ക്രിക്കറ്റിലെ വമ്പൻ ശക്തികളിൽ എന്നും ഇന്ത്യയ്ക്ക് സ്ഥാനമുണ്ട്. എന്നാൽ അത് ഐസിസി ടൂർണമെന്റുകളിൽ വരുമ്പോൾ മാറുകയാണ്. പുലികൾ എലികൾ ആകുന്ന കാഴ്ചയാണ് അത്തരം വേദികളിൽ കാണുന്നത്. 2013 ലാണ് ഇന്ത്യ അവസാനമായി ഒരു ഐസിസി ടൂർണ്ണമെൻ്റ് വിജയിച്ചത്. അതും ധോണി നായകൻ ആയിരിക്കുമ്പോൾ. ശേഷം വന്ന കോഹ്ലിക്കും രോഹിത് ശർമക്കും ഇന്ത്യക്ക് ഒരു ഐസിസി കിരീടം നേടിക്കൊടുക്കുവാൻ സാധിച്ചിട്ടില്ല.
ഇപ്പോഴിതാ എന്തുകൊണ്ടാണ് ഇന്ത്യക്ക് ഒരു ഐസിസി കിരീടം നേടാത്തതിന്റെ കാരണം എന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ബാല്യകാല പരിശീലകൻ ദിനേശ് ലാദ്.”ഇന്ത്യ സന്തുലിതമായ ഒരു ടീമാണെന്ന് കഴിഞ്ഞ 7,8 മാസങ്ങളായുള്ള ഇന്ത്യൻ ടീമിലേക്ക് നോക്കിയാൽ പറയാനാകില്ല. ഇന്ത്യക്ക് ലോകകപ്പിന് തയ്യാറെടുക്കണമെങ്കിൽ ആദ്യം ഒരു മികച്ച ടീമിനെ ഉണ്ടാക്കണം.
ആരെങ്കിലും പന്തറിയും ആരെങ്കിലും ഓപ്പൺ ചെയ്യും ഇതാണ് കുറച്ച് കാലമായിട്ടുള്ള ഇന്ത്യയുടെ അവസ്ഥ. ഇന്ത്യക്ക് കിരീടം കിട്ടുന്നില്ലെങ്കിൽ അതിൻ്റെ കാരണം ജോലിഭാരം ആണെന്ന് പറയാൻ കഴിയില്ല. ഇന്ത്യ ലോകകപ്പ് നേടണമെങ്കിൽ ആദ്യം ഐപിഎൽ കളിക്കുന്നത് നിർത്തണം. വ്യക്തമായ ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നത്. അതിൽ നിന്നും പറഞ്ഞു രക്ഷപ്പെടാൻ ഒരിക്കലും സാധിക്കില്ല.
അനാവശ്യമായി ഇന്ത്യൻ താരങ്ങൾക്ക് വിശ്രമം നൽകുന്നത് നിർത്തണം. ന്യൂസിലാൻഡിനെതിരെ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയതിനോട് യോജിപ്പില്ല. ലോകകപ്പിന് തയ്യാറെടുക്കുകയാണെങ്കിൽ അവിടെ രോഹിത് ശർമയുടെ സാന്നിധ്യം നിർബന്ധമാണ്. രോഹിത് ലോകകപ്പിൽ നന്നായി കളിച്ചില്ല എന്നതും നയിച്ചില്ല എന്നതും സത്യമാണ്. അത് വെച്ച് രോഹിത്തിന് മാത്രം കുറ്റം പറയാൻ പറ്റില്ല.”- ദിനേഷ് ലാദ് പറഞ്ഞു.