ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം രണ്ടാം ടെസ്റ്റിലും ഇന്ത്യൻ ബാറ്റർ ശുഭ്മാൻ ഗിൽ വലിയ ഇന്നിംഗ്സ് കാഴ്ചവയ്ക്കാതെ മടങ്ങുകയുണ്ടായി. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം ഭേദപ്പെട്ട തുടക്കം തന്നെയായിരുന്നു ഗില്ലിന് ലഭിച്ചത്. ആദ്യ സമയങ്ങളിൽ തന്നെ ഇംഗ്ലണ്ട് ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ ഗില്ലിന് സാധിച്ചിരുന്നു.
എന്നാൽ വലിയ ഒരു ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്ന തിടുക്കത്തിൽ ജെയിംസ് ആൻഡേഴ്സന്റെ പന്തിൽ കീപ്പർ ഫോക്സിന് ക്യാച്ച് നൽകി ഗിൽ മടങ്ങുകയായിരുന്നു. 46 പന്തുകളിൽ 34 റൺസ് മാത്രമാണ് ഗിൽ മത്സരത്തിൽ നേടിയത്. ഇതോടുകൂടി ഗില്ലിന് വലിയൊരു മുന്നറിയിപ്പ് നൽകുകയാണ് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി.
ഒരുപാട് വമ്പൻ താരങ്ങൾ മത്സരത്തിന് പുറത്തു നിൽക്കുകയാണെന്നും, അതിനാൽ തന്നെ ഇപ്പോൾ ടീമിൽ കളിക്കുന്ന യുവതാരങ്ങൾ കൃത്യമായി അവസരം മുതലെടുക്കണമെന്നുമാണ് രവി ശാസ്ത്രി പറയുന്നത്. പ്രധാനമായും ഇന്ത്യയുടെ വെറ്ററൻ ബാറ്ററായ പൂജാര രഞ്ജി ട്രോഫി മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ഗില്ലിന് വലിയൊരു മുന്നറിയിപ്പ് ശാസ്ത്രി നൽകിയത്. ഇപ്പോൾ കളിക്കുന്നത് ഒരു യുവ ഇന്ത്യൻ ടീമാണ്. എന്നാൽ ഈ യുവ താരങ്ങളൊക്കെയും തങ്ങളുടെ കഴിവ് കൃത്യമായി തെളിയിക്കേണ്ടതുണ്ട്. പൂജാര കാത്തിരിക്കുകയാണ് എന്ന കാര്യം മറക്കരുത്. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനമാണ് പുജാര കാഴ്ച വെക്കുന്നത്. തീർച്ചയായും ഇന്ത്യൻ ടീമിന്റെ റഡാറിലുള്ള താരമാണ് പൂജാര. “- ശാസ്ത്രി പറഞ്ഞു.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഇതുവരെ വളരെ മികച്ച പ്രകടനങ്ങളാണ് പൂജാര കാഴ്ച വെച്ചിട്ടുള്ളത്. സൗരാഷ്ട്ര ടീമിനായി ഒരു ഡബിൾ സെഞ്ച്വറിയടക്കം സ്വന്തമാക്കാൻ പൂജാരയ്ക്ക് സാധിച്ചിരുന്നു. മാത്രമല്ല ടീമിനായി ഒരുപാട് റൺസ് പുജാര ഇതിനോടകം തന്നെ വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്.
7 ഇന്നിംഗ്സുകളിൽ നിന്ന് 89.66 ശരാശരിയിൽ 538 റൺസ് പൂജാര രഞ്ജി ട്രോഫിയിൽ സ്വന്തമാക്കി കഴിഞ്ഞു. മറുവശത്ത് ഗില്‍ കഴിഞ്ഞ മത്സരങ്ങളിലൊന്നും തന്നെ വലിയ സ്കോറുകൾ സ്വന്തമാക്കിയിട്ടില്ല. അനാവശ്യമായ മനോഭാവത്തിൽ ഗില്ലിന്റെ വിക്കറ്റ് പൊഴിയുകയാണ് പലപ്പോഴും ഉണ്ടാവുന്നത്.
മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യക്ക് മികച്ച തുടക്കം തന്നെയാണ് ഓപ്പണർ ജയസ്വാൾ നൽകിയിരിക്കുന്നത്. ഒന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ഇന്ത്യ 336 ന് 6 എന്ന നിലയിലാണ്. സെഞ്ച്വറി സ്വന്തമാക്കിയ ജയസ്വാൾ ക്രീസിൽ തുടരുകയാണ്.
ഇതുവരെ 257 പന്തുകൾ നേരിട്ട ജയസ്വാൾ 179 റൺസാണ് നേടിയിട്ടുള്ളത്. രണ്ടാം ദിവസവും ശക്തമായ ബാറ്റിംഗ് പ്രകടനം നടത്തി ഇംഗ്ലണ്ട് ടീമിനെ സമ്മർദ്ദത്തിലാക്കാനാണ് ഇന്ത്യയുടെ ശ്രമം. നിലവിൽ പിച്ച് ബാറ്റിംഗിന് അനുകൂലമാണ്.