ഇനി ഞാൻ ഇന്ത്യൻ ക്രിക്കറ്ററല്ല, വെറും ‘ഇന്ത്യക്കാരൻ’. വിരമിക്കൽ സൂചന നൽകി ഇന്ത്യന്‍ താരം

ഒരുകാലത്ത് ഇന്ത്യൻ ടീമിന്റെ സ്വിങ് വിപ്ലവമായിരുന്നു ഭുവനേശ്വർ കുമാർ. ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്തു വരുന്ന ഭൂവിയുടെ ബോളുകളുടെ ദിശ നിർണയിക്കുക എന്നത് ലോകോത്തര നിലവാരമുള്ള ബാറ്റർമാർക്ക് പോലും സാധിക്കാത്തതാണ്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിന് പുറത്താണ്. മോശം ഫോമും മറ്റു സാഹചര്യങ്ങളും ഭുവനേശ്വർ കുമാറിനെ ഇന്ത്യൻ ടീമിന്റെ പുറത്താക്കിയിരുന്നു.

തന്റെ തിരിച്ചുവരവിനായി അങ്ങേയറ്റം ശ്രമിക്കുന്നുണ്ടെങ്കിലും ഭുവനേശ്വറിന് അത് ഇതുവരെ സാധ്യമായിട്ടില്ല. ഇതിന് പിന്നാലെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വലിയൊരു മാറ്റം വരുത്തിയിരിക്കുകയാണ് ഭുവനേശ്വർ കുമാർ. തന്റെ ബയോയിൽ നിന്ന് ‘ഇന്ത്യൻ ക്രിക്കറ്റർ’ എന്ന വാക്ക് മാറ്റി ‘ഇന്ത്യൻ’ എന്ന് മാത്രമാണ് ഭുവനേശ്വർ കുമാർ ഇപ്പോൾ ഇട്ടിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണോ ഭുവനേശ്വർ ഇത്തരത്തിൽ മാറ്റം വരുത്തിയത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

bhuvaneshwar vs sa

‘ഇന്ത്യൻ ക്രിക്കറ്റർ’ എന്നതിനുപകരം ‘ഇന്ത്യൻ’ എന്ന് ബയോയിൽ ചേർത്തതോടുകൂടി ഒരുപാട് അഭ്യൂഹങ്ങൾ ഭുവനേശ്വർ കുമാറിനെ സംബന്ധിച്ച് ഉയരുന്നുണ്ട്. ഇനിയെന്താണ് ഭൂവിയുടെ ഭാവി തീരുമാനങ്ങൾ എന്നതിന്റെ സൂചനയാണ് ബയോയിലെ ഈ മാറ്റം എന്ന് പലരും പറയുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളോട് ഇതുവരെ ഭുവനേശ്വർ പ്രതികരിച്ചിട്ടില്ല. ഒരുപക്ഷേ ഇന്ത്യൻ ടീമിൽ തുടർച്ചയായി കളിക്കാൻ സാധിക്കാത്തതിന്റെ നിരാശ മൂലമവും ഭുവനേശ്വർ ഇങ്ങനെ ചെയ്തത് എന്നാണ് ഒരുപക്ഷം ആരാധകർ പറയുന്നത്.

2022 നവംബറിലായിരുന്നു ഭുവനേശ്വർ കുമാർ ഇന്ത്യക്കായി അവസാനമായി കളിച്ചത്. ന്യൂസിലാൻഡിനെതിരായ ട്വന്റി20 മത്സരത്തിലാണ് ഭുവനേശ്വർ അവസാനമായി കളിച്ചിരുന്നത്. ശേഷം 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദ് ടീമിനായി 14 മത്സരങ്ങളിലും അണിനിരക്കാനും ഭുവനേശ്വറിന് സാധിച്ചിരുന്നു.

എന്നാൽ ഇന്ത്യൻ ടീമിലേക്ക് തിരികെ വരാൻ തക്കതായ പ്രകടനങ്ങൾ ഐപിഎല്ലിൽ കാഴ്ചവയ്ക്കാൻ ഭുവനേശ്വറിന് സാധിച്ചില്ല. അതിനാൽ തന്നെ ഇന്ത്യൻ ടീമിലേക്കുള്ള ഭൂവിയുടെ മടങ്ങിവരവ് മങ്ങലിലായി. മാത്രമല്ല ഉമ്രാൻ മാലിക്ക് അടക്കമുള്ള പേസ് ബാറ്ററികൾ ഒരു വശത്ത് മികച്ച പ്രകടനം നടത്തുന്നതും ഭുവനേശ്വറിന്റെ ടീമിലേക്കുള്ള മടങ്ങിവരവിനെ ബാധിച്ചിരുന്നു.

എന്തായാലും ഭുവനേശ്വർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അർഹമായ രീതിയിൽ വിടവാങ്ങൽ നൽകണം എന്നാണ് ആരാധകരുടെ പക്ഷം. ഇന്ത്യക്കായി 21 ടെസ്റ്റ് മത്സരങ്ങളും 121 ഏകദിനങ്ങളും 87 ട്വന്റി20 മത്സരങ്ങളുമാണ് ഈ സ്റ്റാർ ബോളർ കളിച്ചിട്ടുള്ളത്

Previous articleലോകകപ്പ് ടീമിൽ കളിക്കാൻ സൂര്യയ്ക്ക് ഈ കളി പോര.. ഇത് തുടർന്നാൽ അവൻ പുറത്തിരിക്കും – ആകാശ് ചോപ്ര.
Next articleടോസ് ഭാഗ്യം വിന്‍ഡീസിന്. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഹര്‍ദ്ദിക്ക് ടീമിനെ നയിക്കും.