ടെസ്റ്റ്‌ ഫൈനലിൽ രാഹുലിന് പകരക്കാരനെ നിശ്ചയിച്ച് ഇന്ത്യ. സാഹയ്ക്കും സർഫറാസിനും വീണ്ടും അവഗണന

ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എന്നാൽ അതിനു ശേഷം ഇന്ത്യൻ ടീമിലെ പ്രധാന കളിക്കാരനായ കെഎൽ രാഹുലിന് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിൽ രാഹുലിന് പകരക്കാരനെ നിശ്ചയിച്ചുകൊണ്ട് പുതിയ സ്ക്വാഡ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ബിസിസിഐ. കെഎൽ രാഹുലിന് പകരം വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെയാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിസിസിഐ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മികച്ച ഫോമിലുള്ള വൃദ്ധിമാൻ സാഹയെ ഒഴിവാക്കിക്കൊണ്ടാണ് ബിസിസിഐ ഇഷാൻ കിഷന് വീണ്ടും അവസരം നൽകിയിരിക്കുന്നത്. എന്നിരുന്നാലും കെ എസ് ഭരതാണ് നിലവിലെ ഒന്നാം നമ്പർ കീപ്പർ  അതിനുശേഷമാവും കിഷന് ടീമിൽ സ്ഥാനം ലഭിക്കുക.

ഇന്ത്യൻ പ്രീമിയർ ലീഗിനിടെ പരിക്കേറ്റ പേസർമാരായ ജയദേവ് ഉനാദ്കട്ടും ഉമേഷ് യാദവും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇരുവരുടെയും പരിക്കിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതിനാൽ തന്നെ പരിക്കു ഭേദമാകുന്നത് അനുസരിച്ചാവും ഇരുവരുടെയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സാന്നിധ്യത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുക. അതുവരെ ഇരുവരും ടീമംഗങ്ങളുടെ ലിസ്റ്റിൽ തന്നെ ഉണ്ടാകും. ഇതിനൊപ്പം ടീമിലെ റിസർവ് കളിക്കാരെയും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ സൂപ്പർതാരങ്ങളായ സൂര്യകുമാർ യാദവ്, ഋതുരാജ്, മുകേഷ് കുമാർ എന്നിവരെയാണ് റിസർവ് താരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ezgif 2 48a9d6b7b6

എന്നിരുന്നാലും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സർഫറാസ് ഖാനെ സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത് വലിയ രീതിയിൽ വിമർശനങ്ങൾ സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്. രോഹിത് ശർമ നായകനായ ടീമിൽ വലിയ മാറ്റങ്ങൾ തന്നെയാണ് നിലവിൽ സംഭവിച്ചിരിക്കുന്നത്. മെയിൻ സ്ക്വാഡിലേക്ക് സൂര്യകുമാർ യാദവിന് പകരക്കാരനായി അജിങ്ക്യ രഹാനെയെ ഇന്ത്യ ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെ കാലത്തിനു ശേഷമാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് രഹാനെ തിരിച്ചെത്തുന്നത്. അതോടൊപ്പം ജസ്‌പ്രീറ്റ് ബുമ്രയുടെ അഭാവവും ടീമിന്റെ പ്രത്യേകത തന്നെയാണ്.

ജൂൺ 7 മുതൽ 11 വരെയാണ് ലണ്ടനിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഫൈനലിൽ നടക്കുക. ഇരു ടീമുകളും 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിൽ മികച്ച പ്രകടനങ്ങൾ തന്നെയാണ് കാഴ്ചവെച്ചിട്ടുള്ളത്. ഓസ്ട്രേലിയ പോയിന്റ്സ് ടേബിളിൽ ഒന്നാമതായും, ഇന്ത്യ രണ്ടാമതായുമാണ് ഫൈനലിൽ യോഗ്യത നേടിയത്. മാത്രമല്ല ഇംഗ്ലീഷ് കണ്ടീഷനിൽ പേസർമാരെ പിച്ചു തുണയ്ക്കുമെന്ന് ഉറപ്പാണ്. അതിനാൽ തന്നെ വലിയൊരു തയ്യാറെടുപ്പ് നടത്തിയ ശേഷമാവും ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിക്കുക. ഇന്ത്യയുടെ തുടർച്ചയായ രണ്ടാമത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണ്  നടക്കുന്നത്