ലോകകപ്പിലെ സെമിഫൈനലിലെ തകർപ്പൻ വിജയവുമായി പാക്കിസ്ഥാൻ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ന്യൂസിലാൻഡിനെതിരെ 7 വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്നലെ പാക്കിസ്ഥാൻ സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട് കൊണ്ട് തുടങ്ങിയ പാക്കിസ്ഥാൻ സെമിഫൈനൽ പോലും കാണാതെ പുറത്താകും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ ഞെട്ടിച്ച കുതിപ്പ് ആയിരുന്നു പാക്കിസ്ഥാൻ ലോകകപ്പിൽ നടത്തിയത്.
ലോകകപ്പിലെ രണ്ടാം സെമിഫൈനൽ പോരാട്ടത്തിൽ ഇന്നാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നത്. ഇന്ന് ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തി കഴിഞ്ഞാൽ ലോകകപ്പിൽ എല്ലാ ക്രിക്കറ്റ് ആരാധകരും ഒരുപോലെ ആഗ്രഹിക്കുന്ന സ്വപ്ന കലാശ പോരാട്ടം ആയിരിക്കും മെൽബണിൽ നടക്കുക. സെമിഫൈനലിന്റെ വിജയത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ കലാശ പോരാട്ടത്തിൽ ഇന്ത്യയാണ് എതിരാളിയെങ്കിൽ എന്തായിരിക്കും തങ്ങളുടെ തന്ത്രം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ നായകൻ ബാബർ അസം.
“സെമിഫൈനലിൽ ഞങ്ങളുടെ എതിരാളികൾ ആരായാലും ഞങ്ങളുടെ തന്ത്രം ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ല. എന്തു തന്നെയായാലും ഞങ്ങളുടെ കഴിവിന്‍റെ 100% ഞങ്ങൾ നൽകും. ലോകകപ്പ് ഫൈനലിൽ സമ്മർദം എന്തുതന്നെയായാലും ഉണ്ടാകും. എന്നാൽ അതിനെ മറികടന്നു കൊണ്ട് ഞങ്ങൾ പോരാടും. ഞങ്ങൾ ഈ ഫൈനലിൽ എത്തിയിരിക്കുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ സന്ദർഭങ്ങൾ മറികടന്നാണ്. അങ്ങനെ ഞങ്ങൾ ഇവിടെ എത്തിയെങ്കിൽ തീർച്ചയായും പേടിയില്ലാതെ ആയിരിക്കും ഞങ്ങൾ കളിക്കുക. ഞങ്ങളുടെ അവസാന മൂന്നു നാല് മത്സരങ്ങളിലെ പ്രകടനങ്ങൾ പോലെ കലാശ പോരാട്ടത്തിലും ആ പ്രകടനം തുടരാൻ ഞങ്ങൾ ശ്രമിക്കും.
ഫൈനലിൽ ഞങ്ങൾ ആർക്കെതിരെ കളിച്ചാലും ഞങ്ങൾ സന്തോഷവാരാണ്. ന്യൂസിലാൻഡിനെതിരായ ഞങ്ങളുടെ പ്രകടനത്തിൽ സന്തോഷമുണ്ട്. ആദ്യം തന്നെ നന്ദി പറയേണ്ടത് ദൈവത്തോട്. അവർക്കെതിരെ എല്ലാ മേഖലയിലും പാക്കിസ്ഥാൻ മികച്ച കളി പുറത്തെടുത്തു. ഗ്രൂപ്പ് ഘട്ടത്തിലെ സൗത്താഫ്രിക്കക്കെതിരായ മത്സരത്തിനു ശേഷം ടീം മികച്ച നിലയിലേക്ക് തിരിച്ചുവന്നു. ആ പ്രകടനം തുടർന്ന ഞങ്ങൾക്ക് ഇനി ആകെ അവശേഷിക്കുന്നത് ഒരു മത്സരം മാത്രമാണ്. അതുകൊണ്ടുതന്നെ ആ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനും ഞങ്ങൾ ശ്രദ്ധിക്കും.”- ബാബർ അസം പറഞ്ഞു