അങ്ങനെ ഇന്ത്യക്കാർ വിദേശലീഗുകളിൽ കളിച്ച് അവ വളർത്തണ്ട. ഇന്ത്യൻ താരങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ ബിസിസിഐ.

വിദേശ ലീഗുകളിൽ കളിക്കാനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് കടിഞ്ഞാണിടാൻ ബിസിസിഐ തയ്യാറാവുന്നതായി റിപ്പോർട്ട്. ജൂലൈ ഏഴിന് അപ്പക്സ് കൗൺസിൽ മീറ്റിംഗ് നടക്കാനിരിക്കെ കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളാൻ ഒരുങ്ങുകയാണ് ബിസിസിഐ ഇപ്പോൾ. വിദേശത്തു നടക്കുന്ന ട്വന്റി20 ലീഗുകളിൽ ഇന്ത്യൻ കളിക്കാരെ പങ്കെടുപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് ഇപ്പോൾ ബോർഡ് ശ്രമിക്കുന്നത്. ഇന്ത്യയുടെ താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കുന്നതും, ഒപ്പം വിദേശ ലീഗുകൾ ഒരുപാട് ശ്രദ്ധയാകർഷിക്കുന്നതും ബിസിസിഐക്ക് ആശങ്കയുണ്ടാക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ ഇന്ത്യൻ ഫ്രാഞ്ചൈസി നിക്ഷേപകർ തന്നെയാണ് മറ്റു ലീഗുകളിൽ ഭൂരിഭാഗവും ധനസഹായങ്ങൾ നൽകുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ഒരു വലിയ സംഖ്യ നേടിയെടുക്കാൻ ഈ നിക്ഷേപകർക്ക് സാധിക്കുന്നുണ്ട്. ശേഷം ഈ ഫ്രാഞ്ചൈസികൾ, ലഭിച്ച ലാഭം ഉപയോഗിച്ച് മറ്റു ട്വന്റി20 ടൂർണമെന്റുകളിൽ ടീമുകൾ ഇറക്കുന്നു. ഇത്തരം പ്രവർത്തി മറ്റു ലീഗുകളുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇത് നിയന്ത്രിക്കുക എന്ന ലക്ഷ്യമാണ് ബിസിസിഐക്ക് ഇപ്പോഴുള്ളത്. ഇതിന്റെ ഭാഗമായി യുഎഇയിൽ നടക്കുന്ന ഐഎൽടി20, അമേരിക്കയിൽ നടക്കാനിരിക്കുന്ന മേജർ ലീഗ് ക്രിക്കറ്റ് തുടങ്ങിയ ലീഗുകളിലെ ഇന്ത്യൻ സാന്നിധ്യങ്ങളെ സംബന്ധിച്ച് ബിസിസിഐ കുറിച്ച് കൂടുതൽ നിയമങ്ങൾ സ്ഥാപിച്ചേക്കും.

നിലവിൽ, വിരമിച്ച പല ഇന്ത്യൻ താരങ്ങളും മറ്റു ലീഗുകളിൽ കളിക്കുന്നുണ്ട്. ബിസിസിഐയുമായുള്ള കോൺട്രാക്ട് അവസാനിപ്പിച്ച ശേഷം ഈ താരങ്ങൾ വിദേശ ട്വന്റി20 ലീഗുകളിൽ കളിക്കാൻ തയ്യാറാവുന്നു. സുരേഷ് റെയ്ന, അമ്പട്ടി റായുഡു, റോബിൻ ഉത്തപ്പാ തുടങ്ങിയവരാണ് ഇത്തരം കളിക്കാർ. ഭാവിയിൽ വിദേശ ലീഗുകളിൽ കളിക്കണമെങ്കിൽ ഇന്ത്യൻ ബോർഡിൽ നിന്ന് ഈ താരങ്ങൾ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങേണ്ടിവരും. അത്തരത്തിലാണ് നിയമം ക്രമീകരിക്കാൻ ബിസിസിഐ തയ്യാറാവുന്നത്. കളിക്കാർക്ക് മാത്രമല്ല വിദേശ ട്വന്റി20 ലീഗ് ടീമുകളിലെ പരിശീലകർക്കും ബിസിസിഐ ഈ നിയമം ബാധകമാക്കാൻ തയ്യാറാവുന്നു.

ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനുശേഷം വിദേശ ലീഗുകളിൽ ചേരുന്ന കളിക്കാരുടെ പ്രവർത്തി തടയാനാണ് ബിസിസിഐയുടെ ഈ നീക്കം. ഇതോടൊപ്പം വിരമിച്ച ശേഷം കളിക്കാർക്ക് കൂളിംഗ് ഓഫ് പീരീഡ് നിയമം കൊണ്ടുവരാനും ബിസിസിഐ തയ്യാറാകുന്നുണ്ട്. ശേഷം സൈദ് മുഷ്തഖ് അലീ ട്രോഫിയിലെ ഇമ്പാക്ട് പ്ലയെർ നിയമങ്ങളിൽ മാറ്റം വരുത്താനും ബിസിസിഐ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. സൈദ് മുഷ്താഖ് അലി ട്രോഫിയിലെ മുഴുവൻ നിയമങ്ങളും ഐപിഎൽ പോലെ തന്നെ സൃഷ്ടിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. എന്തായാലും പുതിയ മാറ്റങ്ങൾ ഇന്ത്യൻ ക്രിക്കറ്റിനെ എങ്ങനെ ബാധിക്കും എന്നത് നോക്കിക്കാണേണ്ടതാണ്.

Previous articleക്യാപ്റ്റനായി ശിഖാര്‍ ധവാന്‍. കോച്ചാവുന്നത് വിവിഎസ് ലക്ഷ്മണ്‍ – റിപ്പോര്‍ട്ട്
Next articleവിൻഡിസിനെതിരെ രണ്ടും കൽപ്പിച്ച് സഞ്ജു.. കൊച്ചിയിൽ കഠിനപ്രയത്നത്തിൽ, ലക്ഷ്യം ലോകകപ്പ്.