2023 ഏഷ്യാകപ്പിന്റെ ഫൈനൽ മത്സരം ഇന്നാണ് നടക്കുന്നത്. കലാശ പോരാട്ടത്തിൽ ഇന്ത്യ കരുത്തരായ ശ്രീലങ്കയെ നേരിടും. കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ പതിവുപോലെതന്നെ മഴ ഭീഷണിയായി എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപ് മത്സരങ്ങൾ കൊളംബോയിൽ നിശ്ചയിച്ചതിനെതിരെ വലിയ രീതിയിലുള്ള വിമർശനം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നേരിട്ടിരുന്നു. ശ്രീലങ്കയിലെ ഏറ്റവുമധികം മഴ ലഭിക്കുന്ന സമയത്ത് മത്സരങ്ങൾ കൊളംബോയിൽ നിശ്ചയിച്ചത് എസിസിയുടെ ഭാഗത്തുനിന്ന് വന്ന പിഴവാണ് എന്ന് പലരും വാദിക്കുകയുണ്ടായി. എന്നിരുന്നാലും സൂപ്പർ 4 മത്സരങ്ങളിൽ മഴ ഏറെക്കുറെ മാറിനിൽക്കുകയുണ്ടായി. എന്നാൽ ഫൈനലിൽ മഴ വലിയ ഭീഷണി ഉണ്ടാക്കുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്.
കാലാവസ്ഥ റിപ്പോർട്ട് പ്രകാരം ഞായറാഴ്ചയും കൊളംബോയിൽ മഴക്കുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. പുലർച്ചെ മുതൽ പല സമയങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതകൾ രേഖപ്പെടുത്തിയിട്ടുണ്ട്. മത്സരം ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്. ഉച്ചയ്ക്ക് ശേഷവും രണ്ടുതവണ ഇടിയോട് കൂടിയ മഴയുണ്ടാകും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നു. കൊളംബോയിൽ രാവിലെ 10 മണി, ഉച്ചയ്ക്ക് 1 മണി, വൈകിട്ട് 6 മണി, 8 മണി, 10 മണി എന്നീ സമയങ്ങളിൽ ഇടിയോട് കൂടിയ മഴയുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മത്സരം 3 മണിക്കാണ് ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ മത്സരം മഴമൂലം വൈകാൻ സാധ്യതയുണ്ട്.
2023 ഏഷ്യാകപ്പിന്റെ ഫൈനൽ മത്സരം മഴമൂലം ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും എന്നത് വലിയ സംശയമാണ്. ഇന്ത്യ- പാകിസ്ഥാൻ മത്സരം പോലെ തന്നെ ഏഷ്യാകപ്പിന്റെ ഫൈനലിനും ഒരു റിസർവ് ഡേയുണ്ട്. ഞായറാഴ്ച മത്സരം മഴമൂലം മുടങ്ങുകയാണെങ്കിൽ തിങ്കളാഴ്ച മത്സരം പുനരാരംഭിക്കും. ഞായറാഴ്ച എത്ര ഓവറുകൾ കളിക്കാൻ സാധിക്കുന്നുണ്ടോ അതിന്റെ ബാക്കിയാവും തിങ്കളാഴ്ച മത്സരം നടക്കുക. ഇത് ഇരു ടീമുകൾക്കും പ്രതീക്ഷ നൽകുന്ന കാര്യമാണ്.
അതേസമയം റിസർവ് ഡേയിൽ മഴ പെയ്യുകയാണെങ്കിൽ എങ്ങനെ വിജയിയെ പ്രഖ്യാപിക്കും എന്നതും സംശയമായി നിൽക്കുന്നു. അങ്ങനെയുള്ള നിർഭാഗ്യകരമായ സാഹചര്യത്തിൽ ഇരു ടീമുകളെയും വിജയികളായി പ്രഖ്യാപിക്കുകയാണ് ചെയ്യാറ്. അതുതന്നെയാണ് ഏഷ്യാകപ്പിലും നടക്കാൻ പോകുന്നത്. മുൻപും ഇതുപോലെ വലിയ ടൂർണമെന്റുകളിൽ മഴമൂലം ഇരു ടീമുകളെയും വിജയികളായി പ്രഖ്യാപിച്ചിട്ടുണ്ട്. 2002 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഒരുമിച്ച് വിജയികളായത് മഴ മത്സരം മുടക്കിയത് മൂലമായിരുന്നു. അത്തരത്തിൽ ഒരു സാഹചര്യം നിലനിൽക്കുന്നുണ്ട്. എന്നാൽ മത്സരത്തിൽ പൂർണമായും മഴ മാറിനിൽക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.