കഴിഞ്ഞ വർഷങ്ങളിലൊക്കെയും ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്രധാന ബോളറായിരുന്നു ഇന്ത്യൻ താരം ദീപക് ചാഹർ. എന്നാൽ ഇത്തവണത്തെ മെഗാ ലേലത്തിന് മുന്നോടിയായി ദീപക് ചാഹറിനെ ചെന്നൈയ്ക്ക് റിലീസ് ചെയ്യേണ്ടിവന്നു. ശേഷം തങ്ങളുടെ താരത്തെ തിരികെ ടീമിലെത്തിക്കാൻ ചെന്നൈ അതികഠിനമായി ലേലത്തിൽ ശ്രമിച്ചിരുന്നു.
എന്നാൽ ആവശ്യമായ തുക ഇല്ലാത്തതിനാൽ ചെന്നൈയ്ക്ക് ചാഹറിനെ വിട്ടു നൽകേണ്ടിവന്നു. ശേഷം മുംബൈ ഇന്ത്യൻസാണ് ചാഹറിനെ ലേലത്തിൽ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിംഗ്സുമായി വളരെ വൈകാരികപരമായ ബന്ധമാണ് ചാഹർ പുലർത്തിയിരുന്നത്. എന്നിരുന്നാലും ചെന്നൈ തന്നെ ലേലത്തിൽ സ്വന്തമാക്കാതിരുന്നതിൽ തനിക്ക് യാതൊരു പരാതിയുമില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ചാഹർ ഇപ്പോൾ.
ചെന്നൈ സൂപ്പർ കിംഗ്സുമായുള്ള തന്റെ പ്രത്യേക ബന്ധത്തിന് കാരണം മുൻ ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ് എന്ന് ചാഹർ പറയുന്നു. ധോണി ഉള്ളതു കൊണ്ടാണ് ചെന്നൈ ടീമിൽ തന്നെ തുടരാൻ താൻ ആഗ്രഹിക്കുന്നതെന്നും ചാഹർ കൂട്ടിച്ചേർത്തു. എന്നിരുന്നാലും ചില സമയങ്ങളിൽ ഇത്തരം സന്ദർഭങ്ങൾ നമ്മൾ പ്രതീക്ഷിക്കണമെന്നും ചാഹർ പറയുകയുണ്ടായി.
“എന്റെ കരിയറിന്റെ തുടക്കം മുതൽ വലിയ പിന്തുണയാണ് മഹി ഭായ് എനിക്ക് നൽകുന്നത്. അതുകൊണ്ടാണ് എനിക്ക് ചെന്നൈ ടീമിൽ കളിക്കണമെന്ന ആഗ്രഹമുണ്ടാകുന്നത്. പക്ഷേ ലേലത്തിന്റെ രണ്ടാം ദിവസമാണ് എന്റെ പേര് എത്തിയത്. അതുകൊണ്ടുതന്നെ ചെന്നൈയ്ക്ക് എന്നെ ടീമിൽ തിരികെയെത്തിക്കാൻ നല്ല പ്രയാസം ഉണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നു. കാരണം അവർക്ക് ആ സമയത്ത് വളരെ കുറച്ചു തുക മാത്രമാണ് കയ്യിൽ ഉണ്ടായിരുന്നത്. 13 കോടി മാത്രം കയ്യിലുള്ളപ്പോഴും അവർ 9 കോടി രൂപ വരെ എനിക്കായി ലേലം വിളിക്കുകയുണ്ടായി.”- ചാഹർ പറഞ്ഞു.
“ഇത്തരത്തിൽ ചെന്നൈയ്ക്ക് എന്നെ തിരികെ വിളിച്ച് എടുക്കുക എന്നത് ബുദ്ധിമുട്ടാണ് എന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പാകപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ എന്റെ പേര് ആദ്യമാണ് വന്നത്. അതുകൊണ്ട് ചെന്നൈയ്ക്ക് എന്നെ തിരികെ എടുക്കുക എന്നത് വളരെ അനായാസമായിരുന്നു. പക്ഷേ ഇത്തവണ അത് സാധിച്ചില്ല. എന്നിരുന്നാലും എനിക്ക് യാതൊരുവിധ പരാതിയുമില്ല.”- ചാഹർ കൂട്ടിച്ചേർക്കുകയുണ്ടായി. കഴിഞ്ഞ സീസണുകളിൽ പവർപ്ലെ ഓവറുകളിൽ ചെന്നൈയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത ബോളറാണ് ചാഹർ.
എന്നിരുന്നാലും പലപ്പോഴും പരിക്കിന്റെ പിടിയിലായിരുന്നു ചാഹർ. അതിനാൽ തന്നെ ഇന്ത്യയുടെ ടീമിൽ നിന്ന് പലപ്പോഴും ചാഹറിന് പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇത്തവണ രോഹിത് ശർമ, ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നീ വമ്പൻ താരങ്ങൾക്കൊപ്പം മുംബൈ ടീമിൽ അണിനിരക്കാനുള്ള അവസരമാണ് ചാഹറിന് വന്നുചേർന്നിരിക്കുന്നത്.
ഈ അവസരം കൃത്യമായി മുതലാക്കാൻ സാധിച്ചാൽ ചാഹറിന് ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ സാധിക്കും. എന്നിരുന്നാലും ചെന്നൈ ടീമിലേക്ക് തിരികെയെത്താൻ സാധിക്കാത്തതിന്റെ നിരാശ പ്രകടിപ്പിച്ചു കൊണ്ടാണ് ചാഹർ സംസാരിക്കുന്നത്.