ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മത്സരത്തിൽ ഒരു വിവാദ ഡിക്ലയറിങ് അരങ്ങേറിയിരിക്കുകയാണ്. ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജാ ഡബിൾ സെഞ്ച്വറിക്ക് അരികിൽ നിൽക്കുമ്പോഴാണ് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. താരം 368 പന്തുകളിൽ നിന്നും 19 ഫോറും ഒരു സിക്സറും അടക്കം 195 റൺസുമായി ക്രീസിൽ ഉണ്ടായിരുന്നു.
ഓസ്ട്രേലിയ നാല് നഷ്ടത്തിൽ 475 റൺസ് എന്ന നിലയിൽ നിൽക്കുന്നതിനിടയിലാണ് കമ്മിൻസ് ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി എന്ന നേട്ടത്തിലേക്ക് വെറും 5 റൺസ് ദൂരം മാത്രം ഉള്ളപ്പോഴാണ് നായകൻ തിരിച്ചുവിളിച്ചത്. ഒന്നോ രണ്ടോ കൂടുതൽ ഓവർ അനുവദിക്കാൻ ഓസീസ് നായകൻ സന്മനസ്സ് കാണിക്കാത്തതാണ് എല്ലാ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ചത്. താരത്തിന് ഇരട്ട സെഞ്ച്വറി അനുവദിക്കാൻ കമ്മിൻസിന് മനസ്സ് വരാതെ പോയത് വെളിച്ചക്കുറവും മഴയും മൂലം മത്സരത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടതുകൊണ്ടാണ്.
ഈ സംഭവത്തെ എല്ലാ ക്രിക്കറ്റ് ആരാധകരും ഉപമിക്കുന്നത് 2004ൽ മുൾത്താൻ ടെസ്റ്റിൽ സച്ചിൻ ഇരട്ട സെഞ്ച്വറിയുടെ അരികിൽ നിൽക്കുമ്പോൾ അന്നത്തെ നായകൻ രാഹുൽ ദ്രാവിഡ് ഡിക്ലയർ ചെയ്ത സംഭവമാണ്. അന്ന് സച്ചിൻ 194 റൺസ് എടുത്ത് ക്രീസിൽ നിൽക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഇന്ത്യ ഡിക്ലയർ ചെയ്തത്. ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയ്ക്ക് അന്നത്തെ രാഹുൽ ദ്രാവിഡിന്റെ തീരുമാനം വഴി വച്ചിരുന്നു.
അതേസമയം ഓസ്ട്രേലിയയിലേക്ക് വേണ്ടി സ്റ്റീവ് സ്മിത്തും സെഞ്ച്വറി നേടി. 11 ഫോറുകളും രണ്ട് സിക്സറുകളും അടക്കം 192 പന്തുകളിൽ നിന്ന് 104 റൺസ് ആണ് താരം നേടിയത്. ഓസ്ട്രേലിയക്ക് വേണ്ടി ലബുഷൈൻ 79ഉം, ട്രാവിസ് ഹെഡ് 70 റൺസും നേടി.