15 ഓവറില്‍ 171 റണ്‍സ് വിജയലക്ഷ്യം അടിച്ചെടുത്തു. ചെന്നെക്ക് അഞ്ചാം ഐപിഎല്‍ കിരീടം.

മൂന്നു ദിവസം നീണ്ട് നിന്ന ഐപിഎല്‍ ഫൈനലിന് ഒടുവില്‍ ചെന്നെക്ക് കിരീടം. 15 ഓവറില്‍ 171 റണ്‍സ് എന്ന വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. 28ാം തീയ്യതി ആരംഭിച്ച മത്സരം റിസര്‍വ്വ് ദിനമായ തിങ്കളാഴ്ച്ചയും കടന്ന് ചൊവ്വാഴ്ച്ച പുലര്‍ച്ചയാണ് മത്സര ഫലം തന്നത്. അവസാന രണ്ട് പന്തില്‍ 10 റണ്‍ വേണമെന്നിരിക്കെ സിക്സും ഫോറും നേടി ജഡേജയാണ് മത്സരം ചെന്നൈയെ വിജയിപ്പിച്ചത്.

3 പന്തില്‍ 4 റണ്ണുമായി ചെന്നൈ ഓപ്പണര്‍മാര്‍ നില്‍ക്കുമ്പോള്‍ രസംകൊല്ലിയായി മഴ എത്തി. പിന്നീട് വിജയലക്ഷ്യം 15 ഓവറില്‍ 171 ആയി നിശ്ചയിച്ചു. വിജയലക്ഷ്യത്തിനായി എത്തിയ ചെന്നൈ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. 7ാം ഓവറില്‍ കോണ്‍വയെയും (25 പന്തില്‍ 47) ഗെയ്ക്വാദിനെയും (16 പന്തില്‍ 26) നൂര്‍ അഹമ്മദ് പുറത്താക്കി ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. അവസാന 6 ഓവറില്‍ 72 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

20230530 005943

13 പന്തില്‍ 27 റണ്‍സുമായി രഹാനയും ചെന്നൈക്കായി നിര്‍ണായക സംഭാവന നല്‍കി. 3 ഓവറില്‍ 38 റണ്‍സ് വേണ്ടപ്പോള്‍ മോഹിത് ശര്‍മ്മയെ ആദ്യ 3 പന്തുകളില്‍ 16 റണ്‍സിന് റായുഡു പറത്തി. എന്നാല്‍ തുടര്‍ച്ചയായി പന്തുകളില്‍ റായുഡു (19) ധോണി (0) എന്നിവരെ പുറത്താക്കി ഗുജറാത്ത് തിരിച്ചെത്തി.

14ാം ഓവര്‍ എറിഞ്ഞ ഷമി വെറും 8 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. അവസാന ഓവറില്‍ വിജയിക്കാന്‍ 13 റണ്‍സാണ് വേണ്ടിയിരുന്നത്. മോഹിത് ശര്‍മ്മ എറിഞ്ഞ ആദ്യ പന്തില്‍ റണ്ണെടുക്കാനായില്ലാ. രണ്ടാം പന്തില്‍ ഡൂബൈ ജഡേജക്കായി സ്ട്രൈക്ക് കൈമാറി.വീണ്ടും ജഡേജയുടെ സിംഗിള്‍. ഡൂബൈ സ്ട്രൈക്ക് വീണ്ടും കൈമാറി. അടുത്ത പന്തില്‍ ജഡേജയുടെ സിക്സ്. അവസാന പന്തില്‍ 4 റണ്‍ വേണമെന്നിരിക്കെ ജഡേജയുടെ ഫോര്‍.

20230530 010021

മൂന്നാമനായിറങ്ങി 47 പന്തില്‍ 8 ഫോറും 6 സിക്‌സും സഹിതം 96 റണ്‍സെടുത്ത സായി സുദര്‍ശന്‍റെ കരുത്തില്‍ കൂറ്റന്‍ സ്കോറാണ് ഗുജറാത്ത് പടുത്തുയര്‍ത്തിയത്. 20 ഓവറില്‍ 4 വിക്കറ്റ്  നഷ്ടത്തില്‍ 214 റണ്‍സ് നേടിയ ഗുജറാത്ത് ഐപിഎല്‍ ഫൈനലിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് നേടിയത്.

ഓപ്പണർമാരായ ശുഭ്‌മാന്‍ ഗില്‍ 20 പന്തില്‍ 39 റണ്‍സും വൃദ്ധിമാന്‍ സാഹ 39 പന്തില്‍ 54 റണ്‍സുമെടുത്തു. റാഷിദ് ഖാന്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 12 പന്തില്‍ 21* റണ്‍സുമായി പുറത്താവാതെ നിന്നു. ചെന്നൈക്കായി മതീഷ പതിരാന രണ്ടും രവീന്ദ്ര ജഡേജയും ദീപക് ചാഹറും ഓരോ വിക്കറ്റും സ്വന്തമാക്കി.

Previous articleഒടിയന്റെ അടുത്തോ മായവിദ്യ. ഗില്ലിനെ ഞെട്ടിച്ച് ധോണിയുടെ ‘ഹൈസ്പീഡ് സ്റ്റമ്പിങ്.
Next article2 പന്തില്‍ വിജയിക്കാന്‍ 10 റണ്‍സ്. ജഡേജ ദി ഫിനിഷര്‍. ചെന്നൈക്ക് അഞ്ചാം കിരീടം.