രാജസ്ഥാൻ കൈവിട്ടാൽ സഞ്ജുവിന് ചേക്കേറാൻ കഴിയുന്ന ബെസ്റ്റ് ടീമുകൾ.

2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലം നടക്കാൻ പോവുകയാണ്. മലയാളി താരം സഞ്ജു സാംസൺ തന്റെ ഫ്രാഞ്ചസിയായ രാജസ്ഥാൻ റോയൽസിൽ ഇത്തവണ കളിക്കുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. സഞ്ജുവിനെ രാജസ്ഥാൻ ടീം കൈവിടാൻ സാധ്യതയുണ്ട് എന്ന റിപ്പോർട്ടുകൾ ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്.

രാജസ്ഥാൻ റോയൽസ് എന്ന ടീമിന് ഇത്രമാത്രം ആരാധക പിന്തുണ ഉണ്ടാക്കി കൊടുത്തതിൽ സഞ്ജു സാംസണിന്റെ പങ്ക് വളരെ വലുതാണ്. അതിനാൽ സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. പക്ഷേ രാജസ്ഥാൻ ടീം സഞ്ജുവിനെ കയ്യൊഴിയുകയാണെങ്കിൽ സഞ്ജുവിനെ സംബന്ധിച്ച് മറ്റുള്ളവയിൽ ഏതായിരിക്കും മികച്ച ടീം എന്ന് പരിശോധിക്കാം.

രാജസ്ഥാൻ കൈവിടുകയാണെങ്കിൽ സഞ്ജുവിനെ സംബന്ധിച്ച് മികച്ച ഓപ്ഷൻ ചെന്നൈ സൂപ്പർ കിങ്സ് ടീം തന്നെയാണ്. ചെന്നൈയുടെ ഇതിഹാസ താരമായ മഹേന്ദ്രസിംഗ് ധോണി വിരമിക്കലിലേക്ക് അടുത്തിരിക്കുകയാണ്. 43കാരനായ ധോണി ഇനിയും ഒരു ഐപിഎൽ സീസൺ കളിക്കുമോ എന്ന കാര്യം സംശയമാണ്. അതിനാൽ ധോണി ഇല്ലെങ്കിൽ പകരം ആ റോളിൽ സഞ്ജുവിന് കളിക്കാൻ സാധിക്കും. പക്ഷേ ചെന്നൈ ടീമിൽ എത്തിയാൽ സഞ്ജുവിന് നായകസ്ഥാനം ലഭിക്കാൻ സാധ്യത വളരെ കുറവാണ്. നിലവിൽ യുവതാരമായ ഋതുരാജ് ആണ് ചെന്നൈ സൂപ്പർ കിങ്സിന്റെ നായകൻ. ഇനി വരുന്ന സീസണുകളിലും ഋതുരാജ് തന്നെ ചെന്നൈയെ നയിക്കാനാണ് സാധ്യത.

ഈ സാഹചര്യത്തിൽ ചെന്നൈ ടീമിൽ എത്തിയാലും ഋതുരാജിന് കീഴിൽ സഞ്ജുവിന് കളിക്കേണ്ടി വരും. എന്നിരുന്നാലും യുവതാരങ്ങൾക്ക് പരമാവധി അവസരം നൽകുന്ന ടീം തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. അതേസമയം സഞ്ജു ആഗ്രഹിക്കുന്നത് വിക്കറ്റ് കീപ്പിങ്ങിനൊപ്പം ക്യാപ്റ്റൻസി കൂടെയാണെങ്കിൽ ഏറ്റവും അനുയോജ്യമായ ടീം പഞ്ചാബ് കിംഗ്സാണ്. പഞ്ചാബിന്റെ നിലവിലെ ക്യാപ്റ്റനായ ശിഖർ ധവാൻ ഇപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ധവാൻ ഐപിഎല്‍ കളിക്കുന്നില്ലെങ്കില്‍ സഞ്ജുവിന് ടീമിന്റെ നായകനായി തന്നെ പഞ്ചാബിൽ കളിക്കാൻ സാധിക്കും.

പക്ഷേ ഒരു ഫ്രാഞ്ചൈസി എന്ന നിലയിൽ വളരെ മോശം റെക്കോർഡുകളാണ് പഞ്ചാബ് കിങ്സിനുള്ളത്. ഇതുവരെയും ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടം സ്വന്തമാക്കാൻ പഞ്ചാബിന് സാധിച്ചിട്ടില്ല. മിക്ക സീസണുകളിലും പ്ലേയോഫ് കാണാതെയാണ് പഞ്ചാബ് പുറത്താവാറുള്ളത്. സഞ്ജു നായകനായി എത്തിയാലും ഈ നിർഭാഗ്യം വേട്ടയാടാനും സാധ്യതയുണ്ട്. എന്നാൽ 2025 മെഗാ ലേലത്തിൽ പഞ്ചാബ് മികച്ച ഒരു ടീമിനെ സ്വന്തമാക്കുകയും സഞ്ജുവിനെ ക്യാപ്റ്റനായി അണിനിരത്തുകയും ചെയ്താൽ അത് അവർക്ക് ഗുണം ചെയ്യും. ഇവർക്കൊപ്പം ഡൽഹി ക്യാപിറ്റൽസ്, ലക്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകളും സഞ്ജുവിനെ സംബന്ധിച്ച് അനുയോജ്യമാണ്.

Previous articleചാമ്പ്യൻസ് ട്രോഫിയിൽ രോഹിതിനൊപ്പം ആര് ഓപ്പണ്‍ ചെയ്യണം ? 3 പേര്‍ ഇതാ
Next articleസഞ്ജു പടിയിറങ്ങിയാൽ രാജസ്ഥാന് നായകനാക്കാൻ കഴിയുന്ന 3 താരങ്ങൾ.