ഐപിൽ പതിനഞ്ചാം സീസണിലെ കിരീട പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ടീമിന് കാലിടറി. നിർണായക ഫൈനലിൽ ഏഴ് വിക്കെറ്റ് തോൽവിയാണ് സഞ്ജുവും ടീമും വഴങ്ങിയത്. കന്നി ഐപിൽ സീസണിൽ തന്നെ കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ് ടീം ചരിത്രം സൃഷ്ടിച്ചപ്പോൾ ഷെയ്ൻ വോണിനായി കിരീടം ആഗ്രഹിച്ച സഞ്ജുവിനും കൂട്ടർക്കും നിരാശ മാത്രമായി ഫലം.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാൻ ടീമിനായി ബട്ട്ലർ (39 റൺസ്) മാത്രമാണ് തിളങ്ങിയത്. മറ്റാർക്കും തന്നെ ഗുജറാത്തിന്റെ ബൗളിംഗ് മികവിന് മുൻപിൽ പിടിച്ചുനിൽക്കാനായി കഴിയാതെ വന്നതോടെ രാജസ്ഥാൻ റോയൽസ് തോൽവി എളുപ്പമായി. മറുപടി ബാറ്റിങ്ങിൽ പത്തൊൻപതാം ഓവറിലാണ് ഗുജറാത്ത് ജയത്തിലേക്ക് എത്തിയത്.
അതേസമയം തോൽവിക്ക് പിന്നാലെ ഇപ്പോൾ രാജസ്ഥാൻ റോയൽസ് ടീമിനെ രൂക്ഷമായി വിമർശിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സെവാഗ്. കളിയിൽ ഒരുവേള വിക്കറ്റുകൾ നേടി രാജസ്ഥാൻ അധിപത്യം നേടുമെന്നാണ് തോന്നിച്ചത് എങ്കിലും സീനിയർ താരമായ അശ്വിന് പ്രതീക്ഷിച്ച മികവിലേക്ക് തന്റെ ബൗളിങ്ങിൽ ഉയരുവാൻ കഴിയാതെ പോയതിനെയാണ് ഇപ്പോൾ സെവാഗ് ചോദ്യം ചെയ്യുന്നത്.ന്യൂ ബോളിൽ ബോള്‍ട്ടും പിന്നീട് യൂസ്വേന്ദ്ര ചഹാലും ചേർന്ന് പരമാവധി റണ്‍സ് വഴങ്ങാതെ കളിയിലേക്ക് തിരികെ എത്താൻ ശ്രമിച്ചപ്പോഴും അശ്വിന്റെ ഓവറുകളില്‍ റൺസ് എളുപ്പം വഴങ്ങിയത് രാജസ്ഥാൻ തോൽവിക്ക് കാരണമായി മാറിയെന്നാണ് മുൻ ഇന്ത്യൻ താരം സെവാഗിന്‍റെ അഭിപ്രായം.
“രാജസ്ഥാൻ ഒരിക്കലും അത്ര വലിയ ടാർഗറ്റ് അല്ല മുന്നോട്ട് വെച്ചത്. എങ്കിലും പവർപ്ലെ ഓവറുകളിൽ കൂടുതൽ വിക്കറ്റുകൾ നേടാൻ കഴിഞ്ഞിരുന്നേൽ അവർക്ക് ജയത്തിലേക്ക് എത്താനായി കഴിയുമായിരുന്നു. എന്നാൽ രവി അശ്വിന്‍റെ ഓവറുകൾ നിരാശ മാത്രമാണ് നൽകിയത്. അദ്ദേഹം തന്റെ ഓഫ് സ്പിൻ ബോളുകളിൽ തന്നെ ശ്രദ്ധിക്കണമായിരുന്നു. ഈ പിച്ചിൽ ക്യാരം ബോളുകൾ കൊണ്ട് യാതൊരു ഗുണവുമില്ല. ഗില്ലിനെയും ഹാർഥിക്ക് പാണ്ട്യയെയും ഓഫ് സ്പിൻ ബോളിൽ കൂടി കുരുക്കാനാണ് അശ്വിൻ നോക്കേണ്ടിയിരുന്നത് “വീരു തുറന്ന് പറഞ്ഞു.