തെരുവിലുറങ്ങുന്ന ഇന്ത്യക്കാർക്ക് 500 രൂപ സമ്മാനം നൽകി അഫ്ഗാൻ താരം ഗുർബാസ്. കയ്യടികളുമായി ക്രിക്കറ്റ്‌ ലോകം.

FB IMG 1699784372413

ഇന്ത്യൻ ക്രിക്കറ്റ് ടീം കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും ആരാധക പിന്തുണ ലഭിക്കുന്ന ക്രിക്കറ്റ് ടീമാണ് അഫ്ഗാനിസ്ഥാന്റെത്. ഈ ലോകകപ്പിലുടനീളം അഫ്ഗാനിസ്ഥാൻ ടീമിന് പിന്തുണ നൽകി ഇന്ത്യൻ ആരാധകരും ഇന്ത്യൻ മുൻ താരങ്ങളുമൊക്കെ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനോട് അഫ്ഗാനിസ്ഥാൻ താരങ്ങൾ കാണിക്കുന്ന അടുപ്പമാണ് ഈ പരസ്പര സ്നേഹത്തിന് വലിയ കാരണമായുള്ളത്.

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന്റെ വളർച്ചയിൽ വലിയൊരു പങ്കുവഹിക്കാനും ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സാധിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അഫ്ഗാനിസ്ഥാൻ ടീമിനോട് ഇന്ത്യക്കാർക്ക് ഇത്രയധികം സ്നേഹം എന്ന് വിളിച്ചോതുന്ന ഒരു വീഡിയോ കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. അഫ്ഗാനിസ്ഥാൻ സൂപ്പർ ബാറ്റർ റഹ്മാനുള്ള ഗുർബാസ് ഇന്ത്യൻ തെരുവിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്ക് പണം നൽകുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കിയത്.

ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അഹമ്മദാബാദിന്റെ തെരുവുകളിൽ അന്തിയുറങ്ങുന്ന പാവപ്പെട്ട ഇന്ത്യക്കാർക്ക് ദീപാവലിയുടെ തലേദിവസം സമ്മാനവുമായി എത്തിയതായിരുന്നു അഫ്ഗാനിസ്ഥാന്റെ ഓപ്പണർ ഗുർബാസ്. ദീപാവലി ദിവസം പുലർച്ചെ മൂന്നു മണിയോടെയാണ് ഗുർബാസ് അഹമ്മദാബാദിൽ എത്തിയത്. കാറിലായിരുന്നു ഗുർബാസ് എത്തിയത്

Read Also -  "അന്ന് പാകിസ്ഥാൻ ഏറ്റവും ഭയന്നിരുന്നത് സച്ചിനെയാണ് " മുൻ പാക് താരം.

ശേഷം തെരുവിൽ ഇറങ്ങുകയും അവിടെ കിടന്നുറങ്ങുന്ന പാവപ്പെട്ടവർക്ക് 500 രൂപ വീതം ദീപാവലി ആഘോഷിക്കാൻ ഗുർബാസ് നൽകുകയും ചെയ്തു. എന്നാൽ കിടന്നുറങ്ങുന്ന ആരെയും തന്നെ വിളിച്ചുണർത്തുകയോ ശല്യം ചെയാനോ ഗുർബാസ് തയ്യാറായില്ല. എല്ലാവരുടെയും തലയുടെ അടുത്ത് പണം വെച്ച ശേഷം ഗുർബാസ് മടങ്ങുകയായിരുന്നു.

മറ്റാരോ തങ്ങളുടെ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. എന്തായാലും അഫ്ഗാനിസ്ഥാൻ താരങ്ങൾക്ക് ഇന്ത്യക്കാരോടുള്ള സ്നേഹം വിളിച്ചോതുന്ന മറ്റൊരു ദൃശ്യം കൂടെയാണിത്. ഇന്ത്യയുടെ മുൻ താരങ്ങളായ ഇർഫാൻ പത്താൻ, രവിശാസ്ത്രി തുടങ്ങിയവർ മുൻപ് അഫ്ഗാനിസ്ഥാനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

ലോകകപ്പിനിടെ അഫ്ഗാൻ താരങ്ങൾക്ക് വിരുന്നൊരുക്കാനും ഇർഫാൻ പത്താൻ തയ്യാറായി. മാത്രമല്ല നിലവിൽ അഫ്ഗാനിസ്ഥാൻ ടീമിന്റെ മെന്ററായി പ്രവർത്തിക്കുന്നത് ഇന്ത്യയുടെ മുൻ താരം അജയ് ജഡേജയാണ്. ഇതൊക്കെയും ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വിളിച്ചോതുന്നതാണ്.

ഈ ലോകകപ്പിലും ശക്തമായ പ്രകടനം തന്നെയായിരുന്നു അഫ്ഗാനിസ്ഥാൻ പുറത്തെടുത്തത്. മുൻ ലോകകപ്പ് ചാമ്പ്യന്മാരായ പാക്കിസ്ഥാൻ, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് എന്നീ ടീമുകളെ അട്ടിമറിക്കാൻ അഫ്ഗാനിസ്ഥാൻ ടീമിന് സാധിച്ചിരുന്നു. സെമിഫൈനലിൽ എത്താൻ സാധിച്ചില്ലെങ്കിലും വമ്പന്മാർക്കെതിരെ പോരാടിയാണ് അഫ്ഗാനിസ്ഥാൻ വിജയം നേടിയത്.

മാത്രമല്ല 2025 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലേക്ക് ആദ്യമായി യോഗ്യത നേടാനും അഫ്ഗാനിസ്ഥാന് സാധിച്ചു. വരും വർഷങ്ങളിലും അഫ്ഗാനിസ്ഥാൻ മികച്ച പ്രകടനങ്ങളുമായി മികവു പുലർത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Scroll to Top