“കാണാൻ സുന്ദരനായത് കൊണ്ട് കരിയർ നശിച്ചു, സീനിയർ താരങ്ങളുടെ അസൂയ പണിയായി”- മുൻ പാക് താരം പറയുന്നു.

കാണാൻ ഭംഗിയുള്ളതിനാലാണ് തന്റെ ക്രിക്കറ്റ് കരിയർ നശിച്ചു പോയത് എന്ന വിചിത്രവാദവുമായി മുൻ പാക്കിസ്ഥാൻ താരമായ അഹമ്മദ് ഷഹസാദ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറച്ചത് മുതൽ ഷഹസാദിന്റെ സൗന്ദര്യത്തെ സംബന്ധിച്ച് വലിയ രീതിയിൽ ചർച്ചകൾ നടന്നിരുന്നു.

ചില താരങ്ങൾ ഷഹസാദിനെ വിരാട് കോഹ്ലിയുമായി പോലും താരതമ്യം ചെയ്തിട്ടുണ്ട്. പക്ഷേ ഇതൊക്കെയും തന്റെ കരിയറിന് തിരിച്ചടി ഉണ്ടാക്കിയെന്നാണ് ഇപ്പോൾ ഷഹസാദ് പറയുന്നത്. മുതിർന്ന താരങ്ങൾ അടക്കമുള്ളവർക്ക് തന്നോട് ഇഷ്ടക്കേട് ഉണ്ടാവാൻ ഈ സൗന്ദര്യം ഒരു കാരണമായി എന്ന വിചിത്രവാദമാണ് ഷഹസാദ് ഉന്നയിച്ചിരിക്കുന്നത്.

മത്സരങ്ങളിൽ അണിനിരക്കുന്ന സമയത്ത് സീനിയർ താരങ്ങളൊക്കെയും തനിക്ക് ഭംഗിയുണ്ട് എന്നതിന്റെ പേരിൽ തന്നെ വെറുത്തിരുന്നു എന്നാണ് ഷഹദാദ് പറഞ്ഞത്. “ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നത് എനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടാക്കി. ക്രിക്കറ്റ് എന്ന കായികത്തിൽ സൗന്ദര്യം ഉണ്ടാവുക എന്നത് ചിലപ്പോൾ ഒരു ശാപമായി മാറിയേക്കാം. ഇവയ്ക്കൊപ്പം നന്നായി ഡ്രസ്സ് ചെയ്യുക, സംസാരിക്കുക എന്നതൊക്കെയും സഹതാരങ്ങൾക്ക് എല്ലായിപ്പോഴും അസംതൃപ്തി ഉണ്ടാക്കുന്നു. നമ്മൾ ടീമിൽ നിന്ന് പുറത്തു പോകാൻ പോലും ഇതൊരു കാരണമായി മാറുന്നു.”- ഷഹസാദ് പറഞ്ഞു.

“എന്റെ ഭാഗം സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടെയല്ല ഞാൻ ഇത് പറയുന്നത്. മറ്റു താരങ്ങൾക്കും ഇതേ രീതിയിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും മൈതാനത്തിനും പുറത്തും നമുക്ക് ഒരുപാട് ആരാധകർ ഉണ്ടാവുകയും ആളുകൾ നമ്മളെ അഭിനന്ദിക്കുകയും ചെയ്യുന്നത് ടീമിലെ സീനിയർ താരങ്ങൾക്ക് ഇഷ്ടക്കേടുകൾ ഉണ്ടാകാൻ ഒരു കാരണമാവും. ഞാൻ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് വന്ന ക്രിക്കറ്റർ ആയിരുന്നു. മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിച്ചതിന് പിന്നാലെ എനിക്ക് ഒരുപാട് പണവും ശ്രദ്ധയും കിട്ടാൻ ആരംഭിച്ചു. ഇതോടെ എന്റെ വ്യക്തിത്വവും സൗന്ദര്യവും മെച്ചപ്പെടുകയായിരുന്നു. പക്ഷേ എന്റെ ടീമിലുള്ള പലർക്കും അതൊന്നും ഇഷ്ടപ്പെട്ടില്ല. അവർ പല കാര്യങ്ങളും പറഞ്ഞുപരത്തി.”- ഷഹസാദ് കൂട്ടിച്ചേർക്കുന്നു.

2009ലായിരുന്നു പാക്കിസ്ഥാൻ ടീമിനായി ഷഹസാദ് അരങ്ങേറ്റം കുറിച്ചത്. 2019 ലാണ് ഷഹസാദ് തന്റെ അവസാന മത്സരം ടീമിനായി കളിച്ചത്. ഇതിന് പിന്നാലെ താരം ടീമിൽ നിന്ന് പുറത്താവുകയായിരുന്നു. പാകിസ്ഥാനായി 13 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഷഹസാദ് 982 റൺസ് സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ 81 മത്സരങ്ങളിൽ നിന്ന് 2605 റൺസാണ് ഷഹസാദിന്റെ സമ്പാദ്യം. 59 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 1471 റൺസ് സ്വന്തമാക്കാനും ഈ താരത്തിന് സാധിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ ആരംഭിച്ചതുമുതൽ ഒരുപാട് ചർച്ചാവിഷയമായ താരം കൂടിയാണ് ഷഹസാദ്.