സമീപകാലത്ത് ഇന്ത്യയുടെ ട്വന്റി20 ടീമിൽ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ച വെച്ചിട്ടുള്ളത്. ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും സെഞ്ച്വറികൾ സ്വന്തമാക്കി ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലാവാൻ സഞ്ജു സാംസണ് സാധിച്ചിരുന്നു.
ജനുവരി 22ന് ആരംഭിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജു സാംസൺ തന്നെ വിക്കറ്റ് കീപ്പറായി ടീമിൽ കളിക്കണമെന്നാണ് മുൻ ഇന്ത്യൻ പരിശീലകനായ സഞ്ജയ് ബംഗാർ പറയുന്നത്. റിഷഭ് പന്തിന് ഇനിയും ഇന്ത്യയുടെ ട്വന്റി20 ടീമിൽ സാധ്യതകളില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബംഗാർ.
ഇന്ത്യയുടെ ട്വന്റി20 ടീമിൽ ഇതിനോടകം തന്നെ സ്ഥാനമുറപ്പിക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട് എന്നാണ് ബംഗാർ പറയുന്നത്. “നിലവിലെ ഇന്ത്യൻ ടീമിൽ ഒരു വിക്കറ്റ് കീപ്പർക്ക് മാത്രമാണ് സ്ഥാനം ലഭിക്കുക. കഴിഞ്ഞ സമയങ്ങളിൽ തനിക്ക് ലഭിച്ച എല്ലാ അവസരങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിച്ച താരം സഞ്ജു സാംസണാണ്. അതിനൊരു തെളിവാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ സഞ്ജുവിന്റെ പ്രകടനം. എന്തായാലും ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യ 2 വിക്കറ്റ് കീപ്പർമാരെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യത വളരെ കുറവാണ്.”- ബംഗാർ പറയുന്നു.
“ഇന്ത്യയുടെ ട്വന്റി20 ടീമിൽ ഇടംപിടിക്കാൻ സാധ്യതയുള്ള ഒരു താരം തിലക് വർമയാണ്. നിലവിൽ മികച്ച ഫോമിലാണ് തിലക് കളിക്കുന്നത്. മാത്രമല്ല അവനൊരു ഇടംകയ്യൻ ബാറ്ററാണ്. അതുകൊണ്ട് തന്നെ ഇടംകയ്യൻ ബാറ്റർ എന്ന നിലയിൽ ചിന്തിച്ചാലും ഇന്ത്യയ്ക്ക് ഇതുപോലെ ഒരുപാട് ബാറ്റർമാരുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യ റിഷഭ് പന്തിനെയും ഇനിയും ട്വന്റി20 ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യതയില്ല.”- ബംഗാർ കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞ സമയങ്ങളിൽ സഞ്ജുവിന്റെ ട്വന്റി20 റെക്കോർഡുകൾ അവിശ്വസനീയം തന്നെയായിരുന്നു. ഇന്ത്യക്കായി കളിച്ച അവസാന 5 ട്വന്റി20 മത്സരങ്ങളിൽ നിന്നും 3 സെഞ്ചുറികളാണ് സഞ്ജു സ്വന്തമാക്കിയത്.
ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ 47 പന്തുകളിൽ നിന്ന് 111 റൺസ് ആണ് സഞ്ജു സാംസണ് നേടാൻ സാധിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ 107 റൺസും അവസാന മത്സരത്തിൽ 109 റൺസും നേടി സഞ്ജു സാംസൺ എല്ലാവരെയും ഞെട്ടിച്ചിരുന്നു. സഞ്ജുവിന്റെ സ്ഥിരത അടക്കമുള്ള കാര്യങ്ങൾക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച മുൻ താരങ്ങൾക്ക് ബാറ്റ് ഉപയോഗിച്ച് സഞ്ജു മറുപടി നൽകുകയാണ് ചെയ്തത്.