ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മുംബൈ-മധ്യപ്രദേശ് രഞ്ജി ട്രോഫി ഫൈനലിൽ ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡിആർഎസ്) എന്തുകൊണ്ടാണ് ഇല്ലാത്തത് എന്ന് പലരും ചോദിക്കുന്ന ചോദ്യമാണ്. മധ്യപ്രദ്ദേശ് സീമർ ഗൗരവ് യാദവിന്റെ എൽബിഡബ്ല്യു അപ്പീലിൽ നിന്ന് മുംബൈ ബാറ്റർ സർഫറാസ് ഖാൻ രക്ഷപ്പെട്ടിരുന്നു, ജീവന്‍ കിട്ടിയ താരം ഈ സീസണിലെ തന്റെ നാലാമത്തെ സെഞ്ചുറിയാണ് അടിച്ചത്. 243 പന്തിൽ 134 റൺസ് നേടിയാണ് താരം കളം വിട്ടത്.
2019–20 രഞ്ജി ട്രോഫി സെമിഫൈനലുകളിലും ഫൈനലിലും ബിസിസിഐ പരീക്ഷിച്ച പുതിയ നിയമമായിരുന്നു ‘ലിമിറ്റഡ് ഡിആർഎസ്’. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഉപയോഗിക്കുന്ന ഈ സാങ്കേതിക വിദ്യയുടെ രണ്ട് അവശ്യ ഘടകങ്ങളായ ഹോക്ക്-ഐയും അൾട്രാ എഡ്ജും ഡിആർഎസിന്റെ ഈ നിയന്ത്രിത പതിപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല. 2018–19 സീസണിലെ രഞ്ജി ട്രോഫി സെമിഫൈനലിൽ കർണാടകയ്‌ക്കെതിരെ ചേതേശ്വര്‍ പൂജാരയ്ക്ക് രണ്ട് ലൈഫ്‌ലൈനുകൾ ലഭിച്ചതിനെ തുടർന്നായിരുന്നു ഈ തീരുമാനം. ആ മത്സരത്തില്‍ കർണാടക തോൽവി ഏറ്റുവാങ്ങിയിരുന്നു.
“ഞങ്ങൾ ഞങ്ങളുടെ അമ്പയർമാരിൽ വിശ്വസിക്കുന്നു. ഡിആർഎസ് ഉപയോഗിക്കുന്നത് ചെലവേറിയതാണ്. ചെലവുകൾ കുതിച്ചുയരുന്നു. ഫൈനലിൽ ഡിആർഎസ് ഇല്ലെങ്കിൽ അത് എങ്ങനെ പ്രസക്തമാകും? ഞങ്ങൾ അമ്പയർമാരെ വിശ്വസിക്കുന്ന സമയമാണിത്. ഇന്ത്യയുടെ രണ്ട് മികച്ച അമ്പയർമാരാണ് (കെഎൻ അനന്തപത്മനാഭനും വീരേന്ദർ ശർമ്മയും) ഈ കളി നിയന്ത്രിക്കുന്നത്. നിങ്ങൾ ഡിആര്‍എസ് ഫൈനലിൽ ഉപയോഗിക്കുകയാണെങ്കിൽ, രഞ്ജി ട്രോഫിയുടെ ലീഗ് ഘട്ടത്തിലും ഇത് കൊണ്ടുവരേണ്ടി വരും ”ഒരു മുൻ ഇന്ത്യൻ താരം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മീഡിയ റൈറ്റ്സ് 48,340 കോടി രൂപയ്ക്ക് വില്‍ക്കുന്നതിന് മുമ്പ് തന്നെ ക്രിക്കറ്റ് ലോകത്തെ ഏറ്റവും സമ്പന്നമായ ബോര്‍ഡ് ബി.സി.സി.ഐ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മീഡിയ റൈറ്റ്സ് വിറ്റ് കിട്ടുന്ന പണം മികച്ച അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിക്കാന്‍ ബോര്‍ഡ് നോക്കുകയാണെന്നും സംസ്ഥാന അസോസിയേഷനുകള്‍ക്കും വലിയൊരു തുക അനുവദിക്കുമെന്നും ബി.സി.സി.ഐ തലവന്‍ സൗരവ് ഗാംഗുലി അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഡിആര്‍എസിനായി മുടക്കുന്ന തുക വളരെ വലുതാണ് എന്ന കാരണത്താല്‍ ഒഴിവാക്കുകയാണ് ബിസിസിഐ