ഒടിയന്റെ അടുത്തോ മായവിദ്യ. ഗില്ലിനെ ഞെട്ടിച്ച് ധോണിയുടെ ‘ഹൈസ്പീഡ് സ്റ്റമ്പിങ്.

2023 ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ വീണ്ടും ധോണി മാജിക്. ഗുജറാത്തും ചെന്നൈയും തമ്മിൽ നടക്കുന്ന ഫൈനലിനിടയാണ് ധോണി ഒരു അവിസ്മരണീയമായ സ്റ്റമ്പിങ്ങിലൂടെ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയത്. മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശേഷം മികച്ച തുടക്കം തന്നെയാണ് സാഹയും ഗില്ലും ചേർന്ന ഗുജറാത്തിന് നൽകിയത്. ഇരുവരും പവർപ്ലേ ഓവറുകളിൽ തന്നെ ചെന്നൈക്ക് ഭീഷണി ഉണ്ടാക്കും എന്ന് ഉറപ്പുവരുത്തിയിരുന്നു. ശേഷമാണ് ഒരു സ്റ്റൈലൻ സ്റ്റമ്പിങ്ങുമായി മഹേന്ദ്ര സിംഗ് ധോണി ഗില്ലിനെ പറഞ്ഞയച്ചത്.

മത്സരത്തിൽ ജഡേജ എറിഞ്ഞ ഏഴാം ഓവറിലെ അവസാന പന്തിലായിരുന്നു ധോണിയുടെ ഈ ഹൈസ്പീഡ് സ്റ്റമ്പിങ്. വളരെ ഫ്ലാറ്റായാണ് ജഡേജ പന്ത് എറിഞ്ഞത്. ഗിൽ ഇത് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ടേൺ ചെയ്തുവന്ന പന്ത് ബാറ്റിൽ കൊള്ളാതെ ധോണിയുടെ കയ്യിലേക്ക് വരികയായിരുന്നു. പന്ത് കയ്യിലെത്തി ഒരു നിമിഷം പോലും കളയാതെ ധോണി അതിവിദഗ്ധമായി സ്റ്റാമ്പ് പിഴുതെറിയുന്നതാണ് കണ്ടത്. എന്നിരുന്നാലും ചെന്നൈയുടെ കളിക്കാർക്കും മറ്റുള്ളവർക്കും തന്നെ ഇത് ഔട്ടാണോ എന്നത് സംശയം ഉണ്ടായിരുന്നു. എന്നാൽ ധോണി വളരെ ആത്മവിശ്വാസത്തോടെ തന്നെയാണ് ജഡേജയുടെ അടുത്തേക്ക് നടന്നത്.

ശേഷം റിപ്ലൈയിലൂടെ കൃത്യമായി ഇത് ഔട്ടാണ് എന്ന് വ്യക്തമാവുകയായിരുന്നു. ധോണി ഗില്ലിന്റെ സ്റ്റമ്പ് തെറിപ്പിച്ച സമയത്ത് ഗില്‍ ക്രീസിന് വെളിയിലായിരുന്നു. അങ്ങനെ അപകടകാരിയായ ഗില്‍ കൂടാരം കയറുകയുണ്ടായി. എന്നിരുന്നാലും മത്സരത്തിൽ 20 പന്തുകളിൽ 39 റൺസ് നേടിയാണ് ഗിൽ മടങ്ങിയത്. ഏഴ് ബൗണ്ടറികളാണ് ഗില്ലിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്.

ഗുജറാത്തിനായി ഫൈനലിൽ ഒരു മികച്ച തുടക്കം നൽകാൻ സാഹയ്ക്കും ഗില്ലിനും സാധിച്ചിട്ടുണ്ട്. ഇരുവരും ചേർന്ന് ബാറ്റിംഗിന് അനുകൂലമായ വിക്കറ്റിൽ അതിവിദഗ്ധമായി ചെന്നൈ ബോളർമാരെ അടിച്ചു തകർക്കുന്നതാണ് കാണാൻ സാധിക്കുന്നത് ആദ്യ ഓവറുകളിൽ തന്നെ ചെന്നൈയുടെ ബോളർമാരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ഇരുവർക്കും സാധിച്ചിരുന്നു. മറുവശത്ത് തങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളിൽ കൂടുതൽ വിക്കറ്റുകൾ കണ്ടെത്താനാണ് ചെന്നൈയുടെ ശ്രമം.