ഇന്ത്യയുടെ നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ ഒരു വമ്പൻ സിക്സർ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. ഒരു കലണ്ടർ വർഷത്തിൽ ഏകദിനങ്ങളിൽ ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡാണ് രോഹിത് ശർമ നേടിയെടുത്തത്. ഇതുവരെ 2023ൽ ഏകദിനങ്ങളിൽ 59 സിക്സറുകളാണ് രോഹിത് ശർമ നേടിയിട്ടുള്ളത്. ഡിവില്ലിയേഴ്സിന്റെ 2015ലെ റെക്കോർഡ് മറികടന്നാണ് രോഹിത് സുവർണ്ണനേട്ടം കൊയ്തത്. 2015 കലണ്ടർ വർഷത്തിൽ 58 ഏകദിന സിക്സറുകളായിരുന്നു ഡിവില്ലിയെഴ്സ് നേടിയത്. എന്തായാലും 2023ൽ അത്യുഗ്രൻ പ്രകടനത്തോടെ ഇത് മറികടക്കാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്.
2019 കലണ്ടർ വർഷത്തിൽ ഏകദിനങ്ങളിൽ 56 സിക്സറുകൾ സ്വന്തമാക്കിയ ക്രിസ് ഗെയ്ലാണ് ലിസ്റ്റിൽ മൂന്നാമത്. 48 സിക്സറുകൾ ഒരു കലണ്ടർ വർഷത്തിൽ സ്വന്തമാക്കിയ ഷാഹിദ് അഫ്രീദി ലിസ്റ്റിൽ നാലാം സ്ഥാനത്ത് നിൽക്കുന്നു. മാത്രമല്ല ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന നായകൻ എന്ന റെക്കോർഡും രോഹിത് ശർമ ഇതോടെ പേരിൽ ചേർത്തിട്ടുണ്ട്. 2023ലെ ഏകദിന ലോകകപ്പിൽ ഇതുവരെ 23 സിക്സറുകളാണ് രോഹിത് ശർമ നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിന്റെ മുൻ നായകൻ ഓയിൻ മോർഗണിന്റെ റെക്കോർഡാണ് രോഹിത് മറികടന്നത്. 2019ലെ ഏകദിന ലോകകപ്പിൽ 22 സിക്സറുകൾ മോർഗൻ നേടിയിരുന്നു.
2015 ഏകദിന ലോകകപ്പിൽ 21 സിക്സർ നേടിയ എബി ഡിവില്ലിയേഴ്‌സ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുണ്ട്. 2019 ഏകദിന ലോകകപ്പിൽ 18 സിക്സറുകൾ നേടിയ ഓസ്ട്രേലിയൻ മുൻ നായകൻ ആരോൺ ഫിഞ്ചാണ് ലിസ്റ്റിൽ നാലാമത്. 2015 ലോകകപ്പിൽ ന്യൂസിലാൻഡിനായി 17 സിക്സറുകൾ സ്വന്തമാക്കിയ മക്കലം ലിസ്റ്റിൽ അഞ്ചാമത് നിൽക്കുന്നു. ഇവരെയൊക്കെയും പിന്തള്ളാൻ രോഹിത് ശർമയ്ക്ക് മത്സരത്തിൽ സാധിച്ചു. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. യാതൊരു മാറ്റങ്ങളും ഇല്ലാതെയാണ് ഇന്ത്യ തങ്ങളുടെ അവസാന ലീഗ് മത്സരത്തിന് മൈതാനത്ത് ഇറങ്ങിയത്.
വളരെ മികച്ച തുടക്കം തന്നെയാണ് മത്സരത്തിൽ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഇന്ത്യയ്ക്ക് നൽകിയത്. ആദ്യ ഓവറുകളിൽ തന്നെ വമ്പനടികൾ നടത്തി നെതർലൻഡ്സിനെ പൂർണമായും സമ്മർദ്ദത്തിൽ ആക്കാൻ ഇന്ത്യൻ ഓപ്പണർമാർക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ ശക്തമായ ഒരു സ്കോർ കണ്ടെത്തി സെമിഫൈനലിന് മുൻപ് പൂർണമായ ആത്മവിശ്വാസം നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ബുധനാഴ്ച ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ സെമിഫൈനൽ മത്സരം നടക്കുന്നത്.