ഇത്തവണത്തെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ വെറും ഒരു മത്സരം മാത്രം പരാജയപ്പെട്ട് ബാക്കി നാലു മത്സരങ്ങളും വിജയിച്ച ഇന്ത്യ ആധികാരികമായാണ് സെമിഫൈനലിൽ പ്രവേശിച്ചത്. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സിംബാബുവേക്കെതിരെ 71 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരും ബൗളർമാരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ബാറ്റിംഗിൽ കെ എൽ രാഹുലും സൂര്യകുമാർ യാദവും അർദ്ധ സെഞ്ച്വറി നേടിയപ്പോൾ ബൗളിങ്ങിൽ എറിഞ്ഞ എല്ലാവരും വിക്കറ്റുകൾ സ്വന്തമാക്കി. ആദ്യമായി ലോകകപ്പ് കളിക്കാൻ എത്തിയ അർഷദീപ് സിങ് ഒരു വിക്കറ്റ് സ്വന്തമാക്കി. രണ്ടോവറിൽ വെറും 11 റൺസ് വിട്ടുകൊടുത്താണ് താരം വിക്കറ്റ് സ്വന്തമാക്കിയത്. സിംബാബുവേ സൂപ്പർ താരം റഗിസ് ചകാബ്വയെ ക്ലീൻ ബൗൾഡാക്കിയാണ് അർഷദീപ് വിക്കറ്റ് നേടിയത്.
മത്സരത്തിൽ ആകെ ഒരു വിക്കറ്റ് ആണ് നേടിയത് എങ്കിലും തകർപ്പൻ റെക്കോർഡ് ആണ് താരം സ്വന്തമാക്കിയത്. ഒരു ഇന്ത്യൻ ബൗളർ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ വർഷം ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന കളിക്കാരൻ എന്ന റെക്കോർഡ് ആണ് താരം സ്വന്തമാക്കിയത്. ജസ്പ്രീത് ബുംറയുടെ റെക്കോർഡ് ആണ് താരം തൻ്റെ പേരിലാക്കിയത്. 2016ൽ അരങ്ങേറ്റ വർഷത്തിൽ 28 വിക്കറ്റാണ് ബുംറ സ്വന്തമാക്കിയിരുന്നത്.
ഈ വർഷം അർഷദീപ് 29 വിക്കറ്റ് ഇതുവരെ നേടിയിട്ടുണ്ട്. ലോകകപ്പിലും മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഇതുവരെ കളിച്ച അഞ്ചു മത്സരങ്ങളിൽ നിന്ന് പത്തു വിക്കറ്റ് താരം സ്വന്തമാക്കി കഴിഞ്ഞു. ലോകകപ്പിലെ ഇത്തവണത്തെ വിക്കറ്റ് വേട്ടക്കാരൻ ഒമ്പതാം സ്ഥാനത്താണ് താരം. ആദ്യ 10 സ്ഥാനങ്ങളിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഏക ഇന്ത്യൻ ബൗളറും താരം മാത്രമാണ്.