വളരെ അപൂര്‍വ്വമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ ഒരു ഫാസ്റ്റ് ബോളര്‍ എത്തുന്നത്. കപിൽ ദേവിന് ശേഷം ഇതുവരെ ഒരു ഫാസ്റ്റ് ബോളറും ഇന്ത്യന്‍ നായകനായിട്ടില്ലാ. ഇപ്പോഴിതാ രോഹിത് ശര്‍മ്മക്ക് കോവിഡ് ബാധിച്ചതിനാല്‍ ജസ്പ്രീത് ബുംറ ഇന്ത്യയുടെ ക്യാപ്റ്റനായി ഔദ്യോഗികമായി നിയോഗിക്കപ്പെട്ടേക്കും എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ്മയും കൊവിഡ് ബാധിച്ച് വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലും പരിക്ക് മൂലം പുറത്തായതിനാൽ, എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ഒരു ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ബുംറയുടെ ആദ്യ ടെസ്റ്റായിരിക്കാം. ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻസിയായി ബുംറക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. അവസരം വന്നാൽ ഇന്ത്യൻ നായകസ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്ന് അന്ന് ജസ്പ്രീത് ബുംറ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
പിന്നീടുള്ള സാധ്യതകള്‍ മുന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തുമാണ്. നേരത്തെ കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടില്‍ പര്യടനം നടത്തുമ്പോള്‍ വീരാട് കോഹ്ലിയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. അതേ സമയം സൗത്താഫ്രിക്കന്‍ ടി20 പരമ്പരയില്‍ റിഷഭ് പന്തായിരുന്നു ക്യാപ്റ്റന്‍. എന്നാല്‍ റിഷഭിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാന്‍ ആയട്ടില്ലാ എന്നാണ് വിലയിരുത്തല്‍.
പരമ്പരയില്‍ ഇന്ത്യ 2- 1 ന് ഇന്ത്യ മുന്നിലാണ്. മത്സരം സമനിലയാവുകയോ വിജയിക്കുകയോ ചെയ്താല്‍ 2007 നു ശേഷം ആദ്യമായി ഇംഗ്ലണ്ടില്‍ പരമ്പര വിജയം നേടാം.