ഐപിൽ പതിനാലാം സീസൺ ആവേശം വളരെ നിർണായക ഘട്ടത്തിലേക്ക് കൂടി കടക്കുകയാണ്.സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ ജയിക്കേണ്ടത് ടീമുകൾക്ക് എല്ലാം പ്രധാനമായി മാറുമ്പോൾ ഓരോ മത്സരവും തീപാറുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.നിലവിൽ ഐപിൽ പ്ലേഓഫിലേക്ക് ചെന്നൈ സൂപ്പർ കിങ്‌സ് ടീം മാത്രം യോഗ്യത ഉറപ്പിക്കുമ്പോൾ മറ്റ് ടീമുകൾക്ക് സാധ്യതകൾ ഇനിയുമുണ്ട്. കൂടാതെ അവസാന റൗണ്ട് മത്സരങ്ങൾ എല്ലാം പോയിന്റ് ടേബിളിലെ സ്ഥാനങ്ങൾ കൂടി നിർണയിക്കും.ഐപിൽ സീസൺ ആരംഭിക്കും മുൻപ് ഏറ്റവും അധികം ആരാധകർ ഇത്തവണ കിരീടപ്രതീക്ഷ വെച്ചുപുലർത്തിയ ടീമാണ് പഞ്ചാബ് കിങ്‌സ്. ലോകേഷ് രാഹുൽ നയിക്കുന്ന ടീമിൽ ഗെയിൽ, പൂരൻ, ഹൂഡ എന്നിവർ എത്തുമ്പോൾ മറ്റൊരു വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് എല്ലാവരും ഏറെ പ്രതീക്ഷിച്ചത്.
അതേസമയം സീസണിലെ മോശം ബാറ്റിങ് ടീമെന്ന ഖ്യാതി നേടിയാണ് പഞ്ചാബ് ടീം സീസണിൽ മുൻപോട്ട് പോകുന്നത്. ഈ സീസണിൽ കളിച്ച 11 മത്സരങ്ങളിൽ ഏഴിലും തോൽവി വഴങ്ങിയ പഞ്ചാബ് കിങ്‌സ് ടീം മറ്റൊരു പ്ലേഓഫ് പുറത്താകൽ മുൻപിൽ കാണുകയാണ്. ടീമിലെ വമ്പൻ താരങ്ങൾ പലരും ബാറ്റിങ് ഫോമിലേക്ക് ഉയർന്നാൽ മാത്രമേ പഞ്ചാബ് ടീമിന്റെ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ. എന്നാൽ സീസണിലെ ബാക്കി മൂന്ന് മത്സരങ്ങളിൽ വമ്പൻ ജയം ലക്ഷ്യമാക്കി പരിശീലനം ആരംഭിച്ച പഞ്ചാബ് കിങ്‌സ് ടീമിന് മറ്റൊരു കനത്ത തിരിച്ചടി സമ്മാനിക്കുന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ടീമിലെ സ്റ്റാർ ബാറ്റ്‌സ്മാൻ ക്രിസ് ഗെയിൽ താൻ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ല എന്നറിയിക്കുകയാണിപ്പോൾ. കൂടാതെ ടീമിനോപ്പമുള്ള ബയോ :ബബിൾ യാത്രയും അവസാനിപ്പിക്കുന്നതായി വെസ്റ്റ് ഇൻഡീസ് താരം സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി അറിയിച്ചു.
നിലവിൽ താൻ അനുഭവിക്കുന്നത് ഏറെ കടുത്ത ബയോ ബബിൾ സമ്മർദ്ദമാണ് എന്നും വിശദമാക്കിയ ഗെയിൽ തന്റെ പിന്മാറ്റം ഈ ഒരൊറ്റ കാരണത്താൽ മാത്രമാണ് എന്നും അറിയിക്കുന്നു.”ഏറെ കടുത്ത ബയോ ബബിൾ സമ്മർദ്ദമാണ് ഞാൻ നേരിടുന്നത്.കരീബിയൻ പ്രീമിയർ ലീഗിലെ ബയോ ബബിളിന് ശേഷമാണ് ഞാൻ ഐപിൽ ബബിളിൽ പ്രവേശിച്ചത്. എന്റെ മനസ്സിനെ കൂടുതൽ ഉന്മേഷം ആക്കുവാനും ഒപ്പം ടി :20 ലോകകപ്പിന് മുൻപായി ഒരുക്കങ്ങൾ സജ്ജമാക്കാനും ഞാൻ ടീം വിടുകയാണ്. എന്റെ ആവശ്യം പരിഗണിച്ച പഞ്ചാബ് കിങ്‌സ് ടീമിനും എന്റെ നന്ദി അറിയിക്കുന്നു. വരുന്ന ടി :20 ലോകകപ്പിൽ ഞാൻ വെസ്റ്റ് ഇൻഡീസ് ടീമിനായി കളിക്കാൻ എത്തും “ഗെയിൽ വിശദമാക്കി.