ഏഷ്യാകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ നായകൻ രോഹിത് ശർമ കാഴ്ചവച്ചത്. മത്സരത്തിൽ 56 റൺസാണ് രോഹിത് സ്വന്തമാക്കിയത്. 49 പന്തുകൾ നേരിട്ടായിരുന്നു രോഹിത്തിന്റെ ഈ പ്രകടനം. രോഹിത്തിന്റെ ഇന്നിംഗ്സിൽ 6 ബൗണ്ടറികളും 4 പടുകൂറ്റൻ സിക്സറുകളുമാണ് ഉൾപ്പെട്ടത്. ഈ ഇന്നിംഗ്സോടുകൂടി സിക്സർ നേട്ടത്തിൽ ഒരു അപൂർവ്വ റെക്കോർഡ് രോഹിത് സ്വന്തമാക്കിയിരിക്കുകയാണ്. ഏഷ്യാകപ്പിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ താരം എന്ന ഷാഹിദ് അഫ്രിദിയുടെ റെക്കോർഡിനൊപ്പം എത്തിച്ചേരാൻ രോഹിതിന് സാധിച്ചിട്ടുണ്ട്.
ഏഷ്യാകപ്പ് ടൂർണമെന്റുകളിൽ ഏറ്റവുമധികം സിക്സർ നേടിയ താരം എന്ന റെക്കോർഡ് മുൻ പാക്കിസ്ഥാൻ ഇതിഹാസമായ ഷാഹിദ് അഫ്രീദിയ്ക്കായിരുന്നു. ഈ നേട്ടത്തിനൊപ്പമാണ് രോഹിത് ശർമ ഇപ്പോൾ എത്തിയിരിക്കുന്നത്. ഏഷ്യാകപ്പിൽ 26 പടുകൂറ്റൻ സിക്സറുകളാണ് ഇരുവരുടെയും ബാറ്റിൽ നിന്ന് പിറന്നിട്ടുള്ളത്. ശ്രീലങ്കയ്ക്കെതിരായ അടുത്ത സൂപ്പർ 4 മത്സരത്തിൽ ഒരു സിക്സർ കൂടി നേടിയാൽ അഫ്രീദിയെ മറികടന്ന് ഈ റെക്കോർഡിന്റെ അവകാശിയായി മാറാൻ രോഹിത് ശർമ്മയ്ക്ക് സാധിക്കും. അതിനുള്ള സാധ്യതകളും വളരെയധികം തന്നെയാണ്.
പാക്കിസ്ഥാനെതിരെ നാല് പടുകൂറ്റൻ സിക്സർ നേടിയതോടെ ശ്രീലങ്കയുടെ ഇതിഹാസം സനത് ജയസൂര്യയുടെ സിക്സ് റെക്കോർഡ് പിന്തള്ളിയാണ് രോഹിത് അഫ്രീദിയുടെ ഒപ്പമെത്തിയത്. 23 സിക്സറുകളാണ് സനത് ജയസൂര്യ ഏഷ്യാകപ്പ് ഏകദിന ടൂർണമെന്റിൽ നേടിയിട്ടുള്ളത്. ഇന്ത്യയുടെ മുൻ ഇടംകയ്യൻ ബാറ്റർ സുരേഷ് റെയ്ന ഏഷ്യാകപ്പിൽ 18 സിക്സറുകളുമായി ലിസ്റ്റിൽ ഉൾപ്പെടുന്നു. ഒപ്പം ഇന്ത്യയുടെ മുൻനായകൻ സൗരവ് ഗാംഗുലി, അഫ്ഗാനിസ്ഥാൻ മുൻ നായകൻ മുഹമ്മദ് നബി എന്നിവരും 14 സിക്സറുകളുമായി ലിസ്റ്റിൽ അണിനിരക്കുന്നുണ്ട്.
മാത്രമല്ല പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഒരു മറ്റൊരു തകർപ്പൻ നേട്ടം കൂടി രോഹിത് സ്വന്തമാക്കിയിരുന്നു. നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇടംകയ്യൻ പേസ് ബോളർമാരിൽ ഒരാളാണ് ഷാഹിൻ അഫ്രീദി. അഫ്രീദിക്കെതിരെ ഒരു അന്താരാഷ്ട്ര ഏകദിന മത്സരത്തിൽ ആദ്യ ഓവറിൽ സിക്സർ നേടുന്ന താരം എന്ന ബഹുമതി രോഹിത്തിനെ തേടി എത്തിയിട്ടുണ്ട്. എന്തായാലും ഏഷ്യാകപ്പിൽ ഒരു തകർപ്പൻ തുടക്കം തന്നെയാണ് രോഹിത് ശർമയ്ക്ക് ലഭിച്ചിട്ടുള്ളത്.