ഞങ്ങൾ പ്ലേയോഫിൽ കളിക്കുക തന്നെ ചെയ്യും. ആത്മവിശ്വാസം പ്രകടിപ്പിച്ച് ചഹൽ.

ഹൈദരാബാദിനെതിരായ മത്സരത്തിലും പരാജയമറിഞ്ഞതോടെ രാജസ്ഥാന്റെ പ്ലെയോഫ് പ്രതീക്ഷകൾക്ക് വലിയ രീതിയിൽ മങ്ങലേറ്റിരിക്കുകയാണ്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു തകർപ്പൻ തുടക്കം തന്നെയായിരുന്നു രാജസ്ഥാന് ലഭിച്ചത്. എന്നാൽ കഴിഞ്ഞ 6 മത്സരങ്ങളിൽ 5 മത്സരങ്ങളിലും രാജസ്ഥാൻ പരാജയപ്പെടുകയുണ്ടായി. എല്ലാം മത്സരങ്ങളും തങ്ങളുടെ കയ്യിൽ വന്നതിനുശേഷം വിട്ടു നൽകുകയായിരുന്നു രാജസ്ഥാൻ. ഈ സാഹചര്യത്തിൽ രാജസ്ഥാന്റെ പ്ലെയോഫ് പ്രതീക്ഷകളെ കുറിച്ച് സംസാരിക്കുകയാണ് അവരുടെ സ്പിന്നർ ചഹൽ.

ഇപ്പോഴും തങ്ങൾക്ക് പ്ലേയോഫിൽ കളിക്കാൻ സാധിക്കുമെന്ന് വലിയ പ്രതീക്ഷയുണ്ട് എന്നാണ് ചഹൽ മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞത്. “പ്ലേയോഫ് യോഗ്യത നേടുക എന്നത് അത്ര അനായാസമായ കാര്യമല്ല. അതിന് കുറച്ച് സമയം എടുത്തേക്കും. പക്ഷേ ഇപ്പോഴും ഞങ്ങൾക്കു മുൻപിൽ മൂന്നു മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്. ശേഷിക്കുന്ന ഈ മൂന്ന് മത്സരങ്ങളിലും ജയിച്ചാൽ ഞങ്ങൾക്ക് പ്ലേയോഫിലേത്താൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.”- ചഹൽ പറഞ്ഞു.

ഇതോടൊപ്പം മത്സരത്തിലെ പരാജയം തങ്ങളെ വലിയ രീതിയിൽ ബാധിക്കില്ല എന്ന് ചാഹൽ പറയുകയുണ്ടായി. വലിയ ഒരു തിരിച്ചുവരവിനായിയാണ് ടീം ശ്രമിക്കുന്നതെന്നും അതിന് എല്ലാവരുടെയും കൂട്ടായ പ്രയത്നം വേണമെന്നും ചഹൽ പറഞ്ഞു. “പരാജയമെന്നത് കളിയുടെ ഭാഗമാണ്. ഞങ്ങൾ തീർച്ചയായും തിരിച്ചു വരും. ഹൈദരാബാദിനെതിരായ മത്സരം എത്ര വേഗത്തിൽ മറക്കാൻ സാധിക്കുമോ അത്രവേഗത്തിൽ മറക്കുക തന്നെ ചെയ്യണം. അതാണ് ഞങ്ങളെ സംബന്ധിച്ച് ഏറ്റവും നല്ല കാര്യം.”- ചഹൽ കൂട്ടിചേർക്കുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനായി മികച്ച പ്രകടനം തന്നെയായിരുന്നു ജോസ് ബട്ലറും സഞ്ജു സാംസണും കാഴ്ചവച്ചത്. ബട്ലർ മത്സരത്തിൽ 59 പന്തുകളിൽ 95 റൺസ് നേടി. ഇരുവരുടെയും ബാറ്റിംഗിന്റെ ബലത്തിൽ 181 റൺസാണ് രാജസ്ഥാൻ ആദ്യ ഇന്നിങ്സിൽ കൂട്ടിച്ചേർത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് മത്സരത്തിന്റെ അവസാന ഓവർ വരെ ബാക്ക് ഫുട്ടിൽ തന്നെയായിരുന്നു. എന്നാൽ അവസാന ഓവറുകളിൽ ഹൈദരാബാദ് ബാറ്റർമാർ അടിച്ചുതകർത്തതോടെ മത്സരം അവരുടെ കയ്യിൽ വന്നു ചേരുകയായിരുന്നു.

Previous articleസഞ്ജുവിന്റെ ക്യാപ്റ്റൻസി വിഡ്ഢിത്തം. 19ആം ഓവറിലെ മണ്ടത്തരം ചൂണ്ടിക്കാട്ടി മുഹമ്മദ്‌ കൈഫ്‌.
Next articleടെസ്റ്റ്‌ ഫൈനലിൽ രാഹുലിന് പകരക്കാരനെ നിശ്ചയിച്ച് ഇന്ത്യ. സാഹയ്ക്കും സർഫറാസിനും വീണ്ടും അവഗണന