ഐപിഎൽ പതിനഞ്ചാം സീസണിൽ ആശങ്കപരത്തി ഡൽഹി ക്യാപിറ്റൽസിൽ കോവിഡ്. നാലു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ്, സ്പോർട്സ് മസാജ് തെറാപ്പിസ്റ്റ് ചേതൻ കുമാർ, ടീം ഡോക്ടർ അഭിജിത്ത് സെൽവി, ഫിസിയോതെറാപ്പിസ്റ്റ് പാട്രിക് ഫർഹർട് എന്നിവർക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.
നേരിയ പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ച് മാർഷിന് തിങ്കളാഴ്ച രാവിലെ റാപ്പിഡ് പരിശോധന നടത്തി. അതിൽ പോസിറ്റീവ് കണ്ടെത്തിയതോടെയാണ് ആർ ട്ടി പിസിആർ പരിശോധനയ്ക്ക് വിധേയനായി. അതിൽ ആദ്യം നെഗറ്റീവ് കണ്ടെത്തിയെങ്കിലും പിന്നീട് വൈകുന്നേരം മൂന്നുപേർക്കും പോസിറ്റീവ് ആണെന്ന് അറിയുകയായിരുന്നു. താരത്തിൻറെ ആരോഗ്യനില ഡൽഹി ക്യാപിറ്റൽസ് മെഡിക്കൽ സംഘം നിരീക്ഷിച്ചുവരികയാണ്.
ഇപ്പോൾ എല്ലാവരും റൂമിൽ ക്വാറൻ്റിനിൽ ഇരിക്കുകയാണ്. ഇന്ന് രാവിലെ വരുന്ന ഫലത്തെ അനുസരിച്ചിരിക്കും നാളത്തെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരം. ഇതുവരെയുള്ള സൂചന വെച്ച് നാളത്തെ മത്സരം നടക്കും എന്ന് തന്നെയാണ് പറയുന്നത്. ഏഴു ഇന്ത്യൻ താരങ്ങൾ അടക്കം 12 താരങ്ങൾ ലഭ്യമാണെങ്കിൽ മുൻനിശ്ചയിച്ച പ്രകാരം കളി നടക്കണമെന്നാണ് ഐപിഎൽ ചട്ടം.
അതുകൊണ്ടുതന്നെ മത്സരം നടക്കും എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇതുവരെ മറ്റു ക്യാമ്പുകളിൽ ഒന്നും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം മത്സരത്തിനുള്ള വേദിയില്‍ ഐപിഎല്‍ കമിറ്റി മാറ്റം വരുത്തി. പൂനെയില്‍ നിന്നും ബ്രാബോണിലേക്കാണ് വേദി മാറ്റിയത്. യാത്രക്കിടെ കൂടുതല്‍ കേസുകള്‍ ഒഴിവാക്കാനാണ് ഈ തീരുമാനം.