2023 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ നിര. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ ഇന്ത്യ 199 എന്ന സ്കോറിൽ ഒതുക്കുകയായിരുന്നു.
ഇന്ത്യക്കായി ബോളിങ്ങിൽ രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ബുമ്ര എന്നിവരാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യയ്ക്ക് തുടക്കത്തിൽ അടിപതറിയെങ്കിലും ഒരു ശക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ കോഹ്ലിയും കെഎൽ രാഹുലും ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. മത്സരത്തിൽ വലിയ ആത്മവിശ്വാസം നൽകുന്ന വിജയം തന്നെയാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.
മൽസരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ മിച്ചൽ മാർഷിനെ(0) ഓസ്ട്രേലിയക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ഓസ്ട്രേലിയക്കായി കളം നിറഞ്ഞു. വാർണർ മത്സരത്തിൽ 52 പന്തുകളിൽ 41 റൺസാണ് നേടിയത്. സ്മിത്ത് 71 പന്തുകളിൽ 46 റൺസ് നേടി.
എന്നാൽ ഇന്ത്യയുടെ സ്പിൻ ബോളർമാർ ബോളിംഗ് ക്രീസിലെത്തിയതോടെ കളി മാറുകയായിരുന്നു. രവീന്ദ്ര ജഡേജയും കുൽദീപ് യാദവും കൃത്യമായി ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കിയപ്പോൾ ഇന്ത്യ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. കൃത്യമായ ഇടവേളകളിൽ ഓസ്ട്രേലിയയുടെ വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യയ്ക്ക് സാധിച്ചു.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മത്സരത്തിൽ 28 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. കുൽദീവ് യാദവും ബൂമ്രയും രണ്ട് വിക്കറ്റ് വീതമാണ് മത്സരത്തിൽ സ്വന്തമാക്കിയത്. ഇങ്ങനെ ഓസ്ട്രേലിയ 199 റൺസിൽ ഓൾഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഞെട്ടിപ്പിക്കുന്ന ഒരു തുടക്കമാണ് ലഭിച്ചത്.
ഇന്ത്യയുടെ മുൻനിരയിലുള്ള മൂന്ന് ബാറ്റർമാരും പൂജ്യരായി പുറത്തായി. രോഹിത് ശർമ, ഇഷാൻ കിഷൻ ശ്രേയസ് അയ്യർ എന്നിവരാണ് മത്സരത്തിൽ പൂജ്യരായി മടങ്ങിയത്. ശേഷം വിരാട് കോഹ്ലിയും കെഎൽ രാഹുലും ഇന്ത്യയെ പതിയെ മുൻപിലേക്ക് കൊണ്ടുപോവുകയായിരുന്നു.
മത്സരത്തിൽ അതിശക്തമായ ഒരു കൂട്ടുകെട്ടാണ് ഇരുവരും കെട്ടിപ്പടുത്തത്. വളരെ പക്വതയോടെ ഇന്നിംഗ്സ് നിർമ്മിച്ച ഇരുവരും ഓസ്ട്രേലിയൻ ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ചു. മത്സരത്തിൽ 75 പന്തുകളിൽ നിന്നായിരുന്നു വിരാട് കോഹ്ലി തന്റെ അർധസെഞ്ച്വറി പൂർത്തീകരിച്ചത്. രാഹുൽ 72 പന്തുകളിൽ നിന്ന് അർധസെഞ്ച്വറി പൂർത്തീകരിക്കുകയുണ്ടായി.
ഇതിനുശേഷവും ഇരുവരും ഓസ്ട്രേലിയൻ ബോളർമാർക്ക് മേൽ സമ്മർദ്ദം ചെലുത്തി. മത്സരത്തിൽ ഇന്ത്യയ്ക്കായി നാലാം വിക്കറ്റിൽ 165 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും കെട്ടിപ്പടുത്തത്. കോഹ്ലി മത്സരത്തിൽ 116 പന്തുകളിൽ നിന്ന് 85 റൺസ് നേടുകയുണ്ടായി. രാഹുൽ 115 പന്തുകളിൽ നിന്ന് 97 റൺസാണ് നേടിയത്. ഇങ്ങനെ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.