ഓസ്ട്രേലിയയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കൻ വിജയം. ചീട്ടുകൊട്ടാരം പോലെ തകർന്ന് ഓസീസ്

2023 ഏകദിന ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും വമ്പൻ പരാജയം ഏറ്റുവാങ്ങി ഓസ്ട്രേലിയ. വലിയ പ്രതീക്ഷകളോടെ കിരീടസ്വപ്നവുമായി ഇന്ത്യൻ മണ്ണിലെത്തിയ ഓസ്ട്രേലിയ ആദ്യ മത്സരത്തിൽ ഇന്ത്യയോട് വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ശേഷം രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടാണ് ഇപ്പോൾ 134 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയത്. ദക്ഷിണാഫ്രിക്കൻ ടീം പൂർണമായും ആധിപത്യം സ്ഥാപിച്ച മത്സരമായിരുന്നു ലക്നൗവിൽ നടന്നത്. ദക്ഷിണാഫ്രിക്ക ബാറ്റിംഗ് നിരയിൽ ക്വിന്റൻ ഡികോക്ക് വീണ്ടും സെഞ്ച്വറി പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. ബോളിങ്ങിൽ റബാഡ കൂടി തിളങ്ങിയതോടെ മത്സരത്തിൽ ദക്ഷിണാഫ്രിക്ക അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിങ് തിരഞ്ഞെടുത്തു. വളരെ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ ഇന്നിംഗ്സിൽ കാഴ്ചവച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ക്രീസിലെത്തിയ മുഴുവൻ ബാറ്റർമാരും സംഭാവനകൾ നൽകുകയുണ്ടായി. ഓപ്പണർ ഡികോക്ക് ആണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ നെടുംതൂണായത്. മത്സരത്തിൽ 106 പന്തുകൾ നേരിട്ട ഡികോക്ക് 109 റൺസ് നേടുകയുണ്ടായി. ഇന്നിംഗ്സിൽ 8 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെട്ടു. ഒപ്പം മാക്രം 56 റൺസ് നേടി ഡികോക്കിന് പിന്തുണ നൽകി. ഇരുവരുടെയും മികവിൽ നിശ്ചിത 50 ഓവറുകളിൽ 311 റൺസാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.

ഓസ്ട്രേലിയൻ ബോളിംഗ് നിരയിൽ മിച്ചൽ സ്റ്റാർക്കും മാക്സ്വെല്ലും 2 വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയുടെ മുൻനിര ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നതാണ് കണ്ടത്. ദക്ഷിണാഫ്രിക്കയുടെ പേസർമാർ കൃത്യമായ താളം കണ്ടെത്തിയതോടെ ഓസ്ട്രേലിയൻ വീര്യം കെട്ടടങ്ങി. ഇന്നിങ്സിലെ ആദ്യ പന്ത് മുതൽ ഓസ്ട്രേലിയ പൂർണമായും പതറുന്നതാണ് കണ്ടത്. പവർപ്ലേ ഓവറുകളിൽ പോലും കൃത്യമായി ഗ്യാപ്പുകൾ കണ്ടെത്താൻ ഓസ്ട്രേലിയൻ ബാറ്റർമാർക്ക് സാധിച്ചില്ല. ബാറ്റിംഗ് നിരയിലെ ആദ്യ 6 വിക്കറ്റുകൾ ഓസ്ട്രേലിയക്ക് കേവലം 70 റൺസിന് നഷ്ടമായി. ഇതോടെ ഓസ്ട്രേലിയ പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

എന്നാൽ ഏഴാം വിക്കറ്റിൽ ലബുഷൈനും(46) മിച്ചൽ സ്റ്റാർക്കും(27) ചേർന്ന് ഓസ്ട്രേലിയയെ കരകയറ്റാൻ ശ്രമം നടത്തി. ഇരുവരും ചേർന്ന് 69 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. പക്ഷേ കൃത്യമായ സമയത്ത് ദക്ഷിണാഫ്രിക്കൻ ബോളർമാർ മികവു പുലർത്തിയതോടെ ഇരുവരും കൂടാരം കയറുകയുണ്ടായി. മത്സരത്തിൽ 134 റൺസിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. 2023 ഏകദിന ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ തുടർച്ചയായ രണ്ടാം വിജയമാണ് മത്സരത്തിൽ പിറന്നത്. മുൻപ് ശ്രീലങ്കക്കെതിരെയും ദക്ഷിണാഫ്രിക്ക കൂറ്റൻ വിജയം സ്വന്തമാക്കിയിരുന്നു.

Previous articleഇന്ത്യ പാക്ക് പോരാട്ടത്തിന് മുന്‍പ് പാക്‌ ടീമിന് സര്‍പ്രൈസ്. ഫ്ലൈറ്റില്‍ ലഭിച്ച സ്വീകരണം കണ്ടോ
Next article“രോഹിത്തിനെ ഓപ്പണറാക്കിയതിന്റെ ക്രെഡിറ്റ്‌ ഒരിക്കലും ധോണി എടുക്കില്ല”.. ശ്രീശാന്ത് പറയുന്നു.