ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏവരും വളരെ ആകാംക്ഷയോടെയാണ് ഇനി വരാനിരിക്കുന്ന ഇന്ത്യൻ ടീമിന്റെ എല്ലാ മത്സരങ്ങളെയും സമീപിക്കുന്നത്. വളരെ നിർണായകമായ ടെസ്റ്റ് പരമ്പരകളും ഐസിസി ലോക ടി :20 ലോകകപ്പും ഐപിൽ പതിനാലാം സീസണിലെ ബാക്കി മത്സരങ്ങളും എല്ലാം ഈ വർഷം തന്നെ നടക്കുവാനിരിക്കെ ഇന്ത്യൻ ആരാധകർ ആവേശത്തിലും ഒപ്പം ആശങ്കയിലുമാണ്. പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ എട്ട് വിക്കറ്റിന്റെ തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിനും നായകൻ കോഹ്ലിക്കും നിരാശ മറ്റുവാൻ ഇംഗ്ലണ്ടിനെതിരായ ഓഗസ്റ്റിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പര പ്രധാനമാണ്. നിലവിൽ ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ സ്‌ക്വാഡിന് വലിയ തിരിച്ചടി നൽകിയാണ് സ്റ്റാർ ഓപ്പണർ ഗിൽ പരിക്ക് കാരണം നാട്ടിലേക്ക് മടങ്ങുന്നത്.
എന്നാൽ ശുഭ്മാൻ ഗില്ലിന്റെ ഗുരുതരമായ പരിക്കിനൊപ്പം ആരാധകരെ ഇപ്പോൾ ഞെട്ടിക്കുന്നത് ബിസിസിഐയുടെ പുതിയ തീരുമാനമാണ്. ഇംഗ്ലണ്ടിന് എതിരെ ടെസ്റ്റ് പരമ്പര കളിക്കുവാനായി ഗില്ലിന് പകരം പൃഥ്വി ഷാ, ദേവദത്ത് പടിക്കൽ എന്നിവരെ അയക്കണമെന്ന ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ആവശ്യം ബിസിസിഐ തള്ളിയെന്നാണ് നിലവിലെ സൂചനകൾ. ഇപ്പോൾ ലങ്കക്ക് എതിരെ ഏകദിന, ടി :20 പരമ്പരകൾ കളിക്കുവാൻ ഒരുങ്ങുന്ന രണ്ട് താരങ്ങളെയും ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലേക്ക് ഇപ്പോൾ അയക്കേണ്ടയെന്നാണ് ബിസിസിഐ നിലപാട്. ഗിൽ പരിക്ക് കാരണം ടെസ്റ്റ് പരമ്പര കളിക്കില്ലായെന്ന് ഏകദേശം ഉറപ്പോയത്തോടെ നായകൻ കോഹ്ലിയും രവി ശാസ്ത്രിയും ഷാ, പടിക്കൽ എന്നിവർ ഇംഗ്ലണ്ടിൽ പകരക്കാരായി ടീമിലേക്ക് എത്തുവാനുള്ള അപേക്ഷ ബിസിസിഐ മുൻപാകെ ജൂൺ 27ന് ഇ -മെയിൽ വഴി നൽകിയെന്നുള്ള ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
അതേസമയം ഗില്ലിന് പകരം സ്‌ക്വാഡിൽ മായങ്ക് അഗർവാൾ, ഹനുമാ വിഹാരി, ലോകേഷ് രാഹുൽ എന്നിവർ ടീമിലുണ്ട് എന്നാണ് പലരുടെയും അഭിപ്രായം. ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്തത് നായകൻ കോഹ്ലിയുമായി വിശദ ചർച്ചകൾ നടത്തിയാണെന്ന് നിലപാട് എടുത്ത സെലക്ഷൻ കമ്മിറ്റി താരങ്ങളെ എങ്ങനെ എല്ലാം ഉപയോഗിക്കണമെന്നതിൽ ടീം മാനേജ്മെന്റിന് വ്യക്തമായ ധാരണയുണ്ട് അതിനാൽ കൂടുതൽ താരങ്ങളെ ഇനി സ്‌ക്വാഡിലേക്ക് അനുവദിക്കേണ്ടയെന്നും ബിസിസിഐ ആലോചിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.ഓഗസ്റ്റ് നാലിന് ആദ്യ ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്.