2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു തിരിച്ചുവരവ് പ്രകടനം തന്നെയാണ് അജിങ്ക്യ രഹാനെ നടത്തിയിട്ടുള്ളത്. ഈ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് രഹാനെ കാഴ്ചവച്ചിരിക്കുന്നത്. ഇതിനുള്ള കാരണത്തെപ്പറ്റി രഹാനെ മുൻപ് സംസാരിക്കുകയുണ്ടായി. ചെന്നൈ സൂപ്പർ കിംഗ്സ് തനിക്ക് നൽകുന്ന സ്വാതന്ത്രമാണ് ഇത്തരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവയ്ക്കാൻ കാരണമാകുന്നത് എന്ന് രഹാനെ പറഞ്ഞിരുന്നു. ഇതോടൊപ്പം കഴിഞ്ഞ കുറച്ച് സീസണിൽ തനിക്ക് ടീമുകൾ ആവശ്യമായ പിന്തുണ നൽകിയിരുന്നില്ല എന്നും രഹാനെ പറഞ്ഞു. മുൻ ടീമുകളിൽ തനിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല എന്ന അഭിപ്രായമാണ് രഹാനയ്ക്കുള്ളത്.
“ഇപ്പോൾ ഞാൻ എന്റെ ബാറ്റിംഗ് അങ്ങേയറ്റം ആസ്വദിക്കുന്നുണ്ട്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ വിജയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. മഹേന്ദ്ര സിംഗ് ധോണിക്ക് കീഴിൽ കളിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാനും മൈതാനത്ത് ഉപയോഗിക്കാനും സാധിക്കുന്നു. മാത്രമല്ല താരങ്ങളൊക്കെയും ഫോർമാറ്റ് അനുസരിച്ച് മാറുകയും കഴിവുകൾ വർധിപ്പിക്കുകയും ചെയ്യണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.”- രഹാനെ പറഞ്ഞു.
“ഇത്തവണത്തെ ഐപിഎല്ലിനായി ഞാൻ നല്ല രീതിയിൽ തയ്യാറെടുത്തിരുന്നു. എല്ലായിപ്പോഴും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാനാണ് ശ്രമിക്കുന്നത്. കുറച്ച് ഷോട്ടുകൾ ഞാൻ പുതുതായി പഠിച്ചെടുത്തിരുന്നു. ഇപ്പോൾ ബാറ്റിംഗ് ക്രീസിലെത്തിയ ഉടനെ ഇത്തരം ഷോട്ടുകൾ കളിക്കാൻ എനിക്ക് സഹായകരമായി മാറുന്നത് ചെന്നൈ സൂപ്പർ കിംഗ്സ് എനിക്ക് നൽകിയ സ്വാതന്ത്ര്യവും പിന്തുണയും തന്നെയാണ്. മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിക്കുന്നതാണ് എന്റെ ബാറ്റിംഗിൽ ചേഞ്ചസ് ഉണ്ടാവാൻ കാരണം. ചെന്നൈ എന്നെ ടീമിലെടുത്തപ്പോൾ തന്നെ ഞാൻ സന്തോഷവാനായിരുന്നു. അവർ എനിക്ക് ആഹ്ലാദപരമായി കളിക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. കുറച്ചു വർഷം മുമ്പ് എനിക്ക് ഇത്രയും അവസരങ്ങൾ ലഭിച്ചിരുന്നില്ല. മാത്രമല്ല മത്സരങ്ങളിൽ തുടർച്ചയായി കളിക്കാൻ സാധിച്ചില്ലെങ്കിൽ കഴിവു തെളിയിക്കാൻ സാധിക്കാതെ വരും. പുതിയ ഷോട്ടുകളും കളിക്കാൻ സാധിക്കില്ല.”- രഹാനെ കൂട്ടിച്ചേർക്കുന്നു.
മുൻപ് കൊൽക്കത്ത നൈറ്റ് റൈഡഴ്സ് ടീം അംഗമായിരുന്നു രഹാനെ. എന്നാൽ കൊൽക്കത്തയ്ക്കായി ഒരുപാട് മത്സരങ്ങൾ കളിക്കാൻ രഹാനേക്ക് അവസരം ലഭിച്ചിരുന്നില്ല. ശേഷമാണ് ഇത്തവണത്തെ മിനി ലേലത്തിൽ കേവലം 50 ലക്ഷം രൂപയ്ക്ക് രഹാനയെ ചെന്നൈ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ രഹാനയ്ക്ക് ടീമിൽ സ്ഥാനം ലഭിച്ചില്ലെങ്കിലും. പിന്നീട് ചെന്നൈ രഹാനെയേ പരീക്ഷിക്കുകയായിരുന്നു. എന്തായാലും രഹാനയുടെ ഒരു പുതിയ വേർഷൻ തന്നെയാണ് 2023 ഐപിഎല്ലിൽ കാണുന്നത്.