സൂര്യ കടന്നുപോകുന്നത് മോശം സമയത്തിലൂടെ. തിരിച്ചുവരുമെന്ന് രോഹിത് ശർമ

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ 3 മത്സരങ്ങളിലും പൂജ്യനായിയായിരുന്നു സൂര്യകുമാർ യാദവ് മടങ്ങിയത്. പരമ്പരയിൽ കേവലം മൂന്ന് പന്തുകൾ മാത്രം നേരിട്ട സൂര്യകുമാർ മൂന്നു പന്തുകളിലും അടിയറവു പറയുകയാണുണ്ടായത്. ആദ്യ രണ്ടു മത്സരങ്ങളിലും മിച്ചൽ സ്റ്റാർക്കിന്റെ കിടിലൻ ഇൻസിങ്ങറിൽ സൂര്യകുമാർ വിക്കറ്റിനു മുൻപിൽ കുടുങ്ങുകയായിരുന്നു. ചെന്നൈയിൽ നടന്ന മൂന്നാം മത്സരത്തിൽ ആഷ്ടൻ ഏഗർക്ക് മുൻപിൽ സൂര്യ മുട്ടുമടക്കുകയുണ്ടായി. ഇതിനുശേഷം സൂര്യയുടെ മത്സരത്തിലെ പ്രകടനത്തെ സംബന്ധിച്ച് ഒരുപാട് വിമർശനങ്ങളും പൊട്ടിപ്പുറപ്പെട്ടു. സൂര്യയുടെ ഈ മോശം പ്രകടനത്തെ പറ്റി ഇന്ത്യയുടെ നായകൻ രോഹിത് ശർമ പത്രസമ്മേളനത്തിൽ സംസാരിക്കുകയുണ്ടായി.

സൂര്യകുമാർ ഇപ്പോൾ കടന്നു പോകുന്നത് മോശം സമയത്തിലൂടെയാണ് എന്നായിരുന്നു രോഹിത് ശർമ പറഞ്ഞത്. “പരമ്പരയിൽ സൂര്യകുമാർ കളിച്ചത് കേവലം മൂന്നുപന്തുകൾ മാത്രമാണ്. ഈ മൂന്നു പന്തുകളുടെ അടിസ്ഥാനത്തിൽ അയാളുടെ കാര്യങ്ങൾ എങ്ങനെയാണ് നിർണയിക്കുക എന്ന് എനിക്കറിയില്ല. മൂന്നാം മത്സരത്തിൽ സൂര്യകുമാർ പുറത്തായ പന്ത് അത്ര മികച്ചതായി എനിക്ക് തോന്നിയില്ല. മോശം ഷോട്ട് സെലക്ഷനാണ് മൂന്നാം മത്സരത്തിൽ സൂര്യ പുറത്താകാൻ കാരണമായത്. അയാൾ ആ പന്തിൽ മുൻപിലേക്ക് കയറി കളിക്കേണ്ടതായിരുന്നു.”- രോഹിത് ശർമ പറയുന്നു.

rohit sharma press

“സൂര്യകുമാർ സ്പിന്നിനെതിരെ നല്ല രീതിയിൽ കളിക്കുന്ന ക്രിക്കറ്ററാണ്. അതുകൊണ്ടുതന്നെയാണ് നമ്മൾ സൂര്യയെ പലപ്പോഴും ടീമിൽ ഉൾപ്പെടുത്തുന്നത്. അവസാന 15-20 ഓവറുകളിൽ മികച്ച രീതിയിൽ കളിക്കാൻ സൂര്യയ്ക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഈ പരമ്പരയിൽ കേവലം മൂന്നു പന്തുകളേ സൂര്യയ്ക്ക് നേരിടാൻ സാധിച്ചു എന്നത് നിർഭാഗ്യം തന്നെയാണ്. അത് എല്ലാവർക്കും സംഭവിക്കാവുന്നതാണ്. കഴിവും നിലവാരവും അയാളിൽ എല്ലായിപ്പോഴുമുണ്ട്. ഇത്തരമൊരു സമയത്തിലൂടെയാണ് അയാൾ ഇപ്പോൾ കടന്നു പോകുന്നത് എന്ന് മാത്രം.”- ശർമ കൂട്ടിച്ചേർത്തു.

surya golden duck

2022ൽ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്കായി അഴിഞ്ഞാടിയ ക്രിക്കറ്ററാണ് സൂര്യകുമാർ. 2022ലെ ട്വന്റി20 ലോകകപ്പിലടക്കം ഇന്ത്യയുടെ വജ്രായുധമായിരുന്നു സൂര്യ. എന്നാൽ ഏകദിന ക്രിക്കറ്റിൽ ഇതുവരെ മികച്ച ഒരു ഇന്നിംഗ്സ് കാഴ്ചവയ്ക്കാൻ സൂര്യയ്ക്ക് സാധിച്ചിട്ടില്ല. പലപ്പോഴും ആക്രമണപരമായി ബോളിനെ നേരിടുന്ന സൂര്യ ഏകദിന ക്രിക്കറ്റിന് ഉതകുന്ന കളിക്കാരനാണോ എന്നത് വലിയ ചോദ്യമായി തന്നെ ഉയർന്നിട്ടുണ്ട്.

Previous articleപരാജയകാരണം വെളിപ്പെടുത്തി രോഹിത്. ശക്തമായ തിരിച്ചു വരവിനൊരുങ്ങി ഇന്ത്യ.
Next articleമറ്റേത് കളിക്കാരനാണ് ഇത്രയധികം അനീതിക്ക് ഇരയായത്? സഞ്ജു ഫോം ഔട്ടായാൽ നിർത്താതെ സംസാരിക്കുന്നവർ എന്തുകൊണ്ട് സൂര്യക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല?