കുറച്ചധികം കാലമായി ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന ബോളറാണ് ബുമ്ര. ഒരുകാലത്ത് ഇന്ത്യയ്ക്ക് പേസ് ബോളിംഗ് എന്നത് വലിയ ദുർബലമായ മേഖലയായിരുന്നു. പക്ഷേ ഇതിനെ മറികടക്കാൻ ഇന്ത്യയെ ബൂമ്ര സഹായിച്ചിട്ടുണ്ട്. നിലവിൽ ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് ബൂമ്ര.
ഇപ്പോൾ ബൂമ്രയെ ഇതിഹാസ താരം വസീം അക്രവുമായി താരതമ്യം ചെയ്ത് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ലക്ഷ്മിപതി ബാലാജി. അക്രമിന് ശേഷം ഏഷ്യൻ ഉപഭൂഖണ്ഡം കണ്ട ഏറ്റവും മികച്ച ബോളറാണ് ബൂമ്ര എന്ന് ബാലാജി തുറന്നുപറയുന്നു. ബൂമ്രയുടെയും അക്രത്തിന്റെയും സാമ്യതകൾ തുറന്നുകാട്ടിയാണ് ബാലാജി സംസാരിച്ചത്.
“വസീം അക്രം ഒരു അവിശ്വസനീയ ബോളർ ആയിരുന്നു. അതേപോലെ തന്നെയാണ് ബൂമ്രയും. ഇരുവർക്കും ഒരുപാട് സാമ്യതകളുണ്ട്. ഇരുവരും ഫാസ്റ്റ് ബോളിങ്ങിന്റെ ഘടന പൂർണ്ണമായും മാറ്റിമറിച്ചവരാണ്. അവരുടെ ശരീരത്തിന്റെ മുകൾഭാഗം അത്രമാത്രം ശക്തമാണ്. ഫോളോത്രൂവിൽ അവർ ശ്രദ്ധിക്കുന്നില്ല. റണ്ണപ്പിലൂടെ അവർ ഒന്നുംതന്നെ നേട്ടം ഉണ്ടാക്കുന്നില്ല. എല്ലാ പ്രത്യേകതയും അവരുടെ പന്തെറിയുന്ന കയ്യിൽ നിന്നാണ് ഉണ്ടാവുന്നത്. അവരുടെ കൈക്കുഴയും, വിരലുകളും ഒക്കെയാണ് അവരെ മികച്ചതാക്കുന്നത്.”
“കൃത്യത, വേഗത, യോർക്കർ എറിയാനുള്ള കഴിവ്, ബോളിന്റെ പേസ് മാറ്റിമറിക്കാനുള്ള കഴിവ്, ആംഗിളുകൾ സൃഷ്ടിക്കാനുള്ള കഴിവ് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെയും ഇരുബോളർമാരും മികച്ചതാണ്. അതുകൊണ്ടുതന്നെയാണ് ഇരുവർക്കും പിച്ചന്റെ സാഹചര്യങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ച്, തങ്ങളുടേതായ രീതിയിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിക്കുന്നത്.”- ബാലാജി പറയുന്നു.
“ഏഷ്യയിലെ ഏറ്റവും മികച്ച ബോളറാണ് വസീം അക്രം. ശേഷം ഇപ്പോൾ അടുത്ത മികച്ച ബോളറായി ബൂമ്ര മാറിയിരിക്കുന്നു. കൃത്യമായ തന്ത്രങ്ങളോടെ ബാറ്റർമാർക്ക് നേരിടാൻ ബുദ്ധിമുട്ടുള്ള പന്തുകൾ അക്രം എറിഞ്ഞിരുന്നു. 1992 ലോകകപ്പിന്റെ ഫൈനലിൽ അക്രം 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. ശേഷം 2003 വരെ അക്രത്തിന്റെ ഒരു പകർന്നാട്ടമാണ് മൈതാനത്ത് കണ്ടിരുന്നത്. എന്റെ അഭിപ്രായത്തിൽ ഇതാണ് ബൂമ്രയുടെ സമയം. ഈ ലോകകപ്പിൽ ഇന്ത്യൻ ടീമിനെ തന്റെ ഒറ്റക്കൈയാല്‍ വിജയിപ്പിക്കാൻ ബുമ്രയ്ക്ക് സാധിച്ചാൽ, അടുത്ത കുറച്ചു വർഷങ്ങൾ അവന് അവന്റേതായി മാറ്റാനും സാധിക്കും.”- ബാലാജി കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ സമയത്ത് വലിയൊരു സർജറിക്ക് ശേഷമാണ് ബൂമ്ര ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തിയത്. ഇതിനെപ്പറ്റിയും ബാലാജി സംസാരിക്കുകയുണ്ടായി. “ഇപ്പോൾ സയൻസ് കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട് എന്ന കാര്യം എനിക്കറിയാം. സാങ്കേതികവിദ്യയിലും ഒരുപാട് പുരോഗതികളുണ്ട്.
എന്നിരുന്നാലും ഒരു സർജറിക്ക് ശേഷം 6 മാസം ആവുന്നതിന് മുൻപ് ടീമിൽ തിരിച്ചെത്തി കൃത്യമായി പ്രകടനം കാഴ്ചവയ്ക്കുക എന്നത് അവിശ്വസനീയമാണ്. കാരണം ഇത്തരം സർജറികൾ ഉണ്ടാവുമ്പോൾ സാധാരണയായി ബോളർമാർക്ക് തങ്ങളുടെ പേസ് നഷ്ടപ്പെടുകയും ആത്മവിശ്വാസം നശിക്കുകയും ചെയ്യാറുണ്ട്. പക്ഷേ ബൂമ്ര സർജറിക്ക് ശേഷം കൂടുതൽ ശക്തനായിരിക്കുന്നു.”- ബാലാജി പറഞ്ഞു വയ്ക്കുന്നു.