ടി20 ലോകകപ്പിനു മുന്നോടിയായി പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ ടീം. കഴിഞ്ഞ ദിവസം വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ 13 റണ്‍സിന് ഇന്ത്യ വിജയിച്ചു. മത്സര ശേഷം ഇന്ത്യന്‍ ബോളര്‍മാര്‍ റണ്‍സ് വഴങ്ങുന്നതിനെ പറ്റി രവിചന്ദ്ര അശ്വിന്‍ പറഞ്ഞു.
“ബോളര്‍മാര്‍ റണ്‍സ് വഴങ്ങുന്നു എന്ന് പറയാം. പക്ഷെ മനസിലാക്കേണ്ട ഒരു കാര്യം ഇന്ത്യയില്‍, ചെറിയ മൈതാനങ്ങളാണ്. ഓസ്ട്രേലിയയിലേക്ക് എത്തുമ്പോള്‍ ബൗണ്ടറികള്‍ വലുതാണ്. ബോളര്‍മാര്‍ക്ക് തന്ത്രങ്ങള്‍ പരീക്ഷിക്കാന്‍ കൂടുതല്‍ അവസരം ഒരുങ്ങുകയും ചെയ്യും,” അശ്വിന്‍ വ്യക്തമാക്കി.
“സാഹചര്യങ്ങള്‍ മനസിലാക്കുക എന്നത് പ്രധാനമാണ്. ഏത് ലെങ്തില്‍ പന്തെറിയണം, റിസ്ക് എടുക്കാന്‍ കഴിയുന്ന അവസരങ്ങളില്‍ അതിന് തയാറാകണം. പുതുതായി എല്ലാം ആരംഭിക്കുക, ഒന്നില്‍ നിന്ന് തുടങ്ങുക,” അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ആറ് തവണെയാണ് ഇന്ത്യ, ഒരു ടി20 മത്സരത്തില്‍ 200ല്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയിരിക്കുന്നത്. പേസ് കുന്തമുനയായ ജസ്പ്രീത് ബുംറ ഇല്ലാതെയാണ് ഇന്ത്യ ടി20 ലോകകപ്പില്‍ പങ്കെടുക്കുക.