ഇംഗ്ലീഷുകാരെ എറിഞ്ഞിട്ട് ഇന്ത്യൻ ബോളിംഗ് വീര്യം.. 100 റൺസിന്റെ കൂറ്റൻ വിജയം..

20231029 210516 scaled

ഇംഗ്ലണ്ടിനെതിരായ ഏകദിന ലോകകപ്പിലെ മത്സരത്തിലും ഒരു വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. ആവേശം നിറഞ്ഞ മത്സരത്തിൽ ബോളിംഗ് നിരയുടെ അത്യുഗ്രൻ പ്രകടനത്തിന്റെ ഫലമായാണ് ഇന്ത്യ വിജയം നേടിയത്. മത്സരത്തിൽ 100 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഇന്ത്യ ലോകകപ്പിന്റെ സെമിഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യക്കായി ബാറ്റിംഗിൽ രോഹിത് ശർമയായിരുന്നു തിളങ്ങിയത്. ബോളിങ്ങിൽ മുഹമ്മദ് ഷാമി, ബൂമ്ര, കുൽദീപ് എന്നിവർ മികവു പുലർത്തിയപ്പോൾ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ഒരു ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബോളിങ്ങിനെ അനുകൂലിച്ച പിച്ചിൽ ഇന്ത്യൻ ബാറ്റർമാരെ പൂർണമായും സമ്മർദ്ദത്തിലാക്കാൻ ഇംഗ്ലണ്ടിന്റെ ബോളർമാർക്ക് തുടക്കത്തിൽ സാധിച്ചിരുന്നു. ഇന്ത്യൻ മുൻനിരയിൽ ശുഭമാൻ ഗിൽ(9) വിരാട് കോഹ്ലി(0) ശ്രേയസ് അയ്യർ(4) എന്നിവർ വലിയ സംഭാവനകൾ നൽകാതെ കൂടാരം കയറുകയുണ്ടായി. എന്നാൽ ഒരുവശത്ത് ഇന്ത്യൻ നായകൻ രോഹിത് ശർമ ക്രീസിലുറച്ചത് ഇന്ത്യയ്ക്ക് ആശ്വാസമായി മാറി. നാലാം വിക്കറ്റിൽ രാഹുലുമൊപ്പം(39) ചേർന്ന് 91 റൺസിന്റെ കൂട്ടുകെട്ട് രോഹിത് ശർമ കെട്ടിപ്പടുത്തു. മത്സരത്തിൽ രോഹിത് 101 പന്തുകളിൽ 87 റൺസാണ് രോഹിത് നേടിയത്.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

ഒപ്പം അവസാന ഓവറുകളിൽ സൂര്യകുമാർ യാദവും റൺസ് കണ്ടെത്തിയതോടെ ഇന്ത്യ ഒരു ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. 47 പന്തുകളിൽ 4 ബൗണ്ടറികളും ഒരു സിക്സറുമടക്കം 49 റൺസാണ് സൂര്യ നേടിയത്. ഇങ്ങനെ ഇന്ത്യ 229 എന്ന സ്കോറിലെത്തി. ഇംഗ്ലണ്ടിനായി 3 വിക്കറ്റുകൾ വീഴ്ത്തിയ ഡേവിഡ് വില്ലിയും, 2 വിക്കറ്റുകൾ വീതം വീഴ്ത്തിയ ക്രിസ് വോക്സ്, റഷീദ് എന്നിവരും മികവുപുലർത്തി. 230 എന്ന വിജയലക്ഷം മുന്നിൽ കണ്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യൻ ബോളർമാർ വരിഞ്ഞു മുറുകുന്നതാണ് കണ്ടത്. പവർപ്ലേ ഓവറുകളിൽ തന്നെ കൃത്യമായ ലൈനും ലെങ്ത്തും കണ്ടെത്താൻ ഇന്ത്യയുടെ പേസർമാർക്ക് സാധിച്ചു. ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ബുമ്രയും ഷാമിയും തീയായി മാറുകയായിരുന്നു.

ഇരുവരും 10 ഓവറുകൾക്കുള്ളിൽ തന്നെ ഇംഗ്ലണ്ടിന്റെ മുൻനിരയിലുള്ള 4 വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി. ഇതോടെ ഇംഗ്ലണ്ട് പൂർണമായും സമ്മർദ്ദത്തിലായി. ഒപ്പം കുൽദീപ് യാദവും കളം നിറഞ്ഞതോടെ ഇംഗ്ലണ്ട് മത്സരത്തിൽ പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു. ഇന്ത്യക്കായി മത്സരത്തിൽ മുഹമ്മദ് ഷാമി 4 വിക്കറ്റുകളും, ബൂമ്ര 3 വിക്കറ്റുകളും, കുൽദീപ് 2 വിക്കറ്റുകളും  വീഴ്ത്തുകയുണ്ടായി. ഇങ്ങനെ ഇന്ത്യ മത്സരത്തിൽ 100 റൺസിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ടൂർണമെന്റിലെ ഇന്ത്യയുടെ തുടർച്ചയായ ആറാം വിജയമാണ് മത്സരത്തിൽ പിറന്നത്.

Scroll to Top