ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലും ബാറ്റിംഗിൽ പരാജയപ്പെട്ട് മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ 6 പന്തുകൾ നേരിട്ട സഞ്ജു സംസണ് കേവലം 3 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. വീണ്ടും ഇംഗ്ലണ്ടിന്റെ പേസ് ബോളർമാർക്ക് എതിരെ സഞ്ജു പതറുന്നതാണ് മത്സരത്തിൽ കണ്ടത്. ആദ്യ 2 മത്സരങ്ങളിലും സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. ആദ്യ ട്വന്റി20 മത്സരത്തിൽ 26 റൺസും രണ്ടാം മത്സരത്തിൽ 5 റൺസും മാത്രമായിരുന്നു സഞ്ജു നേടിയത്. ഇതിനെ പിന്നാലെയാണ് വീണ്ടും സഞ്ജു മോശം ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിരിക്കുന്നത്.
മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു സാംസന് ആദ്യ ബോൾ മുതൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല. സഞ്ജുവിനെതിരെ കൃത്യമായി ഷോർട്ട് ലെങ്ത്തിൽ പന്തറിയാനാണ് ഇംഗ്ലണ്ടിന്റെ പേസർമാർ ശ്രമിച്ചത്. മത്സരത്തിന്റെ മൂന്നാ ഓവറിൽ ആർച്ചർ അതേ രീതിയിൽ തന്നെ പന്തറിഞ്ഞു. ഇത് മിഡ്വിക്കറ്റിന് മുകളിലൂടെ അടിച്ചകറ്റാൻ സഞ്ജു ശ്രമിക്കുകയായിരുന്നു. എന്നാൽ സഞ്ജുവിന്റെ ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് മിഡോണിൽ നിന്ന റഷീദിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു. ഇതോടെ സഞ്ജു 6 പന്തുകളിലും 3 റൺസ് നേടി പുറത്തായി.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഫിൽ സോൾട്ടിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ട് ആയിരുന്നു ബട്ലറും ഡക്കറ്റും ചേർന്ന് ഇംഗ്ലണ്ടിനായി കെട്ടിപ്പടുത്തത്. ഇരുവരും ചേർന്ന് 76 റൺസ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തു. ഡക്കറ്റ് ഒരു തകർപ്പൻ അർത്ഥസെഞ്ച്വറിയും മത്സരത്തിൽ നേടി. 28 പന്തുകളിൽ 7 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 51 റൺസായിരുന്നു ഡക്കറ്റ് നേടിയത്. എന്നാൽ ഇരുവരും പുറത്തായശേഷം ഇംഗ്ലണ്ട് പൂർണ്ണമായും പതറി. വരുൺ ചക്രവർത്തിയുടെ വമ്പൻ ബോളുകൾക്ക് മുൻപിൽ ഇംഗ്ലണ്ട് അടിയറവ് പറയുകയായിരുന്നു.
പിന്നീട് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും വിശ്വസ്തനായ ലിയാം ലിവിങ്സ്റ്റണാണ് മത്സരത്തിൽ പ്രതീക്ഷകൾ നൽകിയത്. 24 പന്തുകളിൽ ഒരു ബൗണ്ടറിയും 5 സിക്സറുകളും അടക്കം 43 റൺസ് ലിവിങ്സ്റ്റൺ സ്വന്തമാക്കുകയുണ്ടായി. പക്ഷേ മറുവശത്ത് വരുൺ ചക്രവർത്തിയും കൂട്ടരും സർവ്വാധിപത്യം സ്ഥാപിച്ചതോടെ ഇംഗ്ലണ്ട് പതറി. 20 ഓവറുകളിൽ 171 റൺസാണ് ഇംഗ്ലണ്ടിന് നേടാൻ സാധിച്ചത്. ചക്രവർത്തി 4 ഓവറുകളിൽ 24 റൺസ് മാത്രം വിട്ടുനൽകി 5 വിക്കറ്റുകൾ ഇന്ത്യക്കായി സ്വന്തമാക്കി.



