വേറൊരു ക്യാപ്റ്റനുമില്ലാത്ത ആ റെക്കോർഡ് ഇനി രോഹിതിന് സ്വന്തം.

ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനിടെ ഒരു അത്യപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. ലോക ക്രിക്കറ്റിൽ മറ്റൊരു നായകനും അവകാശപ്പെടാൻ സാധിക്കാത്ത ഒരു റെക്കോർഡാണ് രോഹിത് മത്സരത്തിൽ സ്വന്തമാക്കിയത്.

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ 24 മണിക്കൂറിനുള്ളിൽ 2 മത്സരങ്ങളിൽ വിജയം നേടുന്ന നായകൻ എന്ന റെക്കോർഡാണ് ഹിറ്റ്മാൻ തന്റെ പേരിൽ ചേർത്തിരിക്കുന്നത്. തിങ്കളാഴ്ച ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരെ രോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യ വിജയം നേടിയിരുന്നു. ഇതിനു പിന്നാലെ ചൊവ്വാഴ്ച ശ്രീലങ്കയോടും ഇന്ത്യ വിജയം സ്വന്തമാക്കി. ഇതോടെയാണ് രോഹിത് അപൂർവ റെക്കോർഡിന് അർഹനായത്.

തങ്ങളുടെ ബദ്ധശത്രുക്കളായ പാക്കിസ്ഥാനുമായുള്ള വമ്പൻ മത്സരത്തിനു ശേഷം കേവലം മണിക്കൂറുകളുടെ ഇടവേളയിലാണ് ശ്രീലങ്കയുമായി ഇന്ത്യ രണ്ടാം സൂപ്പർ 4 മത്സരത്തിനായി ഇറങ്ങിയത്. ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരം ഞായറാഴ്ചയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ മത്സരത്തിന്റെ 25ആം ഓവറിൽ വില്ലനായി മഴയെത്തി. ഇതേ തുടർന്ന് മത്സരം റിസർവ് ദിവസമായ തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. തലേന്ന് നടന്ന മത്സരത്തിന്റെ ബാക്കിയായാണ് തിങ്കളാഴ്ച മത്സരം ആരംഭിച്ചത്. തിങ്കളാഴ്ചയും മഴയെത്തിയെങ്കിലും അത് മത്സരത്തെ ബാധിച്ചില്ല. ഇരു ടീമുകൾക്കും മത്സരത്തിൽ 50 ഓവറുകൾ വീതം ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചു.

ഇന്ത്യ മത്സരത്തിൽ 356 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കുകയുണ്ടായി. എന്നാൽ പാകിസ്ഥാൻ ഇത് ചെയ്സ് ചെയ്യുന്നതിൽ പരാജയപ്പെട്ടു. മത്സരത്തിൽ 32 ഓവറുകൾ ബാറ്റ് ചെയ്ത പാകിസ്ഥാൻ വെറും 128 റൺസ് മാത്രമായിരുന്നു നേടിയത്. മത്സരം അവസാനിച്ചത് തിങ്കളാഴ്ച രാത്രി 10.56ന് ആയിരുന്നു. ശേഷം അധികം വിശ്രമം എടുക്കാനുള്ള സമയം പോലും ലഭിക്കാതെ ഇന്ത്യയ്ക്ക് ചൊവ്വാഴ്ച മൈതാനത്ത് ഇറങ്ങേണ്ടി വന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ മത്സരം ആരംഭിച്ചത്. ഇങ്ങനെ തുടർച്ചയായ മൂന്ന് ദിവസങ്ങളിലാണ് ഇന്ത്യയ്ക്ക് നിരന്തരം മൈതാനത്ത് ഇറങ്ങേണ്ടി വന്നത്.

തിങ്കളാഴ്ച പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഒരുപാട് സമയം ഫീൽഡ് ചെയ്യേണ്ടി വന്നതിനാൽ, ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇത് കളിക്കാർക്ക് വലിയ ആശ്വാസം നൽകി. ശ്രീലങ്കയുമായുള്ള മത്സരത്തിൽ 41 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സ്പിന്നിന് അനുകൂലമായ പിച്ചിൽ വളരെ പക്വതയോടെ കളിച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഇന്ത്യ ഏഷ്യാകപ്പിന്റെ ഫൈനലിൽ ഇടം പിടിച്ചിട്ടുമുണ്ട്. ഇതിനൊപ്പമാണ് രോഹിത് ശർമയ്ക്ക് അത്യപൂർവ്വമായ ഈ റെക്കോർഡ് കൈവന്നിരിക്കുന്നത്.