ഒരുപാട് നാടകീയമായ സംഭവങ്ങളുടെ ഒരു കൂട്ടായ്മ തന്നെയായിരുന്നു ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ഏഷ്യകപ്പ് മത്സരം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മോശം പ്രകടനം തന്നെയായിരുന്നു നടത്തിയത്. അതിനുശേഷം ബോളിങ്ങിലേക്ക് വന്നപ്പോൾ ഇന്ത്യൻ നിരയുടെ ഒരു കൂട്ടായ്മ തന്നെ കാണാൻ സാധിച്ചു.
ഓരോ താരങ്ങളും തങ്ങളുടേതായ രീതിയിൽ ടീമിൽ സംഭാവനം നൽകിയതോടെ ആയിരുന്നു ഇന്ത്യ മത്സരത്തിൽ 41 റൺസിന്റെ വിജയം സ്വന്തമാക്കിയത്. മത്സരത്തിനിടെ ഉണ്ടായ ഒരു ആഹ്ലാദപ്രകടനമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. രോഹിത് ശർമയും വിരാട് കോഹ്ലിയും മൈതാനത്ത് ആഘോഷ പ്രകടനങ്ങൾ നടത്തുന്ന വീഡിയോ ആണ് ഹൈലൈറ്റ്.
മത്സരത്തിന്റെ ശ്രീലങ്കയുടെ 26ആം ഓവറിൽ ഇന്ത്യൻ സ്പിന്നർ ജഡേജ ശ്രീലങ്കൻ നായകൻ ഷനകയുടെ വിക്കറ്റ് സ്വന്തമാക്കുകയുണ്ടായി. ജഡേജ എറിഞ്ഞ പന്ത് ഷനക പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ടേൺ ചെയ്തുവന്ന പന്ത് ഷനകയുടെ ബാറ്റിന്റെ എഡ്ജിൽ കൊള്ളുകയും, സ്ലിപ്പിൽ നിന്ന രോഹിത്തിന്റെ കൈകളിലേക്ക് എത്തുകയും ചെയ്യുന്നു. ഒരു തകർപ്പൻ ഡൈവിലൂടെയാണ് രോഹിത് ഈ ക്യാച്ച് സ്വന്തമാക്കിയത്.
ഇതോടെ ശ്രീലങ്ക 99ന് 6 എന്ന നിലയിൽ തകരുകയും ചെയ്തു. ഈ സമയത്താണ് വിരാട് കോഹ്ലി ഓടി വന്ന് രോഹിത്തിനെ ആലിംഗനം ചെയ്തത്. ഇരുവരും തമ്മിലുള്ള ആഹ്ലാദപ്രകടനം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ ഉണ്ടാക്കി.
ഈ സാഹചര്യത്തിൽ മാത്രമല്ല, മത്സരത്തിന്റെ പല സമയത്തും രോഹിത് ശർമയും വിരാട് കോഹ്ലിയും മൈതാനത്ത് സജീവമായിരുന്നു. രോഹിത് ഓരോ തീരുമാനങ്ങൾ എടുക്കുമ്പോഴും വിരാട് കോഹ്ലിയുടെ നിർദ്ദേശങ്ങൾ ചോദിക്കുന്നതും പല സമയത്തും കാണാൻ സാധിച്ചു. ഇരുവരും തമ്മിൽ മൈതാനത്തിന് പുറത്ത് ശത്രുതയുണ്ട് എന്ന് പറയുന്ന ഒരു കൂട്ടം ആളുകൾക്കുള്ള മറുപടിയാണ് മത്സരത്തിലെ ഈ രംഗങ്ങളൊക്കെയും. ഇരുവരും മൈതാനത്തും മൈതാനത്തിന് പുറത്തും ഒരു ആത്മബന്ധം സൂക്ഷിക്കുന്നുണ്ട് എന്നതിന് ഉദാഹരണമാണ് ഈ ചിത്രങ്ങൾ നൽകുന്നത്.
മത്സരത്തിൽ ഈ കൂട്ടായ്മ തന്നെയാണ് ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത്. 213 എന്ന ചെറിയ സ്കോറിൽ ഓൾ ഔട്ട് ആയിട്ടും ഇന്ത്യൻ വീര്യം തകരാതിരുന്നതിന് കാരണം സീനിയർ താരങ്ങളുടെ ആത്മവിശ്വാസം തന്നെയാണെന്ന് പറയാം. എന്തായാലും വരും മത്സരങ്ങളിലും കോഹ്ലിയും രോഹിത്തും ഈ കൂട്ടായ്മ മുൻപോട്ടു കൊണ്ടുപോകുമെന്നും ഇന്ത്യയ്ക്ക് കൂടുതൽ വിജയങ്ങൾ സമ്മാനിക്കുമെന്നുമാണ് കരുതുന്നത്. നിലവിൽ ശ്രീലയ്ക്കെതീരായ മത്സരത്തിലെ വിജയത്തോടുകൂടി ഇന്ത്യ ഏഷ്യാകപ്പിന്റെ ഫൈനലിലേക്ക് കടന്നിട്ടുണ്ട്.