CT 2025 : പാകിസ്ഥാനെ തുരത്തി കിവികൾക്ക് ആദ്യ വിജയം. 60 റൺസിന്റെ വിജയഗാഥ.

2025 ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ പാകിസ്ഥാനെ പരാജയപ്പെടുത്തി ന്യൂസിലാൻഡ്. ബാറ്റിങ്ങിലും ബോളിങ്ങിലും കൃത്യമായി ആധിപത്യം പുലർത്തിയാണ് ന്യൂസിലാൻഡ് മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ന്യൂസിലാൻഡിനായി ഓപ്പണർ യങ്ങും വിക്കറ്റ് കീപ്പർ ടോം ലാദവും സെഞ്ച്വറികൾ സ്വന്തമാക്കി. ഒപ്പം ഗ്ലെൻ ഫിലിപ്സിന്റെ വെടിക്കെട്ടും ന്യൂസിലാൻഡിനെ സഹായിച്ചു. ഇവർക്കൊപ്പം ബോളിംഗിൽ വില്യം ഒറൂർക്ക് മികവ് പുലർത്തിയപ്പോൾ ന്യൂസിലാൻഡ് അനായാസം മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബോളിങ് തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്. തുടക്കത്തിൽ തന്നെ ന്യൂസിലാൻഡിന്റെ ഓപ്പണറായ കോൺവെയെയും അപകടകാരിയായ വില്യംസനെയും പുറത്താക്കാൻ പാകിസ്ഥാന് സാധിച്ചു. എന്നാൽ ഒരു വശത്ത് വിൽ യങ് ക്രീസിലുറച്ച് ന്യൂസിലാൻഡിന് പ്രതീക്ഷകൾ നൽകി. ഒപ്പം അഞ്ചാമനായി ക്രീസിലെത്തിയ ടോം ലാതവും മികവ് പുലർത്തിയപ്പോൾ ന്യൂസിലാൻഡിന്റെ സ്കോർ കുതിക്കുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 118 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. 113 പന്തുകളിൽ 107 റൺസാണ് യങ് നേടിയത്.

യങ് പുറത്തായ ശേഷം ടോം ലാതവും ഗ്ലെന്‍ ഫിലിപ്സും ചേർന്നാണ് ന്യൂസിലാൻഡ് ഇന്നിംഗ്സ് മുൻപിലേക്ക് കൊണ്ടുപോയത്. ഇരുവരും അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. അവസാന 8 ഓവറുകളിൽ 105 റൺസ് സ്വന്തമാക്കാൻ ന്യൂസിലാൻഡിന് സാധിച്ചു. ടോം ലാതം 104 പന്തുകളിൽ 118 റൺസുമായി പുറത്താവാതെ നിന്നു. 10 ബൗണ്ടറികളും 3 സിക്സറുകളുമാണ് ലാതത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്ത ഗ്ലെൻ ഫിലിപ്‌സ് 39 പന്തുകളിൽ 61 റൺസ് ആണ് നേടിയത്. 3 ബൗണ്ടറികളും 4 സിക്സറുകളും ഫിലിപ്സ് സ്വന്തമാക്കി. ഇതോടെ ന്യൂസിലാൻഡ് നിശ്ചിത 50 ഓവറുകളിൽ 320 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാൻ തുടക്കം തന്നെ പതറി. ന്യൂസിലാൻഡിന്റെ പേസർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പാകിസ്ഥാൻ മുൻനിരയ്ക്ക് സാധിച്ചില്ല. നായകൻ ബാബർ ആസമാണ് തുടക്കത്തിൽ അല്പമെങ്കിലും പിടിച്ചുനിന്നത്. എന്നിരുന്നാലും സ്കോറിങ് റേറ്റ് ഉയർത്തുന്നതിൽ ആസമും പരാജയപ്പെട്ടു. 90 പന്തുകളിൽ 64 റൺസ് ആണ് ബാബർ ആസാം മത്സരത്തിൽ നേടിയത്. ശേഷം മധ്യനിര ബാറ്ററായ സൽമാൻ ആഗ 28 പന്തുകളിൽ 42 റൺസ് നേടി വെടിക്കെട്ട് തീർത്തു. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ ന്യൂസിലാൻഡ് മത്സരത്തിൽ പാക്കിസ്ഥാനെ വരിഞ്ഞു മുറുകുകയായിരുന്നു. അവസാന ഓവറുകളിൽ 49 പന്തുകളിൽ 69 റൺസ് നേടിയ കുഷ്ദിൽ മാത്രമാണ് പാക്കിസ്ഥാനായി പിടിച്ചുനിന്നത്. ഇതോടെ പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 260 റൺസിൽ അവസാനിക്കുകയും ന്യൂസിലാൻഡ് 60 റൺസിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.