ഏകദിന സിക്സർ റെക്കോർഡും തകർത്ത് രോഹിത്. മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത നേട്ടം.

rohit sharma vs pakistan

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിനിടെ സിക്സർ റെക്കോർഡുകൾ ഭേദിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി 300 സിക്സറുകൾ സ്വന്തമാക്കുന്ന ആദ്യ താരമായി രോഹിത് ശർമ്മ മാറി. ലോക ക്രിക്കറ്റിൽ 300 ഏകദിന സിക്സറുകൾ നേടുന്ന മൂന്നാം താരമാണ് രോഹിത് ശർമ. നിലവിൽ ഷാഹിദ് അഫ്രീദിയാണ് ഈ റെക്കോർഡിൽ ഏറ്റവും മുൻപിലുള്ളത്. 398 ഏകദിന മത്സരങ്ങൾ തന്റെ കരിയറിൽ കളിച്ചിട്ടുള്ള അഫ്രീദി 351 സിക്സറുകൾ നേടിയിട്ടുണ്ട്. യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയിൽ 301 മത്സരങ്ങളിൽ നിന്ന് 331 സിക്സറുകളുമായി ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.

ഇവർക്ക് പിന്നാലെയാണ് രോഹിത് ശർമ ഇപ്പോൾ ഈ ക്ലബ്ബിൽ അംഗമായിരിക്കുന്നത്. ഇതുവരെ 254 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള രോഹിത് ശർമ 301 സിക്സറുകളാണ് തന്റെ കരിയറിൽ നേടിയിട്ടുള്ളത്. 445 മത്സരങ്ങളിൽ നിന്ന് 270 സിക്സറുകൾ നേടിയിട്ടുള്ള സനത് ജയസൂര്യയാണ് ലിസ്റ്റിൽ നാലാമൻ.

350 മത്സരങ്ങളിൽ നിന്ന് 229 ഏകദിന സിക്സറുകൾ സ്വന്തമാക്കിയ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി ലിസ്റ്റിൽ അഞ്ചാമത് നിൽക്കുന്നു. മത്സരത്തിന് മുൻപ് കേവലം 3 സിക്സറുകൾ കൂടിയായിരുന്നു രോഹിത്തിന് ഈ റെക്കോർഡിലേക്ക് ആവശ്യമുണ്ടായിരുന്നത്. മത്സരത്തിനിടെ ഹാരിസ് റോഫിനെ ലോങ് ഓണിന് മുകളിലൂടെ സിക്സർ പറത്തിയാണ് രോഹിത് ഈ റെക്കോർഡ് സൃഷ്ടിച്ചത്.

Read Also -  അഞ്ചാം ദിവസവും രോഹിതിന്റെ തന്ത്രങ്ങൾ പിഴച്ചു. മുൻ താരം പറയുന്നു

പതിവുപോലെ പാകിസ്ഥാനെതിരായ മത്സരത്തിലും ശക്തമായ ഒരു ബാറ്റിംഗ് പ്രകടനം തന്നെയാണ് രോഹിത് ശർമ കാഴ്ച വെച്ചിരിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 191 റൺസിൽ ഒതുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇന്ത്യൻ നിരയിലെ മുഴുവൻ ബോളർമാരും വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ പാക്കിസ്ഥാൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുകയായിരുന്നു. 192 എന്ന വിജയലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമ പവർപ്ലെ ഓവറുകളിൽ തന്നെ വെടിക്കെട്ട് തീർത്തു. നേരിട്ട ആദ്യ പന്തിൽ അഫ്രിദിക്കെതിരെ ബൗണ്ടറി നേടിയാണ് രോഹിത് ആരംഭിച്ചത്.

പിന്നീട് കൃത്യമായ ഇടവേളകളിൽ സിക്സറുകൾ പായിക്കാനും രോഹിത്തിന് സാധിച്ചു. ഇന്ത്യൻ ഇന്നിങ്സിലെ ഏഴാം ഓവറിൽ ഷാഹിൻ അഫ്രിദിക്കെതിരെ ഒരു തകർപ്പൻ പുൾ ഷോട്ടിലൂടെ രോഹിത് സിക്സർ പറത്തിയിരുന്നു. എന്തായാലും മത്സരത്തിൽ ശക്തമായ നിലയിലാണ് ഇന്ത്യ. മികച്ച ഒരു വിജയത്തോടെ കൂടുതൽ ആത്മവിശ്വാസം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ മറുവശത്ത് പാകിസ്താന്റെ കാര്യം അല്പം പരുങ്ങലിലാണ്.

Scroll to Top