സച്ചിനെ മറികടന്ന് ലോകറെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി. ടൂർണമെന്റുകളിൽ കോഹ്ലി ഇനി രാജാവ്.

kohli cwc vs australia scaled

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ വമ്പൻ റെക്കോർഡുകൾ മറികടന്ന് വിരാട് കോഹ്ലി. ചെന്നൈയിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 200 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് കോഹ്ലി സച്ചിൻ ടെണ്ടുൽക്കറുടെയടക്കം റെക്കോർഡ് മറികടന്നിരിക്കുന്നത്. ഐസിസിയുടെ നിശ്ചിത ഓവർ ടൂർണമെന്റുകളിൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ താരം എന്ന റെക്കോർഡാണ് വിരാട് കോഹ്ലി ഇപ്പോൾ സ്വന്തം പേരിൽ ചേർത്തിരിക്കുന്നത്.

മുൻപ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പേരിലായിരുന്നു ഈ റെക്കോർഡ്. ഐസിസിയുടെ നിശ്ചിത ഓവർ ടൂർണമെന്റ്കളിൽ ഇന്ത്യയ്ക്കായി 58 ഇന്നിംഗ്സിൽ നിന്ന് 2719 റൺസായിരുന്നു സച്ചിൻ ടെണ്ടുൽക്കർ നേടിയത്. വിരാട് കോഹ്ലി ഇപ്പോൾ 64 ഇന്നിംഗ്സുകളിൽ നിന്ന് ഇത് മറികടന്നിരിക്കുകയാണ്.

സച്ചിനെയും വിരാട് കോഹ്ലിയെയും കൂടാതെ ഇന്ത്യൻ നായകൻ രോഹിത് ശർമയും ഈ ക്ലബ്ബിൽ 2000 റൺസ് പൂർത്തീകരിച്ചിട്ടുണ്ട്. 2422 റൺസാണ് രോഹിത് ശർമ ഐസിസി നിശ്ചിത ഓവർ ടൂർണമെന്റുകളിൽ നിന്നും നേടിയിട്ടുള്ളത്. ഐസിസി ടൂർണമെന്റ്കളിൽ നിന്ന് 1707 റൺസ് സ്വന്തമാക്കിയിട്ടുള്ള യുവരാജ് സിംഗാണ് ലിസ്റ്റിൽ നാലാമത്. 1671 റൺസ് ഐസിസി നിശ്ചിത ഓവർ ടൂർണമെന്റുകളിൽ നിന്ന് സ്വന്തമാക്കിയിട്ടുള്ള സൗരവ് ഗാംഗുലി ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. ഇവരെയൊക്കെയും മറികടന്നാണ് വിരാട് കോഹ്ലി ലിസ്റ്റിൽ ഒന്നാമനായി എത്തിയിരിക്കുന്നത്.

Read Also -  ഒരു മത്സരം നോക്കി രാഹുലിനെ ഒഴിവാക്കരുത്. രണ്ടാം മൽസരത്തിലും കളിപ്പിക്കണം. മുൻ താരത്തിന്‍റെ നിര്‍ദ്ദേശം.

ഇതിനൊപ്പം ഐസിസി നിശ്ചിത ഓവർ ടൂർണമെന്റിൽ ഇന്ത്യക്കായി ഒരുപാട് റെക്കോർഡുകളും വിരാട് കോഹ്ലി പേരിൽ ചേർത്തിട്ടുണ്ട്. ഇന്ത്യക്കായി നോകൗട്ട് മത്സരങ്ങളിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ താരമായി കോഹ്ലി മാറുകയുണ്ടായി. മാത്രമല്ല ഐസിസി നിശ്ചിത ഓവർ ടൂർണമെന്റുകളിൽ ഇന്ത്യക്കായി ഏറ്റവുമധികം അർധ സെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുള്ളതും കോഹ്ലിയാണ്. പ്രസ്തുത ടൂർണമെന്റ്കളിൽ ഏറ്റവും ശരാശരിയുള്ള താരവും കോഹ്ലി തന്നെയാണ്. ഇത്തരത്തിൽ ഒരുപാട് റെക്കോർഡുകളാണ് കോഹ്ലി ഇതുവരെ പേരിൽ ചേർത്തിട്ടുള്ളത്.

2011 ഏകദിന ലോകകപ്പിൽ വിരാട് കോഹ്ലിയും സച്ചിൻ ടെണ്ടുൽക്കറും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. ഇന്ത്യൻ മണ്ണിൽ നടന്ന മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ കിരീടം സ്വന്തമാക്കുകയുണ്ടായി. ശേഷം 2013 ചാമ്പ്യൻസ് ട്രോഫി വിജയ ടീമിനെയും ഭാഗമായി മാറാൻ വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നു. എന്തായാലും തന്റെ ഏകദിന ക്രിക്കറ്റിലെ സുവർണ്ണ കാലഘട്ടം അവസാനിച്ചിട്ടില്ല എന്ന് തോന്നിക്കുന്ന പ്രകടനമാണ് വിരാട് കോഹ്ലി മത്സരത്തിൽ കാഴ്ചവയ്ക്കുന്നത്.

Scroll to Top