സെഞ്ച്വറിമാൻ രാഹുൽ, പാകിസ്ഥാനെ പഞ്ഞിക്കിട്ട് 100.. വിമർശിച്ചവർക്ക് ബാറ്റുകൊണ്ട് മറുപടി

ഇന്ത്യൻ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവ് അതിഗംഭീരമാക്കി കെഎൽ രാഹുൽ. കഴിഞ്ഞകാലങ്ങളിൽ പരിക്കു മൂലം ടീമിൽ നിന്ന് മാറി നിന്ന രാഹുലിന്റെ ഒരു അത്യുഗ്രൻ ബാറ്റിംഗ് പ്രകടനമാണ് പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഏഷ്യാകപ്പ് മത്സരത്തിൽ കാണാൻ സാധിച്ചത്. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറിയാണ് രാഹുൽ സ്വന്തമാക്കിയത്. വളരെക്കാലമായി പരിക്കിന്റെ പിടിയിലായിരുന്ന രാഹുൽ താൻ ഏകദിന ലോകകപ്പിന് സജ്ജനാണ് എന്ന് ഈ ഇന്നിങ്സിലൂടെ തുറന്നുകാട്ടിയിരിക്കുകയാണ്.

മത്സരത്തിൽ ടോസ് നഷ്ടപെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി തകർപ്പൻ കൂട്ടുകെട്ട് തന്നെയാണ് ഓപ്പണർമാർ നൽകിയത്. ഇതിന് ശേഷമായിരുന്നു കെഎൽ രാഹുൽ ക്രീസിലെത്തിയത്. തന്റെ ഇന്നിംഗ്സിന്റെ ആദ്യ സമയത്ത് പിച്ച് നന്നായി പരിശോധിച്ചാണ് രാഹുൽ ആരംഭിച്ചത്. ഒരു സമയത്ത് രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് വളരെ കുറവായിരുന്നു. എന്നാൽ ക്രമേണ രാഹുൽ തന്റെ പ്രതാപകാല ഫോമിലേക്ക് തിരികെയെത്തി. കൃത്യമായ രീതിയിൽ പാകിസ്ഥാന്റെ പേസ് നിരയെ നേരിട്ടാണ് രാഹുൽ മുന്നേറിയത്. വിരാട് കോഹ്ലിയുമൊത്ത് ഒരു ശക്തമായ കൂട്ടുകെട്ട് ഇന്ത്യക്കായി മൂന്നാം വിക്കറ്റിൽ കെട്ടിപ്പടുക്കാനും രാഹുലിന് സാധിച്ചു.

മത്സരത്തിൽ 100 പന്തുകൾ നേരിട്ടാണ് കെ എൽ രാഹുൽ തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്. അന്താരാഷ്ട്ര ഏകദിനങ്ങളിലെ രാഹുലിന്റെ 6ആം സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്. പാക്കിസ്ഥാനെതിരായ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു രാഹുൽ കാഴ്ചവച്ചത്. അതിനാൽ തന്നെ പരിക്കിന് ശേഷം ടീമിലേക്ക് തിരികെ എത്തുമ്പോഴും രാഹുലിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുകയുണ്ടായി. എന്നാൽ എല്ലാത്തിനും മറുപടി കൊടുത്ത ഇന്നിങ്സാണ് പാക്കിസ്ഥാനെതിരെ രാഹുൽ കാഴ്ച വച്ചിരിക്കുന്നത്. മാത്രമല്ല മത്സരത്തിൽ ഇന്ത്യയെ വളരെ ശക്തമായ നിലയിൽ എത്തിക്കാനും രാഹുലിന് സാധിച്ചിട്ടുണ്ട്.

മത്സരത്തിലേക്ക് കടന്നു വന്നാൽ ഇന്ത്യൻ മുൻനിരയുടെ കൃത്യമായ ആധിപത്യം തന്നെയാണ് കാണാൻ സാധിച്ചത്. രോഹിത് ശർമ, ശുഭമാൻ ഗിൽ, വിരാട് കോഹ്ലി, കെ എൽ രാഹുൽ എന്നിവരെല്ലാം അഴിഞ്ഞാടിയപ്പോൾ ഇന്ത്യ നിശ്ചിത 50 ഓവറുകളിൽ മികച്ച സ്കോർ ആണ് മത്സരത്തിൽ നേടിയിരിക്കുന്നത്. പിച്ച് ബാറ്റിംഗിന് അനുകൂലമാണെങ്കിലും ഇത്ര വലിയൊരു സ്കോർ പിന്തുടർന്ന് ജയിക്കാൻ പാകിസ്ഥാന് സാധിക്കുമോ എന്നത് വലിയ ആശങ്കയാണ്. മറുവശത്ത് ഇന്ത്യയെ സംബന്ധിച്ച് 2023 ലോകകപ്പിന് മുൻപ് ആത്മവിശ്വാസം വർധിപ്പിക്കാൻ ഇത്തരത്തിലുള്ള ബാറ്റിംഗ് പ്രകടനം സഹായകരമായിരിക്കുന്നു.