ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം ശക്തമായ പ്രസ്താവനയുമായി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ടൂർണമെന്റിലെ താരമായി മാറാൻ അർഹതയുള്ള ക്രിക്കറ്റർ വരുൺ ചക്രവർത്തിയായിരുന്നു എന്നാണ് അശ്വിൻ പറയുന്നത്. ഇത്തവണ ഇന്ത്യയ്ക്ക് ചാമ്പ്യൻസ് ട്രോഫി കിരീടം ലഭിച്ചതിൽ വലിയൊരു പങ്കുവഹിച്ചത് ചക്രവർത്തിയുടെ നിർണായക പ്രകടനങ്ങളാണ് എന്ന് അശ്വിൻ സമ്മതിക്കുകയുണ്ടായി
ഇന്ത്യയെ സംബന്ധിച്ച് വരുൺ ചക്രവർത്തി ഒരു എക്സ് ഫാക്ടറായിരുന്നു എന്നാണ് അശ്വിൻ പറഞ്ഞത്. ഇന്ത്യയ്ക്കായി അവസാന മത്സരങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചതിന് പിന്നാലെയാണ് വരുണിനെ പുകഴ്ത്തി അശ്വിൻ രംഗത്ത് എത്തിയത്.

ഇന്ത്യയ്ക്കായി ടൂർണമെന്റിൽ എല്ലാ മത്സരങ്ങളിലും കളിക്കാൻ സാധിച്ചില്ലെങ്കിലും, കളിച്ച മത്സരങ്ങളിലൊക്കെയും ഇമ്പാക്ട് ഉണ്ടാക്കാൻ വരുൺ ചക്രവർത്തിയ്ക്ക് കഴിഞ്ഞിരുന്നു. 3 മത്സരങ്ങളാണ് ടൂർണമെന്റിൽ ഇന്ത്യയ്ക്കായി വരുൺ കളിച്ചത്. ഇതിൽ നിന്ന് 9 വിക്കറ്റുകളാണ് വരുൺ സ്വന്തമാക്കിയത്. 15.1 എന്ന ശരാശരിയിലായിരുന്നു വരുണിന്റെ നേട്ടം. ന്യൂസിലാൻഡിനെതിരെ ഗ്രൂപ്പ് സ്റ്റേജിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റുകൾ സ്വന്തമാക്കി മികവ് പുലർത്താനും വരുണിന് സാധിച്ചിരുന്നു. പിന്നാലെയാണ് അശ്വിന്റെ പ്രശംസ എത്തിയത്.
“എന്തൊക്കെ പറഞ്ഞാലും ചെയ്താലും ടൂർണമെന്റിലെ താരമായി മാറേണ്ടത് എന്റെ കാഴ്ചപ്പാടിൽ വരുൺ ചക്രവർത്തിയാണ്. ടൂർണമെന്റിലുടനീളം കളിക്കാനുള്ള അവസരം അവന് ലഭിച്ചിരുന്നില്ല. പക്ഷേ അവൻ വലിയ വ്യത്യാസമാണ് മത്സരങ്ങളിൽ ഉണ്ടാക്കിയത്. വരുൺ ചക്രവർത്തി ഇന്ത്യൻ ടീമിൽ ഇല്ലായിരുന്നുവെങ്കിൽ ഈ മത്സരങ്ങളിലൊക്കെ മറ്റൊരു ഫലമുണ്ടായേനെ എന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യക്കായി എക്സ് ഫാക്ടറായി മാറാൻ വരുണിന് സാധിച്ചു. ഞാനായിരുന്നു ജഡ്ജ് എങ്കിൽ വരുൺ ചക്രവർത്തിയെ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുത്തേനെ. അവനാണ് വലിയ വ്യത്യാസം ഉണ്ടാക്കിയത്.”- അശ്വിൻ പറയുന്നു.
“ഗൗതം ഗംഭീറിന്റെയും രോഹിത് ശർമയുടെയും കാര്യത്തിൽ ഞാൻ വളരെ സന്തോഷവാനാണ്. കാരണം വ്യത്യസ്തമായ സാഹചര്യത്തിലൂടെ ആയിരുന്നു ഗംഭീർ കടന്നുപോയിരുന്നത്. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതിന് ശേഷം പരാജയങ്ങളുണ്ടായി. എന്നാൽ ഇതിനിടെയും ചില ശക്തമായ തീരുമാനങ്ങൾ എടുക്കാൻ ഗംഭീറിന് സാധിച്ചു. ബൂമ്രയുടെ അഭാവത്തിലാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയ്ക്കായി ഇറങ്ങിയത്. ബൂമ്രയില്ലാതെ ഈ കിരീടം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.”- അശ്വിൻ കൂട്ടിച്ചേർക്കുന്നു.



