെ പതറുമെന്ന് രോഹിത് കണക്കുകൂട്ടിയിരുന്നു. ഇങ്ങനെ താരത്തിന്റെ വിക്കറ്റ് നേടാൻ കുൽദീപിന് സാധിച്ചു. ഇഫ്ത്തിക്കാർ അഹമ്മദിനെയും പിടിച്ചു കെട്ടുന്നതിൽ കുൽദീപ് വിജയിച്ചിരുന്നു.

പിന്നീട് ജസ്പ്രീറ്റ് ബുമ്രയെ കൃത്യമായ സമയത്ത് ബോളിങ് ക്രീസിലെത്തിച്ച് രോഹിത് അത്ഭുതം കാട്ടി. പാക്കിസ്ഥാന് അവസാന പ്രതീക്ഷയായി ഉണ്ടായിരുന്നത് മുഹമ്മദ് റിസ്വാനായിരുന്നു. ബുംറയുടെ കയ്യിൽ കൃത്യമായി പന്തു നൽകി രോഹിത് റിസ്വാനെ എറിഞ്ഞിട്ടു. തിരിച്ചെത്തിയ ആദ്യ നിമിഷം തന്നെ റിസ്വാനെ പുറത്താക്കാൻ ബുമ്രയ്ക്ക് സാധിച്ചു. ശേഷം പാകിസ്താന്റെ വാലറ്റത്തെ തകർത്തെറിയാൻ രവീന്ദ്ര ജഡേജ മതിയാവും എന്ന് രോഹിത് കരുതി. ഇതേ പോലെ തന്നെ ജഡേജ കൃത്യമായി അവസാന വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു. മാത്രമല്ല മത്സരത്തിൽ റിവ്യൂ എടുക്കുന്നതിലും രോഹിത് മികച്ചുനിന്നു. രണ്ട് ഫലപ്രദമായ റിവ്യുകളാണ് മത്സരത്തിൽ രോഹിത് എടുത്തത്. എന്തായാലും നായകൻ എന്ന നിലയിൽ 100ൽ 100 മാർക്ക് കൊടുക്കാവുന്ന പ്രകടനമാണ് രോഹിത് ശർമ മത്സരത്തിൽ കാഴ്ചവച്ചത്.

Previous articleറിസ്വാന്റെയും ശതാബിന്റെയും ഓഫ്‌ സ്റ്റമ്പ്‌ പിഴുത് ബുമ്ര.. സ്വപ്ന സ്പെല്ലിൽ ഉത്തരമില്ലാതെ പാകിസ്ഥാൻ..
Next articleഏകദിന സിക്സർ റെക്കോർഡും തകർത്ത് രോഹിത്. മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത നേട്ടം.