തോൽവിയ്ക്ക് പിന്നാലെ പാക് ഡ്രെസ്സിങ് റൂമിൽ കൂട്ടയടി. ബാബർ ആസമിന് നേരെ പടയൊരുക്കം.

ezgif 1 f682f62a77

2023 ഏഷ്യാകപ്പിലേക്ക് വലിയ പ്രതീക്ഷയോടെയായിരുന്നു ബാബർ ആസമിന്റെ നേതൃത്വത്തിൽ പാകിസ്ഥാൻ ടീം എത്തിയത്. എന്നാൽ സൂപ്പർ ഫോർ മത്സരങ്ങളിൽ ഇന്ത്യയ്ക്കെതിരെയും ശ്രീലങ്കയ്ക്കെതിരെയും പരാജയം ഏറ്റുവാങ്ങി പാക്കിസ്ഥാൻ പുറത്താവുകയുണ്ടായി. ഈ പരാജയത്തിന് പിന്നാലെ പാക്കിസ്ഥാൻ ടീമിൽ വമ്പൻ തമ്മിലടി നടക്കുന്നതായാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

പാകിസ്ഥാൻ നായകൻ ബാബർ ആസമിനെതിരെ വലിയ പടയൊരുക്കം തന്നെയാണ് ടീമിൽ നടക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് ശേഷം പാക്കിസ്ഥാൻ ഡ്രസ്സിംഗ് റൂമിൽ രോക്ഷാകുലമായ ചില സംഭവങ്ങൾ നടന്നതായാണ് ബോൽന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നായകൻ ബാബർ ആസമും മറ്റു താരങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ മൂലം ഡ്രസ്സിംഗ് റൂമിൽ പല സംഭവങ്ങളും അരങ്ങേറിയതായി റിപ്പോർട്ടുകൾ പറയുന്നു. മത്സര ശേഷം സഹതാരങ്ങളോട് സംസാരിക്കുകയായിരുന്നു ബാബർ ആസാം. താരങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ കളിക്കണമെന്നാണ് ബാബർ ആസാം പറഞ്ഞത്. മത്സരത്തിൽ ഉത്തരവാദിത്വം ലേശം ഇല്ലാതെയാണ് സഹതാരങ്ങൾ കളിച്ചതെന്നും ആസം പറഞ്ഞു.

എന്നാൽ ഷാഹിൻ ഷാ അഫ്രീദി ഇതിനെ വിമർശിക്കുകയുണ്ടായി. ടീമിനായി നന്നായി പന്തെറിയുകയും ബാറ്റ് ചെയ്യുകയും ചെയ്ത താരങ്ങളെ അഭിനന്ദിക്കാനെങ്കിലും നായകൻ തയ്യാറാവണം എന്നാണ് അഫ്രീദി പറഞ്ഞത്.

അഫ്രിദിയുടെ ഈ വാക്കുകൾ ബാബർ അസമിന് ഇഷ്ടമായില്ല. ടീമിൽ ആരൊക്കെ നന്നായി കളിച്ചു എന്നതിനെപ്പറ്റി തനിക്ക് പൂർണമായ ബോധ്യമുണ്ട് എന്നാണ് ആസാം അഫ്രീദിയ്ക്ക് നൽകിയ മറുപടി. ശേഷം രണ്ടുപേരും തമ്മിൽ വലിയൊരു വാക്പോരിലേക്കാണ് മുൻപോട്ട് പോയത്. എന്നാൽ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ ഈ പ്രശ്നത്തിൽ ഇടപെടുകയും നല്ല രീതിയിൽ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Read Also -  പിച്ച് ചതിച്ചു. ബാറ്റിങ്ങിലും പരാജയപ്പെട്ടു. 25 റൺസ് കൂടെ ഉണ്ടായിരുന്നെങ്കിൽ ജയിച്ചേനെയെന്ന് സഞ്ജു.

നിലവിലെ പാകിസ്ഥാൻ ടീമിന്റെ അന്തരീക്ഷം വിളിച്ചോതുന്ന സംഭവമാണ് അരങ്ങേറിയിരിക്കുന്നത്. ഏകദിന ലോകകപ്പടക്കമുള്ള വലിയ ടൂർണമെന്റുകൾ വരാനിരിക്കുമ്പോൾ ടീമിനുള്ളിൽ തന്നെ ഇത്തരം അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നത് പാകിസ്ഥാനെ ബാധിച്ചേക്കും.

ഇത്തരം പ്രശ്നങ്ങൾ ഗുരുതരമാകുന്നതോടെ ബാബർ അസമിന്റെ നായകസ്ഥാനത്തെ കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. കഴിഞ്ഞ സമയങ്ങളിൽ നായകനെന്ന നിലയിൽ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ആസമിന് സാധിച്ചില്ല. ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാൾ എന്നാണ് ആസമിനെ എല്ലാവരും സൂചിപ്പിക്കുന്നത്. എന്നാൽ സൂപ്പർ താരമാണ് എന്നു പറയുമ്പോഴും ഏഷ്യാകപ്പിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ആസാം കാഴ്ചവച്ചത്.

ദുർബലരായ നേപ്പാളിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയത് ഒഴിച്ചാൽ ബാബർ ആസം ടൂർണ്ണമെന്റിൽ പരാജയമായിരുന്നു. ഇക്കാര്യങ്ങളൊക്കെയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇനിയുള്ള അവസരങ്ങളിൽ കണക്കിലെടുക്കും എന്ന കാര്യത്തിൽ സംശയമില്ല.

Scroll to Top